Sunday, March 8, 2009

2009 ഏറ്റുമാനൂര്‍ ഉത്സവം - 2

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ 2009-ലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന കളിയുടെ വിവരണം.

മൂന്ന് ദിവസമായി ഫെബ്രുവരി 27,28 മാര്‍ച്ച് 1 എന്നീ തിയ്യതികളില്‍ മഹാദേവ സന്നിധിയില്‍ കഥകളി അരങ്ങേറി. ആദ്യ രണ്ടു ദിവസവും കോട്ടക്കല്‍ നാട്യസംഘം കഥകളി അവതരിപ്പിച്ചു.


ഫെബ്രുവരി 28നു നളചരിതം ഒന്നാംദിവസം, ബാലിവിജയം എന്നീ കഥകള്‍ ആണു അവതരിപ്പിച്ചത്. തലേ ദിവസം എല്ലാം ഓട്ടമായിരുന്നെങ്കില്‍, ഇവിടെ എല്ലാം സമ്പ്രദായം പോലെ സമയമെടുത്തു തന്നെ ആയിരുന്നു.ആദ്യം മധുവിന്റെ മേളപദം. സാധാരണ കാണാറുള്ള എല്ലാ കസര്‍ത്തും ഇതിലും ഉണ്ടായി. പക്ഷെ പുതുമങ്ങള്‍ ഒന്നും തോന്നിയില്ല.


ഉണ്ണായിവാര്യരുടെ വിശ്വപ്രസിദ്ധമായ ആട്ടകഥയാണ് നളചരിതം. ആടാന്‍ പാകത്തില്‍ നാലു ദിവസങ്ങള്‍ ആയി ഇതിനെ തിരിച്ചിരിക്കുന്നു. ഒരോ “ദിവസവും” ഒരോ രാത്രി മുഴുവന്‍ ആടാന്‍ ഉണ്ടെങ്കിലും, സാധാരണ നടപ്പുള്ള ഭാഗങ്ങള്‍ മാത്രം ആടുകയാണെങ്കില്‍, കുറവു സമയം മതി.


നൈഷധ രാജാവായ നളന്‍, സല്‍ഗുണശീലങ്ങള്‍ക്കു പേരു കേട്ട ചക്രവര്‍ത്തിയാണ്. ഒരിക്കല്‍ നളരാജധാനിയിലേക്കു, മഹര്‍ഷി നാരദന്‍ പ്രവേശിക്കുന്നു. ഇതില്‍ അതീവ സന്തുഷ്ടനായ നളന്‍, മഹര്‍ഷിയെ ആദരിച്ചിരുത്തി കുശലങ്ങള്‍ അന്വേഷിക്കുന്നു. അങ്ങയുടെ ആഗമനം കൊണ്ട് ഈ രാജധാനി പാപമുക്തമായിരിക്കുന്നു എന്നും, ഇനി ഞാന്‍ ചെയ്യേണ്ടതായിട്ടുള്ളത് എന്താണെന്നും ആരായുന്നു.


നാരദനാകട്ടെ നളനോട് വെറുതെ ജന്മം പാഴാക്കരുത് എന്ന് ഉപദേശിക്കുന്നു. കുണ്ഡിനപുരിയില്‍ ദമയന്തി എന്ന പേരില്‍ ഒരു കന്യകാരത്നം ഉണ്ടെന്നും അവളില്‍ ദേവന്മാര്‍ക്കു പോലും മോഹം ഉണ്ടന്നു പറയുന്നു. എന്നാല്‍ രത്നമെല്ലാം നിനക്കുള്ളതാണെന്നും അതിനാല്‍ അതിനായി പരിശ്രമിക്കാനും ഉപദേശിക്കുന്നു.

ഇപ്രകാരം നാരദനില്‍ നിന്നു കേട്ട നളന്‍, പലരും ചൊല്ലികേട്ട ദമയന്തിയുടെ ഗുണഗണങ്ങളെ ഓര്‍ത്ത് അത്യധികം ചിന്താകുലനായി. “ദമയന്തിക്കൊത്തൊരു പെണ്ണ് മൂന്നുലോകങ്ങളിലും വേറെ ഇല്ല. പലരും ചൊല്ലി അവളുടെ ഗുണഗണങ്ങള്‍ കേട്ട് എനിക്ക് അവളില്‍ പ്രേമം നാള്‍ക്കു നാള്‍ വളരുന്നു. ഇത് അനുചിതമല്ലെന്ന് ഇപ്പോള്‍ നാരദമുനിയും പറയുന്നു. ഇനി അവള്‍ക്ക് എന്നില്‍ പ്രേമം വളരാന്‍ എന്ത് ചെയ്യണം? അതിനു കാമദേവന്‍ തന്നെ വിചാരിക്കണം. ഇപ്പോള്‍ എനിക്കു വിധുരത വന്നു, കൃത്യചതുരത പോയി. ഇനി അവളോടൊത്ത് വസിക്കുകയോ വിജനതയില്‍ കഴിയുകയോ എന്റെ ഗതി ഇതില്‍ രണ്ടിലൊന്ന് തന്നെ.”ഇപ്രകാരം വിഷമിക്കുന്ന നളനു ഒന്നിലും ഉത്സാഹം കാണന്‍ കഴിയുന്നില്ല. അതിനാല്‍ രാജ്യഭാരം മന്ത്രിയെ ഏല്‍പ്പിച്ച് ഉദ്യാനത്തിലേക്ക് പോകുന്നു.

എന്നാല്‍ അവിടെയും നളനു ഒരു സന്തോഷവും തോന്നിയില്ല. എന്നാല്‍ അവിടെ പലവര്‍ണ്ണങ്ങളിലുള്ള ധാരാളം അരയന്നങ്ങളെ കണ്ടു. അതില്‍ തന്നെ സ്വര്‍ണ്ണവര്‍ണ്ണമായ ഒരു അരയന്നത്തെ കണ്ട് നളന് സന്തോഷം തോന്നുകയും, അതിനെ പിടിക്കാന്‍ തിരുമാനിക്കുകയും ചെയ്യുന്നു.

ഹംസമാകട്ടെ പല തരത്തിലുള്ള കളികളാല്‍ തളര്‍ന്ന് മയങ്ങുന്നു.ഈ സമയം നളന്‍ അനക്കം കൂടാതെ വന്ന് ഹംസത്തെ പിടിക്കുന്നു. പേടിച്ച ഹംസം കരയുന്നു. തന്നെ രാജാവ് ചതിച്ച് കൊല്ലുന്നുവെന്നും അപ്രകാരം ചെയ്താല്‍ തന്റെ കുലം പോലും നശിക്കുമെന്നും പറഞ്ഞ് കരയുന്നു. തന്റെ ചിറകു തനി സ്വര്‍ണ്ണമാണെന്നും ഇതു കൊണ്ട് ധനികനായികൊള്ളാന്‍ ഹംസം നളനോട് പറയുന്നു.

ഇപ്രകാരം വിലപിക്കുന്ന ഹംസത്തെ നളന്‍ ആശ്വസിപ്പിക്കുന്നു. വെറുതെ ഒരു കൌതുകം തോന്നി പിടിച്ചതാണെന്നും ഇപ്പോള്‍ തന്നെ വിട്ടയക്കാം എന്നു പറഞ്ഞ് ഹംസത്തെ മോചിപ്പിക്കുന്നു. സന്തോഷത്തോടെ ഹംസം യാത്രയാകുന്നു.പിന്നീട് നളന്റെ സമീപം മടങ്ങി വന്ന ഹംസം, നളനെ സ്തുതിക്കുന്നു. “ഓര്‍ത്തു കണ്ടോളം ഉത്തമനായ അങ്ങേക്കു ഞാന്‍ ഒരു ഉപകാരം ചെയ്യാം. അങ്ങേക്ക് ഇന്നു ഒരു ഉപമ ഇല്ല. അങ്ങേക്ക് എല്ലാ ഐശ്വര്യവും ഉണ്ട്. ഒന്നൊഴിച്ച്. ഒരു പ്രിയതമ. അതിനു വേണ്ടി ഞാന്‍ യത്നിക്കാം. ഭീമരാജാവന്റെ പുത്രിയായ ദമയന്തി വളരെ ഗുണങ്ങള്‍ ഉള്ളവളാണ്. ദേവസ്ത്രീകളുടെ പോലും അഹങ്കാരം നശിപ്പിക്കുന്ന അവള്‍ സൌന്ദര്യം സ്വഭാവ ഗുണങ്ങള്‍ എന്നിവ ഒന്നിക്കയാല്‍ സ്വര്‍ണ്ണത്തിനു സൌരഭ്യം വന്നെ പോലെ ആണു. ആ കന്യകാ രത്നം അങ്ങേക്ക് നന്നായി യോജിക്കും. അവളെ അങ്ങേക്ക് അനുരാഗണിയാക്കാന്‍ എനിക്കു സാധിക്കും.”


ഇത് കേട്ട നളന്‍ വളരെ സന്തോഷവാനായി. പ്രിയതമയോട് തന്റെ വാര്‍ത്തകള്‍ ചൊല്ലിവരാനായി പ്രിയമാനസനായ ഹംസത്തെ യാത്രയാക്കുന്നു.


കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ ആണ് നളനായി വന്നത്. ഇന്നു കഥകളില്‍ പച്ച വേഷം കെട്ടിയാല്‍ ഇത്ര ഭംഗി വേറെ ആര്‍ക്കും ഉണ്ടെന്നു തോന്നുന്നില്ല. മുദ്രകളുടെ ഭംഗികുറവ്, അനാവശ്യമായി ഉള്ള വായ പിളര്‍ക്കല്‍ എന്നിങ്ങനെ പല പ്രശങ്ങളും ഇദ്ദേഹത്തിന്റെ വേഷത്തിനുണ്ട്.


ഇവിടെ നളന്റെ വികാര-വിചാരങ്ങള്‍ വളരെ ഭംഗിയായി തന്നെ വാര്യര്‍ അവതരിപ്പിച്ചു. ഹംസമായി കേശവന്‍ ആണ് വേഷമിട്ടത്. വളരെ നല്ല നിലവാരമുള്ള വേഷമാണ് കേശവന്‍ കുണ്ടലായുരുടെ. വേഷഭംഗി,ചൊല്ലിയാട്ട മികവ്, പണിയെടുക്കുന്നതിലുള്ള മടിയില്ലായ്മ എന്നിവായാല്‍ ശ്രദ്ധേയനാണ് ഇദ്ദേഹം. കത്തിവേഷങ്ങള്‍ മനോഹരമാണ്.

ഇവിടെ ഹംസവും അദ്ദേഹം മനോഹരമായി അവതരിപ്പിച്ചു. വളരെ ചടുലമായി എന്നാല്‍ അനാവശ്യ അഭ്യാസ പ്രകടനങ്ങള്‍ ഇല്ലാത്ത ഒരു ഹംസമായിരുന്നു.

ഇത്രയും ഭാഗത്ത് മേളം പ്രസാദും രവിയും ചേര്‍ന്ന് കൈകാര്യം ചെയ്തു.

മറുഭാഗത്ത് ദമയന്തിയുടെ അവസ്ഥയും വിഭിന്നമല്ല. മനസ്സിനു സുഖം ലഭിക്കാതെ തോഴിമാരോട് കൂടി പൂങ്കാവനത്തിലെത്തിയ ദമയന്തിക്ക് അവിടെ യാതൊരു സന്തോഷവും കാണാന്‍ കഴിയുന്നില്ല. വണ്ടുകളുടെ ശബ്ദം ചെവികള്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ല. കുസുമ സൌരഭ്യം നാസികക്ക് അരോചകം തന്നെ. ഇപ്രകാരം എല്ലാം അസഹനീയമാകുന്ന ദമയന്തി രാജധാനിയിലേക്ക് മട്ങ്ങി പോകാന്‍ ശ്രമിക്കവെ, ആകാശത്ത് ഒരു വെളിച്ചം കാണുന്നു. ഒരു സ്വര്‍ണ്ണ വര്‍ണ്ണമായ അരയന്നം തന്റെ അടുത്തേക്ക് പറന്നു വരുന്നതായി കാണുന്നു.ഹംസം വളരെ വിദഗ്ദ്ധമായി ദമയന്തിയെ സഖിമാരില്‍ നിന്നും അകറ്റുന്നു. ഇനി ഒരടി നടന്നാല്‍ കൈക്കല്‍ കിട്ടും എന്നു തോന്നുമാതിരി നടന്ന ഹംസം, ദമയന്തി മാത്രമായി എന്ന് ഉറപ്പു വരുത്തിയിട്ട് ഗഗനചാരിയായ തന്നെ പിടിക്കാന്‍ പുറപെട്ട ദമയന്തിയെ പരിഹസിക്കുന്നു. ഞാന്‍ നളനഗരത്തില്‍ നളിനമിഴിമാരെ നട അഭ്യസിപ്പിച്ച് വസിക്കുകയാണെന്നും പറയുന്നു. പണ്ടേ നളനില്‍ ആഗ്രഹം ഉള്ള ദമയന്തി, നളഗുണഗണങ്ങള്‍ വിവരിക്കാന്‍ ഹംസത്തോട് ആവശ്യപെടുന്നു. നളനെ വളരെ പ്രകീര്‍ത്തിച്ച ഹംസം ദമയന്തിയോട് ഉള്ളില്‍ ആഗ്രഹം ഏതൊരു പുരുഷനോടാണെന്നും ചോദിക്കുന്നു. നളനോട് തനിക്കുള്ള ആഗ്രഹം വെളിപെടുത്തിയ ദമയന്തിയെ അഭിനന്ദിച്ച ഹംസം, ഈ ആഗ്രഹം നളനെ അറിയിക്കാം എന്നു പറഞ്ഞു മടങ്ങുന്നു.


വാസുദേവന്‍ കുണ്ടലായര്‍ ആണ് ദമയന്തിയായി അരങ്ങത്ത് വന്നത്. ഇന്നു കോട്ടക്കല്‍ ട്രൂപ്പിലെ മുതിര്‍ന്ന സ്ത്രീ വേഷക്കാരനാണ് ഇദ്ദേഹം. ഏറെ ഭംഗി അവകാശപെടാനില്ലെങ്കിലും വൃത്തിയുള്ള വേഷമാണ്.


എന്നാല്‍ അഭിനയത്തില്‍ പലയിടത്തും സൂക്ഷ്മ ഭാവം കുറവായി തോന്നി. തുടക്കത്തില്‍ ഏറെ പ്രസന്നയായി കാണപെട്ടു ദമയന്തി. പിന്നെ “അതി ദുഃഖ കാരണം ഇന്നീ ആരാമ സഞ്ചരണം” എന്ന ഭാവം വളരെ വിസ്തരിച്ച് കാണിച്ചത് സ്ഥായി പോകാന്‍ കാരണമായി. ഈ ഒരു കുഴപ്പം ഒഴിച്ചുനിര്‍ത്തിയാല്‍ ദമയന്തിയും നന്നായി.

ഈ ഭാഗങ്ങളില്‍ വിജയരാഘവന്‍ ചെണ്ടയും രാധാകൃഷ്ണന്‍ മദ്ദളവും കൈകാര്യം ചെയ്തു.

ഇതില്‍ വെച്ചേറ്റവും നന്നായത് നാരയണന്റെ പാട്ട് തന്നെ. ഇത്ര നന്നായി ഒരു ഒന്നാം ദിവസം ആരും പാടുന്നത് ഈ അടുത്ത് കേട്ടിട്ടില്ല. സംഗീത ശുദ്ധി, മികച്ച ശബ്ദം, കൂസലില്ലായ്മ, ഉറച്ച ചിട്ട ഇങ്ങനെ ധാരാളം ഗുണങ്ങള്‍ ഈ കലാകാരനുണ്ട്. ഏത് സ്ഥായിലും അനായാസം സഞ്ചരിക്കുന്ന ശാരീരത്തിനുടമയായ നാരായണന്റെ സംഗീതത്തില്‍ “ഭൃഗ”കളുടെ പ്രയോഗം പലപ്പോഴും അലോസരം സ്രഷ്ടിക്കറുണ്ട്; പ്രത്യേകിച്ചും നളചരിതം പോലുള്ള കഥകളില്‍. പക്ഷെ ഇവിടെ അദ്ദേഹം അതിലെല്ലാം പരമാവധി ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു.

അങ്ങിനെ എല്ലാം കൊണ്ടു വളരെ നല്ലോരു നിലവാരം കളിക്കുണ്ടായി.

പിന്നീട് അരങ്ങേറിയത് “ബാലിവിജയം” ആട്ടകഥയായിരുന്നു. ബാലി രാവണനെ ജയിക്കുന്ന കഥ.

രാവണ പുത്രനായ ഇന്ദ്രജിത്ത്, ദേവാധിപനായ ഇന്ദ്രനെ യുദ്ധത്തില്‍ ജയിക്കുന്നു. തന്റെ പിതാവിനെ തോല്‍പ്പിച്ച മേഘനാദന്റെ അച്ഛനാ‍യ രാവണനെ ജയിക്കാന്‍ ബാലിയും, നാരദനും ഒരു വഴി കണ്ടെത്തുന്നു. നാരദന്‍ രാവണ സന്നിധിയിലെത്തി ബാലിയുടെ അഹങ്കാരത്തെ കുറിച്ച് പറഞ്ഞ് രാവണനെ ബാലിയെ പിടിച്ചുകെട്ടാനായി പുറപ്പടിവിക്കുന്നു. സമുദ്രത്തില്‍ സ്നാനം ചെയ്യുന്ന ബാലിയുടെ വാലില്‍ രാവണനെ കുടുക്കുന്നു. ഇത് കണ്ട് സന്തോഷവാനായ നാരദന്‍ മടങ്ങുന്നു. പിന്നീട് തന്റെ വാലില്‍ കുടുങ്ങിയ രാവണനെ ബാലി മോചിപ്പിക്കുന്നു. മേലില്‍ മിത്രങ്ങള്‍ ആയിരിക്കും എന്ന് സഖ്യം ചെയ്ത് ഇരുവരും പിരിയുന്നു.

ഇവിടെ ഭാര്യയുമായി സല്ലപിച്ചിരിക്കുന്ന രാവണന്റെ അടുത്തേക്ക് എത്തുന്ന നാരദന്റെ രംഗം മുതല്‍ ബാലി-രാവണ സഖ്യം വരെയുള്ള രംഗം ആണ് സാധാരണയായി അരങ്ങത്ത് അവതരിപ്പിക്കാറുള്ളത്.

കഥാഭാഗമല്ല , അവതരണ രീതിയാണ് ബാലിവിജയത്തിലെ പ്രത്യേകത. രാവണന്‍ തന്നെ പ്രധാന കഥാപാത്രം. ആദ്യം പതിഞ്ഞ തിരനോക്ക്. പിന്നെ മണ്ഡോദരിയുമായുള്ള പതിഞ്ഞ പദം. അതില്‍ തന്നെ തന്റെ പത്തു മുഖവും ഇരുപതു കൈയ്യും അവളെ ആലിംഗനം ചെയ്യാനും ചുംബിക്കാനുമായി “പെരുതായി” കലഹിക്കുന്നു എന്നാ ഭാഗം വിസ്തരിച്ച് അഭിനയിക്കും.


പദാനന്തരം രാവണന്‍ ആകാശത്ത് ഒരു ശോഭ കാണുന്നു. ആദ്യം അതു സൂര്യനാണോ എന്നു സംശയിക്കുന്നു. എന്നാല്‍ സൂര്യന്റെ ഗതിയല്ലാത്തതിനാല്‍ സൂര്യനല്ല; പിന്നെ അഗ്നിയാണോ? അല്ല. അഗ്നി താഴെ നിന്നു മുകളിലേക്കാണ്. ഇതിന്റെ ഗതി മുകളില്‍ നിന്നും താഴേക്കാണ്. പിന്നെ സൂക്ഷിച്ച് നൊക്കിയപ്പോള്‍ കയ്യില്‍ വീണ ധരിച്ചൊരു മനുഷ്യരൂപം ആണെന്ന് മനസ്സിലാകുന്നു. അതു നാരദമുനി തന്നെ എന്നു ഉറപ്പിക്കുന്ന രാവണന്‍ പത്നിയെ യാത്രയാക്കി നാരദനെ കാത്ത് ഇരിക്കുന്നു.

നാരദന്‍ പ്രവേശിക്കുന്നത് രാവണനെ പലതരത്തില്‍ സ്തുതിച്ച് കൊണ്ടാണ്. ഇതിനെല്ലാം രാവണന്‍ ഒരോരോ തരത്തില്‍ പ്രതികരിക്കുകയും ചെയ്യുന്നു. നാരദനെ ആനയിച്ചിരുത്തിയ രാവണന്‍ പിന്നീട് നാരദനോട്, തന്റെ പുത്രന്റെ പരാക്രമത്തെ കുറിച്ച് പറയുന്നു. തന്നെ എതിര്‍ക്കാനായി ഇനി ആരെങ്കിലും ഉണ്ടോ എന്നു ചോദിക്കുന്നു. രാവണന്‍ എന്ന പേര് കേട്ടാല്‍ തന്നെ ദേവകള്‍ ഒക്കെ വിറക്കുന്നുണ്ടെങ്കിലും, മത്തനായ ബാലിക്കു മാത്രം അങ്ങയെ ബഹുമാനം ഇല്ല എന്നു പറയുന്നു. “ഒരു പുല്ലും ദശാനനും തുല്യമാണ് എനിക്ക്” എന്നു അവന്‍ പറയുന്നുണ്ടെന്നു കൂട്ടിചേര്‍ക്കുന്നു. സാരമില്ലെങ്കിലും ഇത്തരം അങ്കാഹാരം വളരെ പ്രസിദ്ധമാകുന്നതിനു മുന്‍പു തീര്‍ക്കാന്‍ നാരദന്‍ ഉപദേശിക്കുന്നു.

ഇതു കേട്ട രാവണന്, അത്ഭുതമാണ് തോന്നിയത്. മദയാനകളുടെ പോലും മസ്തകം പിളര്‍ക്കുന്ന തന്റെ കരബലം തടുക്കാന്‍ നിസ്സാരനായ ഒരു കുരങ്ങനു കഴിയുമോ എന്നു രാവണന്‍ പരിഹസിക്കുന്നു. എന്തായലും ബാലിയെ പിടിച്ച് കൊണ്ടു വരാനായി ഇരുവരും പുറപ്പെടുന്നു.

രാവണ പക്ഷമുള്ള ചന്ദ്രഹാസത്തിന്റെ തിളക്കം കണ്ട് നാരദന്‍ അതിന്റെ കഥ ആരായുന്നു. ഇവിടെയാണ് ബാലിവിജയത്തിലെ മാത്രമല്ല, കഥകളിയിലെ തന്നെ ഏറ്റവും മനോഹരമായ രണ്ട് ആട്ടങ്ങള്‍ വരുന്നത്. “കൈലാസോദ്ധാരണവും” , “പാര്‍വ്വതീവിരഹവും” .

രാവണന്‍ തനിക്കു ചന്ദ്രഹാസം കിട്ടിയ കഥ വിസ്തരിച്ച് ആടുന്നു. താന്‍ പുഷ്പക വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ വിമാനത്തിനു തടസ്സമായ കൈലാസത്തെ തന്റെ കരബലത്താല്‍ ഉയര്‍ത്തി അമ്മാനമാടിയ കഥ. ആ സമയത്ത് ഗംഗയുമായി സല്ലപിച്ച ശിവനോട് പിണങ്ങി പോകുന്ന പാര്‍വ്വതി, കൈലാസം ഇളകുന്നത് കണ്ട് പേടിച്ച് ശിവനെ ആലിംഗനം ചെയ്യുന്നു. ഇതി സന്തുഷ്ടനായ ശിവന്‍, കാരണം മനസ്സിലാക്കി രാവണനു മുന്നില്‍ പ്രത്യക്ഷപ്പെട്ട് ചന്ദ്രഹാസം നല്‍കുന്നു.

ഈ ആട്ടത്തിന്റെ ഭംഗി വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാദ്ധ്യമല്ല. പാല്‍‌പായസ്സത്തിന്റെ മധുരം അതു ഉണ്ണാത്തവര്‍ക്ക് വിവരിച്ച് കൊടുക്കുന്നതു പോലെ ആകും അതു. :)

ദേവദാസ് ആണ് ഇവിടെ രാവണനായി രംഗത്ത് വന്നത്. ഇന്ന് കഥകളി പ്രേമികള്‍ക്കിടയില്‍ യാതൊരു മുഖവുരയും വേണ്ടാത്ത നടനാണ് ദേവദാസ്. അതു തെക്കായാലും വടക്കായാലും. ചുവന്ന താടി, മിനുക്ക് വേഷങ്ങളിലൂടെ പ്രസിദ്ധനാണ് ഇദ്ദേഹം. കറ തീര്‍ന്ന ചൊല്ലിയാട്ടം, വേഷഭംഗി, വൃത്തി മുതലായ അനവധി ഗുണങ്ങള്‍ ഇദ്ദേഹത്തിന്റെ വേഷത്തിനുണ്ട്. “മനോധര്‍മ്മം” പലപ്പോഴും ആടി അപകടമാക്കാറും ഉണ്ട്.

വളരെ നല്ല രീതിയില്‍ തന്നെ ദേവദാസ് രാവണനെ അവതരിപ്പിച്ചു. ഇതു പോലെ ചിട്ട പ്രധാനമായ കത്തിവേഷങ്ങളും തനിക്ക് ഇണങ്ങും എന്ന് അദ്ദേഹം തെളിയിച്ചു. കെട്ടി തഴക്കം ഇല്ലായ്മ നല്ലവണ്ണം വേഷത്തില്‍ നിഴലിച്ചിരുന്നു എന്നതാണ് പ്രധാനമായി കണ്ട ദോഷം. പതിഞ്ഞ പദവും നാരദരോടുള്ള രംഗവും ഭംഗിയായി തന്നെ അവതരിപ്പിച്ചു. വേഷത്തിനുള്ള പകര്‍ച്ചയും സ്ഥായിയും എടുത്തു പറയേണ്ടതാണ്.

ഹരിദാസ് നാരദനായും അരങ്ങതെത്തി. ചോല്ലിയാട്ടം, പ്രവര്‍ത്തിയിലുള്ള കണിശത എന്നിവായാല്‍ അതുല്യനാണ് ഹരിദാസ്. വേഷഭംഗി കുറവാണ്. കഥകളി കലാലോകം ഈ കലാകരനെ വേണ്ടവിധം ഉപയോഗിച്ചിട്ടില്ല എന്നാണ് എനിക്കു തോന്നുന്നത്.

എന്തായാലും എന്റെ യാത്രയും ഉറക്കം ഒഴിപ്പും ഈ രാത്രിയിലെ കളി കൊണ്ട് ധന്യമായി. :)

[നേരത്തെ തിരുമാനിച്ച ചില യാത്രാകള്‍ കാരണം, ബാലിവിജയത്തിലെ അവസാന ഭാഗങ്ങള്‍ കാണാന്‍ സാധിച്ചില്ല. :( ]

Monday, March 2, 2009

2009 ഏറ്റുമാനൂര്‍ ഉത്സവം - 1

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ 2009-ലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന കളിയുടെ വിവരണം.

മൂന്ന് ദിവസമായി ഫെബ്രുവരി 27,28 മാര്‍ച്ച് 1 എന്നീ തിയ്യതികളില്‍ മഹാദേവ സന്നിധിയില്‍ കഥകളി അരങ്ങേറി. ആദ്യ രണ്ടു ദിവസവും കോട്ടക്കല്‍ നാട്യസംഘം കഥകളി അവതരിപ്പിച്ചു.

ആദ്യമായി കോട്ടക്കലിലെ ശ്രീ. C.A വാര്യര്‍ രചിച്ച്, കോട്ടക്കല്‍ ട്രൂപ്പ് ചിട്ടപെടുത്തിയ “സമ്പൂര്‍ണ്ണ രാമായണം” ആണ് ആദ്യ ദിവസം അരങ്ങേറിയത്. “പുത്രകാമേഷ്ടി” മുതല്‍ “പട്ടാഭിഷേകം” വരെ ഉള്ള കഥ ഒരു രാത്രി കൊണ്ട് ആടണം എന്നതാണ് ഇതിലെ പ്രത്യേകത.

24 രംഗംങ്ങള്‍, 50ല്‍ മീതെ വേഷങ്ങള്‍ - ഇങ്ങനെ ആകെ സാധാരണ കാണികള്‍ക്കു ഒരു ദൃശ്യ വിരുന്നാണ് ഈ കഥ.

ദശരഥന്‍, കൈകേയി, കൌസല്യ, സുമിത്ര, വിശ്വാമിത്രന്‍, വസിഷ്ഠന്‍, ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍, അഹല്യ, താടക, ജനകന്‍, സീ‍ത, പരശുരാമന്‍, മന്ഥര, ലളിത (ശൂര്‍പ്പണഖ), കരി (ശൂര്‍പ്പണഖ), രാവണന്‍, മാരീചന്‍, പൊന്മാന്‍, സന്യാസി രാവണന്‍, ജടായു, സുഗ്രീവന്‍, ബാലി, അംഗദന്‍, താര, ഹനുമാന്‍, പ്രഹസ്തന്‍ തുടങ്ങി അനേകം കഥാപാത്രങ്ങള്‍ നമ്മുടെ മുന്നിലൂടെ “മിന്നി മറയും”. അതെ അക്ഷരാര്‍ത്ഥത്തില്‍ അതു തന്നെ.

വസിഷ്ഠന്‍ - ദേവദാസ്, ദശരഥന്‍ - ചന്ദ്രശേഖര വാര്യര്‍


വിശ്വാമിത്രന്‍ - ഹരിദാസ്, താടക - ഹരീശ്വരന്‍അഹല്യാമോക്ഷം


പരശുരാമന്‍ - സുധീര്‍

കൈകേയി - വാസുദേവന്‍ കുണ്ടലായര്‍, മന്ഥര -ദേവദാസ്

കൈകേയി, ദശരഥന്‍, ശ്രീരാമന്‍ - ഉണ്ണികൃഷ്ണന്‍

ദശരഥനായി ചന്ദ്രശേഖര വാര്യര്‍ നല്ല പ്രകടനം ആണ് നടത്തിയത്. അതില്‍ തന്നെ പരശുരാമന്റെ മുന്നില്‍ സാധാരണ “ദയനീയ” ദശരഥന്മാരെ ആണു കാണാറ്. എന്നാല്‍ ഇവിടെ വളരെ സൌമ്യനായി സംസാരിക്കുന്ന ഒരു “ദശരഥനെ” ആണ് അദ്ദേഹം അവതരിപ്പിച്ചത്. അതു പോലെ പരശുരാമന്റെ ചവിട്ടു കൊണ്ട ദശരഥന്‍, കരയാതെ, ശ്രീരാമനോട് “ഇതിനു വേണ്ട പോലെ മറുപടി നല്‍കാന്‍“ കല്‍പ്പിക്കുന്നു. ദശരഥന്റെ പുത്രദുഃഖവും മരണവും അദ്ദേഹം നന്നായി അവതരിപ്പിച്ചു.

പരശുരാമനായി വന്ന സുധീര്‍ അഭ്യാസപ്രകടനം മാത്രമുള്ള ഒരു പരശുരാമനെ ആണ് അവതരിപ്പിച്ചത്. കഥാപാത്രത്തിനു വേണ്ടത്ര മികവ് നല്‍കാനായില്ല.

“നിണമില്ലാത്ത” നിണം : രാവണന്‍ - കേശവന്‍, ശൂര്‍പ്പണഖ - ഹരീശ്വരന്‍


രാവണന്‍ - കേശവന്‍, ജടായു - ഹരീശ്വരന്‍

സന്യാസി രാവണന്‍ - സുധീര്‍


ശ്രീരാമന്‍ പൊന്മാനിനെ പിടിക്കാന്‍ ശ്രമിക്കുന്നു

കൈകേയി ആയി എത്തിയ വാസുദേവന്‍ കുണ്ടലായര്‍ നല്ല അവതരണം തന്നെ കാഴച്ച വെച്ചു. അതു പോലെ എടുത്തു പറയണ്ട ഒരു പ്രകടനം ആണ് മന്ഥരയായി അരങ്ങത്തെത്തിയ ദേവദാസ് കാഴ്ച്ച വെച്ചത്. കഥകളിത്തം ലേശം ഇല്ലാത്ത തീര്‍ത്തും ജനകീയമായ വേഷം. അഭിനയം “ലോകധര്‍മ്മിയില്‍” ഊന്നിയായിരുന്നു. എങ്കിലും എല്ലാവരെയും തന്റെ അഭിനയ ചാരുത കൊണ്ട് രസിപ്പിക്കാന്‍ ദേവദാസിനു കഴിഞ്ഞു. നടപ്പിലും, നോട്ടത്തിലും, എന്തിനു “കലാശ” ത്തില്‍ പോലും തനി വൃദ്ധ.

ബാലി - ദേവദാസ്, സുഗ്രീവന്‍ - മുരളി

സീതയെ വെട്ടാന്‍ ഒരുങ്ങുന്ന രാവണനെ മണ്ഡോദരി തടുക്കുന്നു

ലങ്കാദഹനം : ഹനുമാന്‍ - ഹരിദാസ്


രാമ-രാവണ യുദ്ധം

കേശവന്‍ കുണ്ടലായര്‍ “രാവണനായും”, മുരളി “സുഗ്രീവനായും”, ദേവദാസ് “ബാലിയായും” രംഗത്തെത്തി. പിന്നീട് എടിത്തു പറയണ്ട ഒരു പ്രകടനം “ഹനുമാനായി” വന്ന ഹരിദാസിന്റെ ആണ്. വളരെ മനോഹരമായി തന്നെ അദ്ദേഹം ചുരുങ്ങിയ സമയം കൊണ്ട് “സമുദ്രലംഘനവും” ലങ്കാദഹനവും ആടി. എ. ഉണ്ണികൃഷണന്റെ ശ്രീരാമനും നന്നായി.


ആദ്യ ഭാഗങ്ങളിലെ സംഗീതം നാരായണനും, പിന്നീട് മധുവും നന്നായി കൈകാര്യം ചെയ്തു. വേങേരി നാരയണന്‍, സുരേഷ്, സന്തോഷ് എന്നിവരും നന്നായി പാടി. മേളവിഭാഗം പ്രസാദ്, രവി, രാധാകൃഷ്ണന്‍ എന്നിവര്‍ കൈകാര്യം ചെയ്തു.


പട്ടാഭിഷേകം

ആട്ടകഥയും സാഹിത്യവും വേറെയാണെങ്കിലും “ചിട്ട” സാധാരണ നമ്മള്‍ കണ്ട് പരിചയിച്ച പോലെ തന്നെ. പിന്നെ “സമയം” ആര്‍ക്കും ഇല്ല. ഉദാഹരണത്തിനു സുഗ്രീവന്റെ തിരനോക്കു കഴിഞ്ഞ് ആട്ടം ഇങ്ങനെ. “ഇനി വേഗം എന്റെ ശത്രുവായ ബാലിയെ പോരിനു വിളിക്കുക തന്നെ”. പിന്നെ നാലരട്ടി എടുത്തു യുദ്ധപദം. ഇവിടെ “ശ്രീരാമനോട്” സഖ്യം ചെയ്യുന്നത് പോലും ആടിയില്ല.

ധാരാളം കഥകളി കണ്ടു ശീലിച്ചവര്‍ക്ക് ഈ ആട്ടകഥ ഒരു സംതൃപ്തിയും നല്‍കില്ല. ആര്‍ക്കും ഒന്നിനും സമയം ഇല്ല. പിന്നെ നമ്മള്‍ കാണികള്‍ മാത്രം എന്തിനു സമയം കളയണം എന്നു തോന്നിപോകാം. എന്നാല്‍ കഥകളി കണ്ടുശീലിച്ചിട്ടില്ലാത്തവര്‍ക്ക് ഇത് നല്ല ഒരു വിരുന്ന് തന്നെ. അവര്‍ക്കു വേണ്ടി തന്നെയാവണം ഈ കഥ എഴുതിയതും ഇപ്പോള്‍ ആടുന്നതും.