Monday, March 2, 2009

2009 ഏറ്റുമാനൂര്‍ ഉത്സവം - 1

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ 2009-ലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന കളിയുടെ വിവരണം.

മൂന്ന് ദിവസമായി ഫെബ്രുവരി 27,28 മാര്‍ച്ച് 1 എന്നീ തിയ്യതികളില്‍ മഹാദേവ സന്നിധിയില്‍ കഥകളി അരങ്ങേറി. ആദ്യ രണ്ടു ദിവസവും കോട്ടക്കല്‍ നാട്യസംഘം കഥകളി അവതരിപ്പിച്ചു.

ആദ്യമായി കോട്ടക്കലിലെ ശ്രീ. C.A വാര്യര്‍ രചിച്ച്, കോട്ടക്കല്‍ ട്രൂപ്പ് ചിട്ടപെടുത്തിയ “സമ്പൂര്‍ണ്ണ രാമായണം” ആണ് ആദ്യ ദിവസം അരങ്ങേറിയത്. “പുത്രകാമേഷ്ടി” മുതല്‍ “പട്ടാഭിഷേകം” വരെ ഉള്ള കഥ ഒരു രാത്രി കൊണ്ട് ആടണം എന്നതാണ് ഇതിലെ പ്രത്യേകത.

24 രംഗംങ്ങള്‍, 50ല്‍ മീതെ വേഷങ്ങള്‍ - ഇങ്ങനെ ആകെ സാധാരണ കാണികള്‍ക്കു ഒരു ദൃശ്യ വിരുന്നാണ് ഈ കഥ.

ദശരഥന്‍, കൈകേയി, കൌസല്യ, സുമിത്ര, വിശ്വാമിത്രന്‍, വസിഷ്ഠന്‍, ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍, അഹല്യ, താടക, ജനകന്‍, സീ‍ത, പരശുരാമന്‍, മന്ഥര, ലളിത (ശൂര്‍പ്പണഖ), കരി (ശൂര്‍പ്പണഖ), രാവണന്‍, മാരീചന്‍, പൊന്മാന്‍, സന്യാസി രാവണന്‍, ജടായു, സുഗ്രീവന്‍, ബാലി, അംഗദന്‍, താര, ഹനുമാന്‍, പ്രഹസ്തന്‍ തുടങ്ങി അനേകം കഥാപാത്രങ്ങള്‍ നമ്മുടെ മുന്നിലൂടെ “മിന്നി മറയും”. അതെ അക്ഷരാര്‍ത്ഥത്തില്‍ അതു തന്നെ.

വസിഷ്ഠന്‍ - ദേവദാസ്, ദശരഥന്‍ - ചന്ദ്രശേഖര വാര്യര്‍


വിശ്വാമിത്രന്‍ - ഹരിദാസ്, താടക - ഹരീശ്വരന്‍



അഹല്യാമോക്ഷം


പരശുരാമന്‍ - സുധീര്‍

കൈകേയി - വാസുദേവന്‍ കുണ്ടലായര്‍, മന്ഥര -ദേവദാസ്

കൈകേയി, ദശരഥന്‍, ശ്രീരാമന്‍ - ഉണ്ണികൃഷ്ണന്‍

ദശരഥനായി ചന്ദ്രശേഖര വാര്യര്‍ നല്ല പ്രകടനം ആണ് നടത്തിയത്. അതില്‍ തന്നെ പരശുരാമന്റെ മുന്നില്‍ സാധാരണ “ദയനീയ” ദശരഥന്മാരെ ആണു കാണാറ്. എന്നാല്‍ ഇവിടെ വളരെ സൌമ്യനായി സംസാരിക്കുന്ന ഒരു “ദശരഥനെ” ആണ് അദ്ദേഹം അവതരിപ്പിച്ചത്. അതു പോലെ പരശുരാമന്റെ ചവിട്ടു കൊണ്ട ദശരഥന്‍, കരയാതെ, ശ്രീരാമനോട് “ഇതിനു വേണ്ട പോലെ മറുപടി നല്‍കാന്‍“ കല്‍പ്പിക്കുന്നു. ദശരഥന്റെ പുത്രദുഃഖവും മരണവും അദ്ദേഹം നന്നായി അവതരിപ്പിച്ചു.

പരശുരാമനായി വന്ന സുധീര്‍ അഭ്യാസപ്രകടനം മാത്രമുള്ള ഒരു പരശുരാമനെ ആണ് അവതരിപ്പിച്ചത്. കഥാപാത്രത്തിനു വേണ്ടത്ര മികവ് നല്‍കാനായില്ല.

“നിണമില്ലാത്ത” നിണം : രാവണന്‍ - കേശവന്‍, ശൂര്‍പ്പണഖ - ഹരീശ്വരന്‍


രാവണന്‍ - കേശവന്‍, ജടായു - ഹരീശ്വരന്‍

സന്യാസി രാവണന്‍ - സുധീര്‍


ശ്രീരാമന്‍ പൊന്മാനിനെ പിടിക്കാന്‍ ശ്രമിക്കുന്നു

കൈകേയി ആയി എത്തിയ വാസുദേവന്‍ കുണ്ടലായര്‍ നല്ല അവതരണം തന്നെ കാഴച്ച വെച്ചു. അതു പോലെ എടുത്തു പറയണ്ട ഒരു പ്രകടനം ആണ് മന്ഥരയായി അരങ്ങത്തെത്തിയ ദേവദാസ് കാഴ്ച്ച വെച്ചത്. കഥകളിത്തം ലേശം ഇല്ലാത്ത തീര്‍ത്തും ജനകീയമായ വേഷം. അഭിനയം “ലോകധര്‍മ്മിയില്‍” ഊന്നിയായിരുന്നു. എങ്കിലും എല്ലാവരെയും തന്റെ അഭിനയ ചാരുത കൊണ്ട് രസിപ്പിക്കാന്‍ ദേവദാസിനു കഴിഞ്ഞു. നടപ്പിലും, നോട്ടത്തിലും, എന്തിനു “കലാശ” ത്തില്‍ പോലും തനി വൃദ്ധ.

ബാലി - ദേവദാസ്, സുഗ്രീവന്‍ - മുരളി

സീതയെ വെട്ടാന്‍ ഒരുങ്ങുന്ന രാവണനെ മണ്ഡോദരി തടുക്കുന്നു

ലങ്കാദഹനം : ഹനുമാന്‍ - ഹരിദാസ്


രാമ-രാവണ യുദ്ധം

കേശവന്‍ കുണ്ടലായര്‍ “രാവണനായും”, മുരളി “സുഗ്രീവനായും”, ദേവദാസ് “ബാലിയായും” രംഗത്തെത്തി. പിന്നീട് എടിത്തു പറയണ്ട ഒരു പ്രകടനം “ഹനുമാനായി” വന്ന ഹരിദാസിന്റെ ആണ്. വളരെ മനോഹരമായി തന്നെ അദ്ദേഹം ചുരുങ്ങിയ സമയം കൊണ്ട് “സമുദ്രലംഘനവും” ലങ്കാദഹനവും ആടി. എ. ഉണ്ണികൃഷണന്റെ ശ്രീരാമനും നന്നായി.


ആദ്യ ഭാഗങ്ങളിലെ സംഗീതം നാരായണനും, പിന്നീട് മധുവും നന്നായി കൈകാര്യം ചെയ്തു. വേങേരി നാരയണന്‍, സുരേഷ്, സന്തോഷ് എന്നിവരും നന്നായി പാടി. മേളവിഭാഗം പ്രസാദ്, രവി, രാധാകൃഷ്ണന്‍ എന്നിവര്‍ കൈകാര്യം ചെയ്തു.


പട്ടാഭിഷേകം

ആട്ടകഥയും സാഹിത്യവും വേറെയാണെങ്കിലും “ചിട്ട” സാധാരണ നമ്മള്‍ കണ്ട് പരിചയിച്ച പോലെ തന്നെ. പിന്നെ “സമയം” ആര്‍ക്കും ഇല്ല. ഉദാഹരണത്തിനു സുഗ്രീവന്റെ തിരനോക്കു കഴിഞ്ഞ് ആട്ടം ഇങ്ങനെ. “ഇനി വേഗം എന്റെ ശത്രുവായ ബാലിയെ പോരിനു വിളിക്കുക തന്നെ”. പിന്നെ നാലരട്ടി എടുത്തു യുദ്ധപദം. ഇവിടെ “ശ്രീരാമനോട്” സഖ്യം ചെയ്യുന്നത് പോലും ആടിയില്ല.

ധാരാളം കഥകളി കണ്ടു ശീലിച്ചവര്‍ക്ക് ഈ ആട്ടകഥ ഒരു സംതൃപ്തിയും നല്‍കില്ല. ആര്‍ക്കും ഒന്നിനും സമയം ഇല്ല. പിന്നെ നമ്മള്‍ കാണികള്‍ മാത്രം എന്തിനു സമയം കളയണം എന്നു തോന്നിപോകാം. എന്നാല്‍ കഥകളി കണ്ടുശീലിച്ചിട്ടില്ലാത്തവര്‍ക്ക് ഇത് നല്ല ഒരു വിരുന്ന് തന്നെ. അവര്‍ക്കു വേണ്ടി തന്നെയാവണം ഈ കഥ എഴുതിയതും ഇപ്പോള്‍ ആടുന്നതും.

8 comments:

Sreekanth | ശ്രീകാന്ത് said...

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക

വികടശിരോമണി said...

എന്തുപറയാനാ ശ്രീകാന്തേ?
കോട്ടക്കലെ ഓരോ തമാശകൾ!
പിന്നെ,ദേവദാസിന്റെ ഒരു പഴയകാലം ഓർത്തു.
മുരളി കോട്ടക്കലെ ഒന്നാം ചുവന്നതാടിയായുണ്ടായിരുന്നപ്പൊൾ,ദേവദാസിന്റെ സ്ഥിരം വേഷമായിരുന്നു കുചേലവൃത്തത്തിലെ വൃദ്ധ,ദുര്യോധനവധം ശകുനി-ഒക്കെ.
അതിനൊക്കെ അന്നു ഫാൻസും ഉണ്ടായിരുന്നു:)

Haree said...

സാഹിത്യം വേറെയാണോ? ഞാന്‍ കരുതിയിരുന്നത് ഇപ്പോഴുള്ള സാഹിത്യങ്ങള്‍ തന്നെ മൊത്തത്തില്‍ കൂട്ടിയിണക്കി ചിട്ട ചെയ്തതാണെന്നാണ്.

ഇനിയിപ്പോള്‍ ഈ മോഡലില്‍, നളചരിതവും സമ്പൂര്‍ണ്ണമായി ആടുമോ!!! ആടിയാലും, വേറെ സാഹിത്യമാവാതിരുന്നാല്‍ മതിയായിരുന്നു. :-)
--

Unknown said...

Dear Sree Kanth:

Your write up is nice. I used to read your posts. I like the way in which u write the reviews.

With Best Regards

Rajasekhar.P Vaikom

SunilKumar Elamkulam Muthukurussi said...

പണ്ടൊക്കെ ഞങ്ങടെ നാട്ടിൽ (കോട്ടക്കലിനടുത്തു തന്നെ) വിളിച്ചുകൂട്ടിയ കളിയല്ലാതെ കോട്ടക്കൽ ട്രൂപ്പ് കളിയാണെന്നുപറഞ്ഞാൽ ഒരു തരം പുച്ഛം ആളുകൾ‌ക്ക് കാണാമായിരുന്നു. അതുശരിവെക്കുന്ന തരത്തിലായിരുന്നു അവരുടെ പലപ്രകടനങ്ങളും. ഇന്ന് ഞാൻ അങ്ങനെയുള്ള കളികളെ കാണുന്നത് ഒരു തരം പരീക്ഷണം എന്ന നിലയിലാണ്. കളി ആദ്യമായി കാണുന്നവർക്ക് ഉള്ള ദൃശ്യവിരുന്ന്‌. ശ്രീകാന്ത് നല്ലതായി പറഞ്ഞിരിക്കുന്നു.
-സു-

SunilKumar Elamkulam Muthukurussi said...

ക്ഷമിക്കണം.

താങ്കളുടെ ബ്ലോഗ് കഥകളി ബ്ലോഗുകൾ എന്ന അഗ്രിഗേറ്ററിൽ സ്ഥാനം പിടിച്ചിട്ടുണ്ട്‌. ദയവായി പ്രസ്തുത അഗ്രിഗേറ്റർ ഉപയോഗിക്കുകയും ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

കൂടുതൽ ഇവിടെ എഴുതിയിട്ടുണ്ട്‌.

സ്നേഹപൂർവ്വം,
-സു-

Sreekanth | ശ്രീകാന്ത് said...
This comment has been removed by the author.
Sreekanth | ശ്രീകാന്ത് said...

@ വികടശിരോമണി,

നന്ദി. ദേവദാസിന്റെ പഴയ വേഷങ്ങള്‍ എനിക്കും ഓര്‍മ്മയുണ്ട്. പിന്നെ മുരളിയുടെ കാര്യം ആണ് കഷ്ടം. എത്ര നല്ല വേഷക്കാരനായിരുന്നു. വിധി :(

കുറച്ചു നാള്‍ മുന്‍പ് ആണ് ഞാന്‍ അറിഞ്ഞത്, മുരളിയുടെ എഷ്യാനെറ്റ് സമാരോഹത്തിലെ ഉത്തരാസ്വയംവരം ത്രിഗര്‍ത്തന്‍ കണ്ട്, പത്മാശാന്‍ ആരാണ് ഇത്രയും നല്ല ഒരു താടി വേഷക്കാരന്‍ എന്നു അന്വേഷിച്ച കഥ.

ഒരു 15 കൊല്ലം മുന്‍പ് തൃശ്ശൂര്‍ കഥകളി ക്ലബ്ബില്‍ കണ്ട മുരളിയുടെ ബകവധം ആശാരി ഇപ്പോളും ഓര്‍മ്മയുണ്ട്.

@ ഹരി,

നന്ദി. അങ്ങിനെ ആകില്ല എന്നു പ്രതീക്ഷിക്കുന്നു. :)

@ രാജശേഖര്‍,

വളരെ നന്ദി. :)

@ സുനില്‍,

നന്ദി. ഇപ്പോള്‍ കഥയൊക്കെ മാറി. ഇപ്പോള്‍ ഏറ്റവും നല്ലത് കോട്ടക്കല്‍ ട്രൂപ്പ് തന്നെ. യാതൊരു സംശയവും ഇല്ല. :)

പിന്നെ എന്തിനാണ്, ക്ഷമ ചോദിച്ചതെന്ന് മനസ്സിലായില്ല. :)
എന്നാല്‍ എന്തു സഹായം ആണ് ചെയ്യേണ്ടത്?