Monday, May 19, 2008

നളചരിതം നാലാം ദിവസം

കഥാസാരം

ഉണ്ണായി വാര്യരാല്‍ വിരചിതമായ വിശ്വപ്രസിദ്ധ കഥ. മഹാഭാരതം ആണു ഇതിവൃത്തം. കലി ആവേശിതനായി രാജ്യവും ധനവും പിന്നെ സ്വന്തം പത്നിയേയും മക്കളേയും വരെ ഉപേക്ഷിച്ചു കാട്ടില്‍ അലയുകയും, മറ്റൊരു രാജാവിന്റെ ആശ്രിതനായി കഴിയേണ്ടി വരുകയും ചെയ്യുന്ന നള മഹാരാജാവിന്റെയും, അദ്ദേഹത്തിന്റെ പത്നിയായ ദമയന്തിയുടേയും സംഘര്‍ഷഭരിതമായ കഥയാണു നളചരിതം.

അവതരണ ശൈലി
കൃത്യമായ ഒരു അവതരണ ശൈലീ പൊതുവെ നളചരിത അവതരണത്തിനില്ല. കലാകാലങ്ങളായി അരങ്ങില്‍ അനുവര്‍ത്തിച്ചു പോരുന്നതും പിന്നെ പല പല കലാകാരന്‍മാരാല്‍ കൂട്ടിച്ചേര്‍ത്തും ആണു ഇതിലെ അവതരണ രീതി. ഓരോ ദിവസവും ഓരോ രാത്രി മുഴുവന്‍ ആടാനുള്ളതാണെങ്കിലും, പല പല ഭാഗങ്ങളും ഒഴിവാക്കാറാണു പതിവ്. സാധാരണ അവതരിപ്പിക്കുന്ന രീതി ഇവിടെ വിവരിക്കാം.

രംഗം 1 (ദമയന്തി, കേശിനി)

ഋതുപര്‍ണ്ണ മഹാരാജവിന്റെ കൊട്ടാരത്തില്‍ വസിക്കുന്ന ബാഹുകന്‍ എന്ന ആള്‍ നളന്‍ അല്ലേ എന്നു സംശയിച്ച ദമയന്തി, ബാഹുകനെ കുണ്ടിനത്തില്ലേക്കു വരുത്തുവാനായി സുദേവനെ ഋതുപര്‍ണ്ണ രാജ്യധാനിയിലേക്കു അയക്കുന്നു. “വേഗം ഋതുപര്‍ണ്ണനെ ഇങ്ങോട്ടു വരുത്താം” എന്ന സുദേവന്റെ വാ‍ക്കിനെ വിശ്വസിച്ചിരിക്കുന്ന ദമയന്തി ഒരു രഥത്തിന്റെ ശബ്ദം കേട്ടു സന്തോഷവതിയാകുന്നു. എന്നാ‍ല്‍ രഥം അടുത്തു എത്തിയപ്പോള്‍ അതില്‍ നളമഹാരാജാവിനെ കണ്ടുമില്ല. എന്നാലും മാതലിയെ പോലും അതിശയിപ്പിക്കുന്ന രഥ വേഗം കണ്ടു സമാധാനം കൈകൊള്ളുന്നു.

രംഗം 2 (ദമയന്തി, കേശിനി)

തന്റെ വിരഹ ദുഃഖത്തിനു അറുതി വരുത്തണം എന്നു ദമയന്തി തിരുമാനിക്കുന്നു. ഈ കറുത്ത വേഷ ധാരിയായ ബാഹുകനെ നിരീക്ഷിക്കുവാന്‍ കേശിനിയെ ചട്ടം കെട്ടുന്നു. എല്ലാം ചോദിച്ചും ഒളിഞ്ഞും നിന്നു നിരീക്ഷിച്ചും മനസ്സിലാക്കാ‍ന്‍ നിര്‍ദ്ദേശിക്കുന്നു.

രംഗം 3 (ബാഹുകന്‍, കേശിനി)

ഇവിടെ വന്ന നിങ്ങള്‍ ആരാണെന്നും പേരും വിവരങ്ങളും ബാഹുകനോടു കേശിനി ചോദിക്കുന്നു. ബാഹുകന്‍ ആകട്ടെ ഞങ്ങള്‍ ഋതുപര്‍ണ്ണ രാജാവിന്റെ തേരാളികള്‍ ആണെന്നും പേരും അറിയിക്കുന്നു. സ്വന്തം കൊട്ടാരത്തില്‍ പോലും കാണാന്‍ കിട്ടാത്ത ഋതുപര്‍ണ്ണന്‍ ഇങ്ങു വരാന്‍ കാരണം എന്തു എന്ന അന്വേഷിക്കുന്ന കേശിനിയോട്, നളനെ ഉപേക്ഷിച്ചു രണ്ടാം വിഹാഹത്തിനൊരുങ്ങുന്ന ദമയന്തിയെ വേള്‍ക്കാന്‍ ഇവിടെ ഇനി വളരെ അധികം ഭൂപന്മാര്‍ വരും എന്നു ബാഹുകന്‍ മറുപടി പറയുന്നു. അപ്പോള്‍ കേശിനി, ദിക്കില്‍ എങ്ങാനും നള സല്‍ക്കഥ എന്തെങ്കിലും കേള്‍ക്കനുണ്ടൊ എന്നു അന്വേഷിക്കുന്നു. നളന്‍ ഒളിവില്‍ ഉണ്ടൊ ഇല്ലയോ എന്നു പോലും ആര്‍ക്കും അറിയില്ല എന്നും ഈ പുനര്‍ വിവാഹ വേളയില്‍ അതു അന്വേഷിക്കണ്ട ആവശ്യം എന്തെന്നും ബാഹുകന്‍ ചോദിക്കുന്നു.അനന്തരം ബാഹുകന്‍, ഋതുപര്‍ണ്ണനു ഭക്ഷണം പാകം ചെയ്യന്‍ പുറപ്പെടുന്നു. പാചക ശാലയില്‍ എത്തിയപ്പോള്‍ അവിടെ അഗ്നിക്കുള്ള വിറകും പാചകത്തിനുള്ള വെള്ളവും ഉണ്ടായിരുന്നില്ല. എന്നാല്‍ ദേവവര പ്രാപ്തിയാല്‍ ഇവ നളനു നിഷ്പ്രയാസം ലഭിക്കുന്നു. അനന്തരം ഭക്ഷണം ഋതുപര്‍ണ്ണ രാജാവിനു വിളംബിയ ശേഷം രഥ സമീപം എത്തിയ ബാഹുകന്‍ വാടിപോയ പൂക്കളെ കണ്ടു അവയെ മെല്ലെ തലോടിയപ്പോള്‍, ദേവന്ദ്ര വര ബലത്താല്‍ അവ വീണ്ടും പുഷ്പ്പിക്കകയും ചെയ്തു. ബാഹുകന്റെ ഈ പ്രവര്‍ത്തികള്‍ എല്ലാം കേശിനി ഒളിഞ്ഞു നിന്നു നിരീക്ഷിക്കുന്നുണ്ടായിരുന്നു.

രംഗം 4 (ദമയന്തി, കേശിനി)
താന്‍ ഒളിഞ്ഞിരുന്നു കണ്ടതെല്ലാം കേശിനി ദമയന്തിയെ അറിയിക്കുന്നു. ഇതില്‍ നിന്നെല്ലാം ഈ ബാഹുകന്‍, നളന്‍ തന്നെ എന്നു ദമയന്തി ഉറപ്പിക്കുന്നു. എന്നാല്‍ നളന്റെ മനോഹരമായ ശരീരം എവിടെ പോയി എന്നു ആശംങ്കിക്കുന്നു. എന്തായാലും തന്റെ ദുഃഖത്തിനറുതി വരുത്താന്‍ മാതാവോടുമാലോചിക്കാന്‍ തന്നെ തിരുമാനിക്കുന്നു.

രംഗം 5 (ബാഹുകന്‍, ദമയന്തി)
ബാഹുക സമീപം എത്തിയ ദമയന്തി, നിനക്കു സമാനായ നളനെ എങ്ങാനും കണ്ടുവോ എന്നു അന്വേഷിക്കുന്നു. ബാഹുകന്‍ ആകട്ടെ തന്റെ പ്രിയതമയെ വളരെ കാലത്തിനുശേഷം കണ്ടപ്പോള്‍ ആനന്ദവാന്‍ ആകുകയും ചെയ്തു. തന്റെ ദുഃഖങ്ങള്‍ ദമയന്തി നളനോടു പറയുന്നു. ധാരാളം ബ്രാഹ്മണരെ അയച്ച കാര്യം സൂചിപ്പിക്കുകയും ചെയ്തു. ഇതു കേട്ട നളനാ‍കട്ടെ സുദേവന്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കുകയും അതില്‍ ദമയന്തിക്കുള്ള പങ്കില്‍ സംശിയിക്കുകയും ചെയ്യുന്നു. അപ്പൊള്‍ തന്നെ പണ്ടു കാര്‍ക്കോടകന്‍ തന്ന വസ്ത്രം ധരിച്ചു തന്റെ യഥാര്‍ത്ഥ രൂപത്തില്‍ പ്രത്യക്ഷപെടുന്നു. തന്നെ പുണരുവാന്‍ ഓടിയടുക്കുന്ന ദമയന്തിയെ തടഞ്ഞു കൊണ്ടു ഏറ്റവും ക്രോധാകുലനായി ദമയന്തിയൊടു കയര്‍ക്കുന്നു. തന്റെ നിരപരാധിത്തം പല തവണ പറഞ്ഞിട്ടും നളന്‍ അതോന്നും വിശ്വസിക്കുന്നില്ല എന്നു കണ്ട ദമയന്തി, എല്ലാം ഈശ്വര പക്ഷം സമര്‍പ്പിച്ച് നളന്റെ കാല്‍ക്കല്‍ വീണു കേഴുന്നു.
ഇപ്പൊള്‍ എന്തു ചെയ്യണം എന്നു അറിയാതെ ഉഴറിയ നളന്‍ ഒരു അശരീരി കേള്‍ക്കുന്നു. ദമയന്തി നിര്‍ദോഷയാണെന്നു രണ്ടാം വിവാഹ വാര്‍ത്ത ഇതിനുള്ള ഒരു ഉപായം മാത്രം ആണെന്നു നളന്‍ മനസ്സിലാക്കുന്നു. അനന്തരം സന്തോഷത്തൊടെ ദമയന്തിയെ സ്വീകരിച്ച നളന്‍, പത്നിയോടു കൂടെ ഭീമരാജാവിനെ കാണാന്‍ പുറപ്പെടുന്നു.

പ്രകടനം

ബാഹുകന്‍ : ശ്രീ കലാമണ്ഡലം ഷണ്മുഖന്‍
ദമയന്തി : ശ്രീ ചെംബക്കര വിജയന്‍
കേശിനി : ശ്രീ കലാമണ്ഡലം അരുണ് വാര്യര്‍


സംഗീതം : ശ്രീ കലാനിലയം രാജീവന്‍, ശ്രീ നെടുംബിള്ളി രാമന്‍
ചെണ്ട : ശ്രീ കലാമണ്ഡലം ഹരീഷ്
മദ്ദളം : ശ്രീ കലാനിലയം മനോജ്


വളരെ തഴക്കം വന്ന കലാകാര്‍ന്മാര്‍ക്കു മാത്രം ഫലപ്രദമായി അവതരിപ്പിക്കാന്‍ കഴിയുന്നതാണു നളചരിതം നാലാം ദിവസത്തിലെ ദമയന്തിയും ബാഹുകനും. തീവ്രമായ വിരഹ ദുഃഖവും, തന്റെ പ്രയത്നം വിജയിക്കുന്നതില്ലുള്ള സന്തോഷവും വളരെ സമര്‍ത്ഥമായി അവതരിപ്പിക്കാന്‍ ദമയന്തിക്കു കഴിയണം. അവസാന സമാഗമ രംഗത്തില്‍ നളനെ കണ്ടതിലുള്ള സന്തോഷത്തോടൊപ്പം തന്റെ നിരപരാധിത്തം തെളിയിക്കുന്നതിലുള്ള മിടുക്കും ദമയന്തി പ്രകടിപ്പിക്കണം. ഇങ്ങനെ അരങ്ങത്തു അവതരിപ്പിച്ചു ഫലിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടാണു ഈ കഥാപാത്രം. “കോട്ടക്കല്‍ ശിവരാമന്‍” എന്നൊരു അതുല്യ കലാകാരനിലൂടെ നാം ഇത്തരം ഒരു അവതരണം അടുത്തറിഞ്ഞിട്ടുള്ളതുമാണു. എന്നാല്‍ ദൌര്‍ഭാഗ്യകരം എന്നു പറയട്ടെ “ശിവരാമനു” ശേഷം നല്ലൊരു നാലാം ദിവസം ദമയന്തിയെ കാണാന്‍ സാധിച്ചിരുന്നില്ല. അതിനൊരു അപവാദമായി ഈ ദിവസത്തെ വിജയന്റെ പ്രകടനം.

വളരെ പക്വമായി തന്നെ ദമയന്തിയെ അവതരിപ്പിക്കാ‍ന്‍ വിജയനു കഴിഞ്ഞു. ഇപ്പൊള്‍ പൊട്ടിതെറിക്കും എന്നു തോന്നിക്കുമാറ്, എന്നാല്‍ എല്ലാം ഉള്ളിലൊതുക്കി നളനെ കണ്ടുമുട്ടാ‍ന്‍ തീവ്രമായി പ്രയത്നിക്കുന്ന ഒരു ദമയന്തി ആയിരുന്നു വിജയന്‍ അവതരിപ്പിച്ചതു.ഇന്നുള്ള സ്ത്രീ വേഷക്കാരില്‍ മുന്‍പന്തിയില്‍ തന്നെ ആണു വിജയന്റെ സ്ഥാനം. “കോട്ടക്കല്‍ ശിവരാമനു” ശേഷവും സ്ത്രീ വേഷം ജീവിക്കും എന്നു ഉറപ്പായി.
അതുപോലെ തന്നെ ആണു ഇതിലെ ബാഹുകന്റെ കാര്യവും.തന്റെ പ്രിയ പത്നി പുനര്‍ വിവാഹത്തിനൊരുങ്ങി എന്ന വാര്‍ത്ത, അതിനു തയ്യറായി വന്ന ഋതുപര്‍ണ്ണന്റെ സാരഥിയായി വീണ്ടും ഭാര്യ ഗൃഹത്തില്‍ എത്തിയതിലുള്ള അവസ്ഥ, അവിടെ ചെന്നു പാചക ശാലയില്‍ കഴിയേണ്ടി വന്നതും അങ്ങിനെ “ഒന്നല്ല നളനുള്ള ആധി”. അവാസാനം ദമയന്തിയെ കാണുന്ന സമയത്തുള്ള ആനന്ദവും, അതെ സമയം പുനര്‍ വിവാഹത്തിന്റെ ആശംങ്കകളും അതു മൂലമുണ്ടായ കോപവും എല്ലാം സമര്‍ത്ഥമായി അവതരിപ്പിക്കേണ്ടതാണു.


ഇന്നത്തെ യുവ കഥകളി കലാകാരന്മാരില്‍ പ്രമുഖനാണു കലാമണ്ഡലം ഷണ്മുഖന്‍. സ്ത്രീ വേഷത്തിലൂടെയാണു പ്രശസ്തമായതു എങ്ങിലും ഇന്നു പ്രധാന പച്ച, കത്തി വേഷങ്ങള്‍ അരങ്ങത്തു അവതരിപ്പിക്കാന്‍ പ്രത്യേക കഴിവു ഉണ്ടു. മികച്ച വേഷ ഭംഗി, തെറ്റില്ലാത്ത ചൊല്ലിയാട്ടം, നല്ല അര്‍പ്പണ്ണ ബോധം എന്നിങ്ങനെ പല പ്രത്യേകതകളും ഷണ്മുഖന്ടെ വേഷത്തിനുണ്ടു.


പലപ്പോഴും “ഗോപി” അനുകരണം ഉണ്ടായി എന്നതും ശ്രദ്ധിക്കണ്ടതാണു. അല്ലെങ്കിലും ഇന്നു നളചരിതം നാലു ബാഹുകനു മറ്റോരു “മോഡല്‍” ഇല്ലല്ലോ? ആട്ടങ്ങളിലും മികവു കാണിച്ചു. ദമയന്തിയുടെ കുട്ടികളെ പറ്റി കേശിനിയോടു ചോദിച്ചു മനസ്സിലാക്കിയതും നന്നായി തോന്നി.അവസാന രംഗങ്ങള്‍ ഏറെ ചടുലമായി. ബാ‍ഹുകന്റെ പദങ്ങള്‍ വളരെ ദ്രുതഗതിയില്‍ ഉള്ളവയാണു. മുദ്രകള്‍ വളരെ വേഗത്തില്‍, താളത്തില്‍, തനിമ നഷ്ടപ്പെടാതെ കാണിക്കുക ഒട്ടും എളുപ്പമല്ല. കലാമണ്ഡലം ഗോപിക്കു ഇതിലുള്ള കഴിവു എടുത്തു പറയേണ്ടതാണു. ഗോപിയാശാന്‍ ഇവിടെ മുദ്ര കാണിക്കുന്നതിനു ഒരു പ്രത്യേക ഭംഗി തോന്നിയിട്ടുണ്ടു. ഇതെല്ലാം ആണു മറ്റുള്ളവര്‍ സ്വായത്തം ആക്കാന്‍ ശ്രമിക്കേണ്ടതു. വളരെ കാലത്തെ പരിശ്രമവും കെട്ടി തഴക്കവും ഇതിനു ആവിശ്യമാണു. ഷണ്മുഖന്റെ ബാഹുകനുള്ള ഒരു ദോഷവും അതായിരുന്നു, കെട്ടി തഴക്കം ഇല്ലായ്മ. കാലത്തിനു മാത്രമെ അതു പരിഹരിക്കന്‍ കഴിയുള്ളു. അതു നമ്മുക്കു പ്രതീക്ഷിക്കാം. കൂടുതല്‍ അരങ്ങുകള്‍ കൊടുത്തു ഇത്തരം കലാകാര്‍ന്മാരെ വളര്‍ത്താം.കലാനിലയം രാജീവനും നെടുംബിള്ളി രാമനും ചേര്‍ന്നുള്ള സംഗീതവും ഏറെ മികവു പുലര്‍ത്തി, പ്രത്യേകിച്ചും അവസാന രംഗത്തില്‍. സാധാരണ ഒഴിവാക്കാറുള്ള “സ്ഥിരബോധം മറഞ്ഞു” എന്ന ചരണവും ഇവിടെ ആടുകയുണ്ടായി. അതു കഥാഗതിക്കു വളരെ ആവശ്യമാണു താനും.കലാമണ്ഡലം ഹരീഷിന്റെ ചെണ്ട പലപ്പോഴും കല്ലുകടിയായി എന്നു പറയാതെ വയ്യ. പരിചയക്കുറവാണു പ്രധാനപ്രശ്നം എന്നു തോന്നുന്നു. ബാഹുകന്‍ കാര്‍ക്കോടകന്‍ നല്‍കിയ വസ്ത്രം ധരിക്കുന്ന സമയത്തു “വലംതല” പ്രയോഗിച്ചതിനു മറ്റോരു കാരണവും കാണുനില്ല. എന്നിരുന്നാലും നല്ല കഴിവുള്ള കലാകാരന്‍ തന്നെയാണു ഹരീഷും, മദ്ദളം നന്നയി വായിച്ച കലാനിലയം പ്രകാശനും. കലാമണ്ഡലം അരുണ്‍ വാര്യരുടെ കേശിനിയും നന്നായിരുന്നു. എന്നാലും “കളിയിലെ താരം“ ചെംബക്കര വിജയന്‍ തന്നെ.


പൊതുവെ വളരെ നല്ല നിലവാരം പുലര്‍ത്താന്‍ ഈ കഥകളിക്കു കഴിഞ്ഞു. കഥകളിയുടെ ഭാവി അത്ര കണ്ടു ഇരുള്‍ അടഞ്ഞതാണെന്നു പറയാന്‍ പറ്റില്ല, ഈ പ്രകടനം കണ്ടാല്‍. ഇവര്‍ക്കല്ലാം ഇനിയും നല്ല അരങ്ങുകള്‍ കിട്ടി ഉയരങ്ങളിലെക്കു വളരട്ടേ എന്നു ആശംസിക്കുന്നു.