Friday, January 30, 2009

ഇരിങ്ങാലക്കുട കഥകളി ക്ലബ് വാര്‍ഷികം - 1

ഇരിങ്ങാലക്കുട കഥകളി ക്ലബിന്റെ വാര്‍ഷിക ആഘോഷത്തിനു 25/1/2009 ല്‍ നടത്തിയ ബാണയുദ്ധം, ദക്ഷയാഗം എന്നീ കഥകളുടെ അവതരണ വിശേഷം.
കോട്ടക്കല്‍ ആര്യവൈദ്യശാല ട്രൂപ്പാണ് കഥകളി അവതരിപ്പിച്ചത്. ആദ്യമായി അരങ്ങേറിയതു ബാണയുദ്ധമായിരുന്നു. ചന്ദ്രശേഖര വാര്യരുടെ ബാണനായിരുന്നു ഇതിലെ സവിശേഷത.





നല്ലൊരു ആട്ടകഥയാട്ടും, വേണ്ടത്ര പ്രചാരം ബാണയുദ്ധതിനില്ലാതെ പോയി. “ഉഷ-ചിത്രലേഖ” രംഗം മാത്രമാണ് ഇതിനു ഒരു അപവാദം. “വടക്കന്‍” മേഖലയില്‍ പ്രത്യേകിച്ചും. ഇവിടെ ഇതിനു മുന്‍പു കാണന്‍ കഴിഞ്ഞിട്ടുള്ളതു മടവൂരാശാന്റെ ബാണന്‍ ആണ്.

കോട്ടക്കല്‍ ട്രൂപ്പ് ചിട്ടപ്പെടുത്തിയ രീതിയില്‍ ആണ് ഇവിടെ അവതരിപ്പിച്ചത്. ആദ്യം ശൃംഗാര രസത്തിലുള്ള പതിഞ്ഞ തിരനോക്ക്. പിന്നെ ബാണനും പത്നിയും ചേര്‍ന്നുള്ള പതിഞ്ഞ പദവും മറുപടി പദവും. അതിനു ശേഷം തന്ടെ ആയിരം കൈകള്‍ നോക്കി, ഈ കൈകള്‍ എല്ലാം കൂടി ഇവളെ ആലിംഗനം ചെയ്താല്‍ ഇവള്‍ പൊടിഞ്ഞു പോകും. അതിനാല്‍ കൈകളോട് “നിങ്ങള്‍ മാറി മാറിയെ ഇവളെ ആലിംഗനം ചെയ്യാവു. നിങ്ങള്‍ ചിലര്‍ ഇവളുടെ മുടി തലോടിക്കോളു. വേറെ ചിലര്‍ ഇവളെ ചന്ദനം ചാര്‍ത്തിക്കോളു”. ഇപ്രകാരം ഒരോരുത്തര്‍ക്കും ഒരോരൊ ജോലികള്‍ നല്‍കുന്നു. തലമുടിയും മയില്പീലിയും തമ്മില്‍ നടന്ന മത്സരവും ഇവിടെ വിസ്തരിച്ച് ആടുകയുണ്ടായി. പിന്നെ പത്നിയുമായി കുറച്ചു നേരം സല്ലപിക്കുന്നു. പഞ്ചബാണ കേളികള്‍ക്കു ശേഷം ക്ഷീണിതനായ ബാണന്‍, വിശ്രമിക്കാനായി പത്നിയെ യാത്രയാക്കുന്നു.

പിന്നെ തന്റേടാട്ടം. “എനിക്കു ഏറ്റവും സുഖം ഭവിച്ചു ...” അതിനു കാരണം അന്വേഷിക്കുന്നു. “തന്റെ അച്‌ഛനായ മഹാബലി, വിഷ്ണുവിനെ കാവല്‍ക്കാരനാക്കി പാതാളത്തില്‍ വാഴുന്നു. താന്‍ ആകട്ടെ ശിവനെ തപസ്സ് ചെയ്ത് പ്രീതിപെടുത്തി ഏറ്റവും കരുത്തനായി. ശിവന്റെ താണ്ഡവ നൃത്തത്തിനു, ആയിരം കൈകള്‍ ഉപയോഗിച്ച് വാദ്യങ്ങള്‍ ഉപയോഗിച്ച് ശിവനെ സംതൃപ്തനാക്കി. സന്തോഷവാനായ ശിവന്‍ തനിക്കു വീണ്ടും വരങ്ങള്‍ തന്നു. ശിവന്‍ തന്നെ സപരിവാരം ഗോപുരത്തില്‍ വന്നു താമസിച്ച് എന്നെ കാക്കണം എന്നു ആവിശ്യപെട്ടു. ഇപ്രകാരം ശിവനാല്‍ കാക്കപ്പെടുന്ന എനിക്കു ശത്രുക്കള്‍ ഇല്ലാതെയായി. സ്വന്തം കൈതരിപ്പ് തീര്‍ക്കാന്‍ വഴിയില്ലാതെയായി. ഇനി അതിനുള്ള വഴി ശിവനെ കണ്ടു തന്നെ അന്വേഷിക്കുക തന്നെ”




ഇവിടെ ആയിരം കൈകള്‍‍ കൊണ്ടുള്ള വാദനം വളരെ വിസ്തരിച്ച് ഒരു തനിയാവര്‍ത്തനം ശൈലിയില്‍ ആടുകയുണ്ടായി. നല്ല മേളത്തോടു കൂടി അത് ആസ്വാദ്യമായെങ്കിലും അവിടെ ആവിശ്യമില്ലെന്നു തോന്നി.

വാര്യരുടെ ബാണനും വലിയ നാരായണന്റെ പാട്ടും ഒക്കെ വളരെ നന്നായി. എന്നാലും ബാണന്റെ അവതരണ രീതി ശരിയെന്നു തോന്നുന്നില്ല. ഒന്നാമതു “പതിഞ്ഞ പദവും”, “തന്റേടാട്ടവും” കൂടി വരുന്നതു ഉചിതമല്ല. തിരനോക്കു മുതല്‍ പദവും ആട്ടവും കഴിയുന്നതു വരെ രസം ശൃംഗാരം തന്നെ. പിന്നെ രസം വീരത്തിലേക്കു മാറണം. അതിനു ഇവിടെ യാതോരു അവലംബവും ഇല്ല. സാധാരണ ഒരു ശബ്ദം കേള്‍ക്കുന്നതോ ആനുചുതമായി എന്തെങ്കിലും കാണുന്നതോ അതിനു കാരണമാകാം. ഇവിടെ അങ്ങിനെ യാതൊന്നും ഇല്ല. പിന്നെ പ്രസിദ്ധമായ ഗോപുരം ആട്ടം ആകുമ്പോഷേക്കും നടന്‍ തളരാനും സാദ്ധ്യതയുണ്ട്. ഇതെല്ലാം നോക്കുമ്പോള്‍ ആദ്യന്തം വീര രസത്തോടെ, “പതിഞ്ഞ പദം” ഇല്ലാതെ, ഉള്ള മടവൂരാശന്റെ ശൈലി ആണു നല്ലതെന്നു തോന്നുന്നു.




വാസുദേവന്റെ ചിത്രലേഖയും നന്നായി. ഉഷയായി ഹരികുമാറും രംഗത്തെത്തി. എന്നാല്‍ ഈ ഭാഗത്ത് മധുവിന്റെ സംഗീതം വേണ്ടപോലെ ആയില്ല.
“ദക്ഷയാഗം” വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍. :)

8 comments:

Sreekanth | ശ്രീകാന്ത് said...

അഭിപ്രായങ്ങള്‍ രേഖപെടുത്തുക

Haree said...

1. "ഇവിടെ ആയിരം കൈകള്‍‍ കൊണ്ടുള്ള വാദനം വളരെ വിസ്തരിച്ച് ഒരു തനിയാവര്‍ത്തനം ശൈലിയില്‍ ആടുകയുണ്ടായി. നല്ല മേളത്തോടു കൂടി അത് ആസ്വാദ്യമായെങ്കിലും അവിടെ ആവിശ്യമില്ലെന്നു തോന്നി." - മേളം നന്നായെങ്കില്‍ ഇതു ചേര്‍ക്കുന്നതില്‍ എന്താണ് കുഴപ്പം? വളരെ നീട്ടേണ്ടതില്ല, എങ്കിലും ഒരു പ്രത്യേകതയുള്ള ഭാഗമാണല്ലോയിത്, തീര്‍ത്തും ഒഴിവാക്കേണ്ടതുണ്ടെന്നും തോന്നുന്നില്ല.

2. പതിഞ്ഞ പദം ആട്ടക്കഥയില്‍ ഉള്ളതല്ലേ? അതൊഴിവാക്കുന്നത് ശരിയെന്നു തോന്നുന്നില്ല. പിന്നെ തന്റേടാട്ടം, കഥയുടെ യഥാര്‍ത്ഥ ചിട്ടയില്‍ അതുണ്ടോ? അതോ ആട്ടമാടുവാനായി നടന്മാര്‍ തിരുകി കയറ്റിയതാണോ അത്? കാമകേളികളാല്‍ ക്ഷീണിതനായ ബാണന്‍ വിശ്രമിക്കുന്നു, വിശ്രമത്തിനു ശേഷം വല്ലാതെ കൈ തരിക്കുന്നതായി ആടുക. അപ്പോളേക്ക് പതിയെ രസം വീരരസത്തിലേക്ക് മാറി തുടങ്ങാം. തുടര്‍ന്ന് തന്റേടാട്ടത്തിലെത്താം, ഇവിടെ രസം മാറുന്നതില്‍ അത്ര പ്രശ്നമില്ലെന്നു തോന്നുന്നു. പതിഞ്ഞ പദവും, തന്റേടാട്ടവും ഒഴിവാക്കേണ്ടതില്ല.

3. “മധുവിന്റെ സംഗീതം വേണ്ടപോലെ ആയില്ല.” എന്നു മാത്രമായി പറഞ്ഞു നിര്‍ത്തുന്നത് ശരിയല്ല, കാര്യകാരണങ്ങള്‍ കൂടി പറയുന്നതാണ് നന്ന്. ഉഷ-ചിത്രലേഖ ഒരു വരിയില്‍ എഴുതുവാനുള്ളതേയുള്ളോ! വാസുദേവന്റെ ചിത്രലേഖ എന്തുകൊണ്ട് നന്നായി? ഹരികുമാറിന്റെ ഉഷ നല്ലതെന്നോ മോശമെന്നോ പറയുവാന്‍ കഴിയാത്തതായിരുന്നുവോ?

ബ്ലോഗിലെ ആദ്യ പോസ്റ്റുകള്‍ പോലെ അല്പം കൂടി സമയമെടുത്ത്, വിശദമായി എഴുതുമെന്നു പ്രതീക്ഷിക്കുന്നു.
--

Haree said...

മണിയുടെ പോസ്റ്റിലെന്ന പോലെ ഇവിടെയും വേഷങ്ങളിലെ മാറ്റത്തെക്കുറിച്ച് ഒന്നും പ്രതിപാദിച്ചു കണ്ടില്ല!

അവിടെ ചോദിച്ചത്: “വേഷമാകെ മാറ്റം അനുഭവപ്പെടുന്നല്ലോ, അതിനെക്കുറിച്ച് ഒന്നും എഴുതിക്കാണുകയുണ്ടായില്ല. ശിവന്‍ (പഴുക്ക, മഞ്ഞ ഞൊറി സഹിതം)‍, നന്ദികേശന്‍ (ചുവപ്പ് താടി, ചുവപ്പ് വട്ടമുടി, ചുവപ്പ് കുപ്പായം, ചുവപ്പ് ഞൊറി, ചുവപ്പ് ചാമരം); ഈ രീതിയിലല്ലേ വേണ്ടത്?
--

Sreekanth | ശ്രീകാന്ത് said...

നന്ദി ഹരീ,

1. വളരെ വിസ്തരിച്ചതു തന്നെയാണു വിരസതയ്ക്ക് കാരണം. അധികം സമയമെടുക്കാതെ ഒന്നു കൂടി ചിട്ടപെടുത്തിയാല്‍ നന്നാവും. പിന്നെ ഇവര്‍ക്കെല്ലാം നേരത്തെ തന്നെ നല്ല ധാരണയുള്ള കാരണം നന്നായി. ആ സമയത്ത് ബാണന്‍ തിമില വായിച്ചപ്പോള്‍, പ്രസാദ് ചെണ്ടയിലും, മദ്ദളത്തിനു രവിയും, ഇടയ്ക്ക വായന വിജയരാഘവനും നന്നായി തന്നെ കൈകാര്യം ചെയ്തു.

2. ഇതു ചര്‍ച്ച ചെയ്യേണ്ടതാണ്. ആട്ടകഥയില്‍ ഉള്ളതു കൊണ്ടുമാത്രം ആടണം എന്നില്ല. രണ്ടു രീതിയും കണ്ടപ്പോള്‍ പദമില്ലാത്തതാണ് നല്ലത് എന്നു തോന്നി.

3. ഉഷ-ചിത്രലേഖ പൊതുവെ ഒരു ശരാശരി ആയിരുന്നു. തീരെ ഉണര്‍വില്ലാതെ ആണ് മധു പാടിയത്. ഒരു ഒഴുക്കന്‍ മട്ടില്‍. അതാണ് നന്നായില്ല എന്ന് പറഞ്ഞത്. പിന്നെ വാസുദേവന്റെ ചിത്രലേഖ വളരെ നന്നായി എന്നോ, മോശമായി എന്നോ പറയാന്‍ കഴിയില്ല. നന്നായി. സാധാരണ കാണിക്കാറുള്ളതു പോലെ ഒക്കെ ആയി. ഹരികുമാറിന്റെ ഉഷയും അതുപോലെ. ആകെ കൂടി അന്നത്തെ കളിയിലെ ഏറ്റവും നിറം കുറഞ്ഞ ഒരു ഭാഗമായിരുന്നു അതു. അതു കൊണ്ടാവാം ആസ്വാദനവും അങ്ങിനെ ആയതു. :)

പിന്നെ സമയം തന്നെ വലിയ പ്രശ്നവും. ഇതിനു മുന്‍പു കണ്ട പല കളികളും തീരെ സമയം കിട്ടാത്തത് കൊണ്ട് മാറ്റി വെച്ചൂ. :(

ഇനി എന്തായലും ശ്രദ്ധിച്ച് കൊള്ളാം

Sreekanth | ശ്രീകാന്ത് said...

വേഷം എങ്ങിനെ വേണമെന്നു ഇന്നു നിശ്ചയിക്കുന്നത് അതു കെട്ടുന്ന കലാകാരനാണ്. പിന്നെ ഉടുത്ത് കെട്ടിക്കുന്ന അണിയക്കാരും. അവര്‍ നേരത്തെ തന്നെ എല്ലാം തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു.

മുഖമെഴുത്ത് മുതല്‍ ഇതിനെല്ലാം ഒരു പൊതുരീതി കൊണ്ടു വരണം. കുറച്ചൊക്കെ പരീക്ഷണം ആകാം. പക്ഷെ നല്ലവണ്ണം ആലോചിച്ച് വേണം.

ഇതിനെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ ഇതിനകം നടന്നിട്ടുണ്ട്. എന്നാല്‍ ഒന്നും വേണ്ടത്ര ഫലം കണ്ടിട്ടുണ്ടെന്നു തോന്നുന്നില്ല.

വികടശിരോമണി said...

നന്നായി,ശ്രീകാന്ത്.മുൻ‌പോസ്റ്റുകളേക്കാൾ അലസമായി എഴുതിയ പോലെ തോന്നി.എന്തുപറ്റി?
പതിഞ്ഞ പദത്തിൽ നിന്ന് വീരരസത്തിലേക്കുള്ള സംക്രമണത്തിൽ ഒരു കൃത്രിമത്വം തോന്നുന്നുണ്ട് എന്നതു വാസ്തവമാണ്.അതു പരിഹരിക്കേണ്ടതാണ്.

C.Ambujakshan Nair said...

ശ്രീകാന്ത് അവണാവ് എഴുതിയ ബാണയുദ്ധം, ദക്ഷയാഗം കഥകളിയെ പറ്റിയുള്ള വിവരങ്ങൾ വായിച്ചു. ബാണയുദ്ധത്തെ തെക്കൻ കഥയായിട്ടാണ് കണക്കാക്കിയിട്ടുള്ളത്.

ചെങ്ങന്നൂരാശാന്റെ ബാണൻ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്. മടവൂരിന്റെ ബാണൻ ചെങ്ങന്നൂരാശാന്റെ പക൪പ്പു തന്നെ. മാങ്കുളം, ഹരിപ്പാട്, മടവൂർ, ഇഞ്ചക്കാട് തുടങ്ങിയവരുടെ ബാണൻ കണ്ടിട്ടുണ്ട്. (തിരുവനന്തപുരം ഭാഗത്ത് ഓയൂരിന്റെ ബാണൻ ധാരാളം ഉണ്ടായിട്ടുണ്ട്)
ഇപ്പോൾ ഈ കഥയിലെ ഉഷ, ചിത്രലേഖ രംഗം മാത്രമാണ് കൂടുതൽ പ്രചാരത്തിലുള്ളത്. ചന്ദ്രശേഖര വാര്യർക്ക് ഈ വേഷം കെട്ടിയുള്ള പരിചയക്കുറവു തന്നെയാവും അപാകതകളുടെ കാരണങ്ങൾ.
ശിവന്റെ മറുപടിക്കുശേഷം ശിവാംശങ്ങളോട് യുദ്ധത്തിന് ക്ഷണിക്കുന്നത് ഉചിതമല്ല. പാശുപദം നേടാൻ തപസിനെത്തുന്ന അർജ്ജുനൻ എല്ലാം ശിവമയം എന്ന ആശയം ഉൾക്കൊള്ളുന്ന വനവ൪ണ്ണന പോലെ യുദ്ധക്കൊതിയും, അടക്കനാവാത്ത കൈത്തരിപ്പും കൊണ്ട് ശിവാംശങ്ങളെ (വാഹനങ്ങൾ പരസ്പരം) ശത്രുക്കളായി കാണുന്ന ആട്ടങ്ങൾ വളരെ ആസ്വാദനമാണ്.
കലാമണ്ഡലം തുടങ്ങിയ സ്ഥാപനങ്ങളിലെ നടന്മാർക്ക് ബാണൻ കെട്ടാൻ അവസരം വരുമ്പോൾ ഈ വേഷം കെട്ടി ശീലമുള്ള നടന്മാരോട് അവതരണ രീതികൾ ചോദിച്ചറിഞ്ഞ്
ചെയ്തിട്ടുള്ള അനുഭവങ്ങൾ ഉണ്ട് . മൊത്തം പതിനേഴു രംഗങ്ങളാണ് കഥയിലുള്ളത്. ഹരിവംശവും, ശിവമഹാപുരാണവുമാണ് ബാണയുദ്ധത്തിന്റെ അവതരണ പ്രകാരത്തിന് പ്രധാനമായി സ്വീകരിച്ചിട്ടുള്ളത്.

കൃഷ്ണനും പത്നിമാരും തമ്മിലുള്ള ശൃംഗാരപ്പദം ആദ്യ രംഗത്തിലും അടുത്ത രംഗത്തിൽ ബാണനും ബാണപത്നിയും, തമ്മിലുള്ള ശൃംഗാരപ്പദവുമാണ് കഥയിൽ.മൊത്തം പതിനേഴു രംഗങ്ങൾ ബാണയുദ്ധത്തിലുണ്ട്.
കൃഷ്ണന്റെയും ബാണന്റെയും പടപ്പുറപ്പാടുകൾ, ബാണനും അനിരുദ്ധനും, നന്ദിയും പ്രദ്യുമ്നനും, കൃഷ്ണനും ബാണനും തമ്മിലുള്ള യുദ്ധത്തെ കൂടാതെ ശിവജ്വരം വിഷ്ണുജ്വരം എന്നു രണ്ടു താടി വേഷങ്ങളും തമ്മിൽ യുദ്ധവും കഥയിലുണ്ട്. വിഷ്ണുജ്വരം ചുവന്നതാടിയും ശിവജ്വരം താടി വേഷമാണെങ്കിലും തേപ്പിൽ മഞ്ഞ കലർത്തും. വെള്ള പൊടിപ്പു കുപ്പായവും വെളള ഞൊറിയുമാണ് വേഷം.
ഒരിക്കൽ കൃഷ്ണൻ നായരാശാന്റെ ദക്ഷയാഗത്തിലെ വീരഭദ്രൻ കണ്ടിട്ടുണ്ട്. ശിവജ്വരത്തിന്റെ വേഷരീതിയാണ് വീരഭദ്രന് അദ്ദേഹം സ്വീകരിച്ചിരുന്നത്.
ഇന്ന് മടവൂർ കഴിഞ്ഞാൽ ബാണവേഷത്തിന് ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള തികച്ചും യോഗ്യനാണ്. മാർഗിയിൽ ബാണയുദ്ധം കഥയ്ക്ക് ആട്ടപ്രകാരം തയ്യാറാക്കിയിട്ടുണ്ട്. ഹരിപ്പാട് രാമകൃഷ്ണ പിള്ളയുടെ ബാണനോടൊപ്പം കൃഷ്ണൻ നായരാശാന്റെയും പന്തളം (കലാമണ്ഡലം) കേരളവർമ്മയുടെയും വൃദ്ധയും കണ്ടിട്ടുണ്ട്.

ദക്ഷയാഗത്തിൽ ശിവന് മഞ്ഞ ഞൊറിയാണ്. കോട്ടക്കൽ ട്രൂപ്പിൽ ബലരാമനുള്ളതു പോലെ നീലഞൊറിയാണ് ഉപയോഗിച്ചു കാണുന്നത്. എന്താണ് ഈ മാറ്റം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അറിവില്ല.


.

sankaran namboothiri said...

നിങ്ങള് അറിഞ്ഞുവോ ?
പ്രസിദ്ദികരിച്ച ആദ്യ ദിവസം തന്നെ ഇരുനൂറില് ഏറെ പേര് വായിച്ച ആദ്യ ലേഖനം ..
മലയാള സാഹിത്യ ലോകത്ത് ചര്ച്ച വിഷയം ആകുന്നു ഈ രചന ...
"ഉത്തര ആധുനികത വെറും ഗുടായിപ്പ് "
ഓരോ സാഹിത്യ പ്രേമിയും അത്യാവശ്യം വായിച്ചിരിക്കേണ്ട ലേഖനം
ഉത്തര ആധുനികതയുടെ ചുരുള് അഴിക്കുന്ന ലേഖകന്റെ കര വിരുത് ...
വേഗം ആകട്ടെ ..സാഹിത്യ വിദ്യാര്ത്ഥികള്ക്ക് ഒരു ഉത്തമ റഫറന്സ് ....
ഇന്ന് തന്നെ ഈ ലേഖനം വായിക്കുക
http://kavyavedam.blogspot.com/