Thursday, August 20, 2009

വേദിക കിര്‍മ്മീരവധം


യുവ കലാകാരന്മാരെ പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി വേദിക 16 ആഗസ്റ്റ് 2009നു തൃശ്ശൂരില്‍ വെച്ച് “കിര്‍മ്മീരവധം” കഥകളി നടത്തുകയുണ്ടായി.

കഥാസാരം

ചൂതില്‍ തോറ്റ് വനത്തിലേക്കു പുറപ്പെട്ട പാണ്ഡവന്മാരെ അനവധി ബ്രാഹ്മണര്‍ അനുഗമിക്കുകയുണ്ടായി. കാമ്യകവനത്തിലെത്തിയപ്പോള്‍ ചുട്ടുപോള്ളുന്ന വെയിലില്‍ നടന്നുതളര്‍ന്ന പാഞ്ചാലിയെ കണ്ടു ധര്‍മ്മപുത്രര്‍ അത്യന്തം വിഷാദിച്ചു. ചൂടും വിശപ്പും കൊണ്ടു വലയുന്ന ബ്രാഹ്മണര്‍ക്ക് എങ്ങിനെ ഭക്ഷണം കൊടുക്കും എന്ന ചിന്തയാണ് പാഞ്ചാലിയെ വിഷാദിപ്പിച്ചത്.

ധര്‍മ്മപുത്രര്‍ തന്റെ കുലഗുരുവായ ധൌമ്യന്റെ ഉപദേശപ്രകാരം സൂര്യഭഗവാനെ തപസ്സുചെയ്തു പ്രത്യക്ഷമാക്കി, അക്ഷയപാത്രം നേടി. എല്ലവര്‍ക്കും വേണ്ടുന്ന ഭക്ഷണം ഇതില്‍ നിന്നു ലഭിക്കും; എന്നാല്‍ പാഞ്ചാലി അന്നന്നു ഭക്ഷണം കഴിക്കൂന്നതുവരേക്കുമാത്രം.

അങ്ങിനെ അവര്‍ കാമ്യകവനത്തില്‍ താമസിക്കുന്ന കാലത്ത് ഒരിക്കല്‍ ശ്രീകൃഷ്ണഭഗവാന്‍, പാണ്ഡവര്‍ വനവാസത്തുനു പോയി എന്നറിഞ്ഞ്, അവരെ കാണാന്‍ വനത്തിലെത്തി. ഭഗവദ്ദര്‍ശനത്താല്‍ അവര്‍ മുദിതരായി എങ്കിലും, ധാര്‍ത്തരാഷ്ട്രരുടെ നികൃതിയാല്‍ നാടുപേക്ഷിച്ച് വനവാസം ചെയ്യേണ്ടിവന്ന തങ്ങളുടെ ദുര്യോഗത്തെപ്പറ്റി ധര്‍മ്മപുത്രര്‍ ശ്രീകൃഷ്ണനോട് സങ്കടം പറഞ്ഞു.


ഇതുകേട്ട് ഭഗവാന്‍ അത്യന്തം കുപിതനായി, ദുര്യോധനാദികളെ ഉടന്‍ ഹനിക്കുന്നുണ്ടെന്നു പറഞ്ഞ്, ശത്രുനിഗ്രഹത്തിനായി സുദര്‍ശനത്തെ നിയോഗിച്ചു. സംഹാരമൂര്‍ത്തിയെ പോലെ പ്രത്യക്ഷപെട്ട സുദര്‍ശനത്തെ കണ്ടിട്ടു ധര്‍മ്മപുത്രര്‍ കൃഷ്ണനോട് ശത്രുനിഗ്രഹം ഇപ്പോള്‍ ചെയ്യേണ്ടിതില്ല എന്നുപറഞ്ഞ് സമാധനിപ്പിച്ച് ചക്രത്തെ പ്രതിസംഹരിപ്പിച്ചു. കൃഷ്ണന്‍ പാണ്ഡവരെ അനുഗ്രഹിച്ച് മടങ്ങിപ്പോയി.അവതരണ രീതിയും പ്രകടനവുംകഥകളിയില്‍ അവതരിപ്പിച്ചു ഫലിപ്പിക്കാന്‍ ഏറ്റവും വിഷമം പിടിച്ച ഒരു കഥപാത്രമാണു കിര്‍മ്മീരവധത്തിലെ ധര്‍മ്മപുത്രര്‍. “ബാലേ കേള്‍ നീ ...” എന്ന പതിഞ്ഞ പദത്തോടെയാണു തുടക്കം. അതിലെ പതിഞ്ഞ വട്ടംവച്ചു കലാശം സ്ഥായി ഒട്ടും നഷ്ടപ്പെടാതെ എടുക്കേണ്ടതാണു. ധീരോദാത്ത നായകനു ചേര്‍ന്ന രീതിയിലാവണം ശോക സ്ഥായി നിലനിര്‍ത്തേണ്ടതു.

ആദ്യ രംഗത്തില്‍ ധര്‍മ്മപുത്രരും പഞ്ചാലിയും ഏറെ ദുഃഖിതരായി പ്രവേശിക്കുന്നു. അതിനു ശേഷം ധര്‍മ്മപുത്രര്‍ , ‍വേനക്കാലത്തെ നട്ടുച്ചയിലെ നഖം പൊള്ളുന്ന ചൂടേറ്റ് തളര്‍ന്നവളും പൊടികാറ്റിനാല്‍ മലിനാവ്രതമായ ദേഹത്തോടു കൂടിയവളുമായ പാഞ്ചാലിയെ കണ്ടു ഏറെ ദുഃഖിതാനായി. നല്ല മണിമയ സദനത്തില്‍, പുതിയ പുതിയ പുഷ്പങ്ങളാല്‍ അലംകൃതമായ നല്ല മനോഹരമായ ശയനത്തില്‍ വസിച്ചിരുന്ന പാഞ്ചാലി എങ്ങിനെ ഈ ഘോരവനത്തില്‍ വാഴുന്നു എന്നോര്‍ത്തു ആകുലപ്പെടുന്നു.എന്നാല്‍ പാഞ്ചാലിയാകട്ടെ തന്റെ കൂടെയുള്ള ആബാലവൃദ്ധം ജനങ്ങള്‍ക്കു എങ്ങിനെ ഭക്ഷണം കൊടുക്കും എന്നോര്‍ത്ത് വ്യാകുലപ്പെടുന്നു. ഈ ദു:ഖം കുലഗുരുവായ ധൌമ്യനോടു പറയാന്‍ ധര്‍മ്മപുത്രര്‍ തിരുമാനിക്കുന്നു.


അടുത്ത രംഗത്തില്‍ ധര്‍മ്മപുത്രര്‍ ധൌമ്യനെ വന്ദിച്ച് സങ്കടം ഉണര്‍ത്തിക്കുന്നു. ആദിത്യഭഗവാനെ പൂജ ചെയ്യാന്‍ ധൌമ്യന്‍ ഉപദേശിക്കുന്നു. ആദിത്യ മന്ത്രം സ്വീകരിച്ചു ധര്‍മ്മപുത്രര്‍ ആദിത്യ സേവ ആരംഭിക്കുന്നു.തപസ്സില്‍ സന്തുഷ്ടനായി ആദിത്യഭഗവാന്‍ പ്രത്യക്ഷപ്പെടുന്നു. ധര്‍മ്മപുത്രരോടു ഇഷ്ടം എന്തെന്നു ചോദിക്കുന്നു. തുടര്‍ന്നു ധര്‍മ്മപുത്രരുടെ ഏറെ കുറെ ദീര്‍ഘമായ ഒരു സ്തുതി. അധികവും സംസ്കൃതത്തിലാണു ഈ രംഗത്തിലെ പദങ്ങള്‍. പദത്തിനോടുവില്‍ ധര്‍മ്മപുത്രര്‍ തന്റെ സങ്കടം അറിയിക്കുന്നു. ആദിത്യ ഭഗവാന്‍ “അക്ഷയ പാത്രം” സമ്മാനിക്കുന്നു.പിന്നെ ധര്‍മ്മപുത്രര്‍ ആദിത്യഭഗവാന്‍ മറയുന്നതു വിസ്തരിച്ചു നോക്കി കാണുന്നു. മറഞ്ഞു കഴിഞ്ഞ് തിരിയുന്നതോടു കൂടി ധൌമ്യന്‍ വലത്ത് ഭാഗത്ത് വന്നിരിക്കുന്നു. ധൌമ്യനെ വന്ദിച്ച് പാത്ര വൃത്താന്തം അറിയിക്കുന്നു. അനന്തരം ധൌമ്യനെ യാത്രയാക്കി തിരിയുന്നതോടെ പാഞ്ചാലി ഇടത്തു ഭാഗത്തു വന്ന് നില്‍ക്കുന്നു. പാത്രം നല്‍കി യാത്രയാക്കി ധര്‍മ്മപുത്രര്‍ ശ്രീ‍കൃഷണനെ ധ്യാനിക്കുന്നു. തുടര്‍ന്നു ധര്‍മ്മപുത്രരുടെ “പുണ്ഡരീകനയന .. “ എന്ന പദം. പദാവസാനത്തില്‍ ഇപ്രകാരം നാടു ഉപേക്ഷിചു കഴിയുന്ന ഞങ്ങളെ കണ്ടു അങ്ങേക്കൊരു നാണം ഇല്ലേ എന്നു ചൊദിക്കുന്നു.ഇതു കേട്ട ശ്രീകൃഷ്നന്‍ അത്യന്തം കോപാകുലനാകുന്നു. ഇവിടെയാണു ഒരു പക്ഷെ കിര്‍മ്മീരവധത്തില്‍ ഏറ്റവു പ്രസിദ്ധവും മനോഹരവുമായ “കഷ്ടമഹോ ..: എന്ന പദം.
അനന്തരം സുദര്‍ശനം (തിരനോക്കില്ല) പ്രവേശിക്കുന്നു. ഭഗവാനെ സ്തുതി ചെയ്യുന്ന “മാധവ ജയ ശൌരെ ...” എന്ന പദം മുദ്രകള്‍ ഇല്ലാതെ എടുത്തു ചവിട്ടി ആടുന്നു. എന്നാല്‍ ധര്‍മ്മപുത്രര്‍ തന്നെ ഭഗവാനെ ആശ്വസിപ്പിക്കുന്നു. അനന്തരം ശ്രീകൃഷ്ണന്‍ യാത്രയാകുന്നു.

യുവ കലാകാരന്മാരില്‍ ശ്രദ്ധേയനായ കലാമണ്ഡലം പ്രദീപ് ആണ് ധര്‍മ്മപുത്രരായി രംഗത്തു വന്നത്. വളരെ മികച്ച വേഷഭംഗി അവകാശപെടനില്ല. ഉയരവും കുറവാണ്. പക്ഷെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ പ്രേക്ഷകര്‍ ഇതൊക്കെ മറക്കും. വൃത്തിയായ ചൊല്ലിയാട്ടവും കറകളഞ്ഞ ആത്മാര്‍ത്ഥതയുമാണ് ഈ കലാകാരന്റെ പ്രധാന കൈമുതല്‍ .

ഞാന്‍ കണ്ട “കിര്‍മ്മീരവധം” ധര്‍മ്മപുത്രന്മാരുകളില്‍ , പ്രകടനമികവ് കൊണ്ട് ഒന്നാം നിരയില്‍ തന്നെ പ്രദീപിന്റെ ധര്‍മ്മപുത്രരെ കണക്കാക്കാം. ഉറച്ച സ്ഥായി, നിലവാരമുള്ള ആട്ടം, സൂക്ഷമഭാവങ്ങളിലൂടെയുള്ള സഞ്ചാരം എന്നിവയാല്‍ ഒന്നാംതരം ആയിരുന്നു പ്രദീപ്. ഇന്നത്തെ രണ്ടാം തലമുറ ആശാന്മാര്‍ മിക്കവരും ഈ കഥാപാത്രത്തെ വിജയിപ്പിക്കാന്‍ പാടുപെടുന്നു. സ്ഥായിയായ ദുഃഖഭാവം കൈവിടാതെ ധര്‍മ്മപുത്രരെ അവതരിപ്പിക്കുക ഒട്ടും എളുപ്പമല്ല. ആദ്യരംഗത്തിനു ശേഷം ഒന്നു വിശ്രമിക്കാന്‍ പോലും ഇടമില്ലാതെ മുഴുമിപ്പിക്കണം. ഇന്നു പല ആശാന്മാരുടേയും ആദ്യരംഗം കഴിയുമ്പോള്‍ തന്നെ സ്ഥായി പോകും. പിന്നെ കൃഷ്ണനോടുള്ള രംഗം എങ്ങിനെ ചെയ്യണം എന്നു നിശ്ചയുവും ഉണ്ടാകില്ല. ഇവിടെയാണ് പ്രദീപ് വ്യത്യസ്തനായത്. ആദ്യ രംഗത്തെ നില അവസാനം വരെ നിലനിര്‍ത്താനായി. “നാണമില്ലയോ ...” എന്ന കൃഷ്ണനോടുള്ള ഭാഗം വളരെ മനോഹരമായി ചെയ്തു. പല ഭാഗത്തും മെച്ചപെടാനുണ്ട്. എന്നാലും വെറും രണ്ടാമാത്തെ തവണ മാത്രം ഈ വേഷം കൈകാര്യം ചെയ്യുന്ന ഒരു വേഷക്കാരനില്‍ നിന്നും പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഏറെ മുകളിലാണ് പ്രദീപിന്റെ പ്രകടനം എന്നു തീര്‍ത്തു പറയാം.

ശുചീന്ദ്രന്റെ പാഞ്ചാലിയും വളര നന്നായി. ഒട്ടും സ്ഥായി വിടാതെ ധര്‍മ്മപുത്രര്‍ക്കിണങ്ങിയ പാഞ്ചാലിയായിരുന്നു. കലാമണ്ഡലത്തില്‍ ബിരുദം കഴിഞ്ഞ് ഉപരി പഠനം ചെയ്യുന്ന നീരജ് ആണ്‍ കൃഷ്ണനായി രംഗത്ത് വന്നത്. നല്ല ഉയരവും അതിനൊത്ത ശരീരവും ഉള്ള നീരജിനു കൃഷ്ണവേഷങ്ങള്‍ യോജിക്കാത്തതു പോലെ തോന്നുന്നു. എന്നാല്‍ നല്ല ഊര്‍ജ്ജം നീരജിന്റെ വേഷങ്ങള്‍ക്കു കാണാം.


കോട്ടക്കല്‍ നാരായണനും കലാമണ്ഡലം ജയപ്രകാശും ചേര്‍ന്നൊരുക്കിയ സംഗീതവും വളരെ മികവുറ്റതായിരുന്നു. ചിട്ടയായ കഥകളില്‍ ചേങ്ങില ശരിയായി ഉപയോഗിക്കാനറിയുന്ന പാട്ടുകാര്‍ തന്നെ വേണം. ഇന്നു മിക്ക പാട്ടുക്കാര്‍ക്കും ഇത് ഒരു ഭാരമാണ്. നാരായണന്റെ മികവും അവിടെയാണ്.

ഇതില്‍ കൃഷ്ണന്റെ പദമായ “കഷ്ടമഹോ ...” എന്ന പദം വളരെ കാലം തള്ളിയാണ് പാടി കാണറുള്ളത്. ഇതു കുറച്ച് കാലം താഴ്ത്തിപാടണം എന്നു തോന്നുന്നു. പല കൃഷ്ണന്മാരും ഇന്നു വിയര്‍ക്കുന്നു. മനോഹരമായ ഈ പദം ഒരു ലഹളയാകുന്നു. കുറച്ചു കൂടി കാലം താഴ്ത്തിയാല്‍ നന്നായി ആടാം. അവസാന ചരണം മാത്രം കാലം തള്ളി പാടിയാല്‍ മതി.

സദനം രാമകൃഷ്ണനാണ് ചെണ്ട കൈകാര്യം ചെയ്തത്. പ്രദീപിനു ഇണങ്ങി മേളം കൈകാര്യം ചെയ്യാന്‍ രാമകൃഷ്ണനു സാധിക്കുന്നുണ്ടെന്നത് വലിയ ആശ്വാസമാണ്. പലയിടത്തും രാമകൃഷ്ണന്‍ ഇനിയും മെച്ചപെടാനുമുണ്ട്.

യുവകലാകാരന്മാര്‍ ചേര്‍ന്നുള്ള ഇത്തരം നിലവാരമുള്ള കളികള്‍ കാണുമ്പോള്‍ കഥകളിയുടെ ഭാവി ഇരുളടഞ്ഞതല്ല എന്നു ആശ്വസിക്കാം.