Sunday, August 17, 2008

തിരനോട്ടം (ദുബാ‍യ്) 2008 - 1

തിരനോട്ടം (ദുബായ്) 2008 ആഗസ്റ്റ് 9നു ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയിത്തില്‍ വെചു അവതരിപ്പിച്ച സമ്പൂര്‍ണ്ണ കിര്‍മ്മീരവധം (നിണത്തോടുകൂടി) കഥകളിയുടെ വിവരണം.

തോടയം, പുറപ്പാട്, മേളപ്പദം
കളി വളരെ നേരത്തെ തന്നെ തുടങ്ങി. തോടയം ആയിരുന്നു ആദ്യം. പിന്നെ പഞ്ച പാണ്ഡവരും പാഞ്ചാലിയും ധൌമ്യനും ചേര്‍ന്ന പുറപ്പാട്, മേളപദം എന്നിവ നടന്നു. മേളപദത്തില്‍ കോട്ടക്കല്‍ മധുവും നെടുമ്പള്ളി രാമനും സംഗീതവും കലാനിലയം കുഞ്ചുണ്ണി, കലാമണ്ഡലം കൃഷ്ണദാസ് എന്നിവര്‍ ചെണ്ടയും
തൃപ്പലമുണ്ട നടരാജവാര്യര്‍, കലാമണ്ഡലം ശശി എന്നിവര്‍ മദ്ദളവും കൈകാര്യം ചെയ്തു.


കിര്‍മ്മീരവധം ഭാഗം - 1 (സുദര്‍ശനം കഴിയുന്നതു വരെ)






കഥാസാരം



ചൂതില്‍ തോറ്റ് വനത്തിലേക്കു പുറപ്പെട്ട പാണ്ഡവന്മാരെ അനവധി ബ്രാഹ്മണര്‍ അനുഗമിക്കുകയുണ്ടായി. കാമ്യകവനത്തിലെത്തിയപ്പോള്‍ ചുട്ടുപോള്ളുന്ന വെയിലില്‍ നടന്നുതളര്‍ന്ന പാഞ്ചാലിയെ കണ്ടു ധര്‍മ്മപുത്രര്‍ അത്യന്തം വിഷാദിച്ചു. ചൂടും വിശപ്പും കൊണ്ടു വലയുന്ന ബ്രാഹ്മണര്‍ക്ക് എങ്ങിനെ ഭക്ഷണം കൊടുക്കും എന്ന ചിന്തയാണ് പാഞ്ചാലിയെ വിഷാദിപ്പിച്ചത്.



ധര്‍മ്മപുത്രര്‍ തന്റെ കുലഗുരുവായ ധൌമ്യന്റെ ഉപദേശപ്രകാരം സൂര്യഭഗവാനെ തപസ്സുചെയ്തു പ്രത്യക്ഷമാക്കി, അക്ഷയപാത്രം നേടി. എല്ലവര്‍ക്കും വേണ്ടുന്ന ഭക്ഷണം ഇതില്‍ നിന്നു ലഭിക്കും; എന്നാല്‍ പാഞ്ചാലി അന്നന്നു ഭക്ഷണം കഴിക്കൂന്നതുവരേക്കുമാത്രം.


അങ്ങിനെ അവര്‍ കാമ്യകവനത്തില്‍ താമസിക്കുന്ന കാലത്ത് ഒരിക്കല്‍ ശ്രീകൃഷ്ണഭഗവാന്‍, പാണ്ഡവര്‍ വനവാസത്തുനു പോയി എന്നറിഞ്ഞ്, അവരെ കാണാന്‍ വനത്തിലെത്തി. ഭഗവദ്ദര്‍ശനത്താല്‍ അവര്‍ മുദിതരായി എങ്കിലും, ധാര്‍ത്തരാഷ്ട്രരുടെ നികൃതിയാല്‍ നാടുപേക്ഷിച്ച് വനവാസം ചെയ്യേണ്ടിവന്ന തങ്ങളുടെ ദുര്യോഗത്തെപ്പറ്റി ധര്‍മ്മപുത്രര്‍ ശ്രീകൃഷ്ണനോട് സങ്കടം പറഞ്ഞു.


ഇതുകേട്ട് ഭഗവാന്‍ അത്യന്തം കുപിതനായി, ദുര്യോധനാദികളെ ഉടന്‍ ഹനിക്കുന്നുണ്ടെന്നു പറഞ്ഞ്, ശത്രുനിഗ്രഹത്തിനായി സുദര്‍ശനത്തെ നിയോഗിച്ചു. സംഹാരമൂര്‍ത്തിയെ പോലെ പ്രത്യക്ഷപെട്ട സുദര്‍ശനത്തെ കണ്ടിട്ടു ധര്‍മ്മപുത്രര്‍ കൃഷ്ണനോട് ശത്രുനിഗ്രഹം ഇപ്പോള്‍ ചെയ്യേണ്ടിതില്ല എന്നുപറഞ്ഞ് സമാധനിപ്പിച്ച് ചക്രത്തെ പ്രതിസംഹരിപ്പിച്ചു. കൃഷ്ണന്‍ പാണ്ഡവരെ അനുഗ്രഹിച്ച് മടങ്ങിപ്പോയി.

(ആട്ടകഥയില്‍ മൂലത്തില്‍ നിന്നു ധാരളം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടു.)


അവതരണ രീതിയും പ്രകടനവും



കഥകളിയില്‍ അവതരിപ്പിച്ചു ഫലിപ്പിക്കാന്‍ ഏറ്റവും വിഷമം പിടിച്ച ഒരു കഥപാത്രമാണു കിര്‍മ്മീരവധത്തിലെ ധര്‍മ്മപുത്രര്‍. “ബാലേ കേള്‍ നീ ...” എന്ന പതിഞ്ഞ പദത്തോടെയാണു തുടക്കം. അതിലെ പതിഞ്ഞ വട്ടംവച്ചു കലാശം സ്ഥായി ഒട്ടും നഷ്ടപ്പെടാതെ എടുക്കേണ്ടതാണു. ധീരോദാത്ത നായകനു ചേര്‍ന്ന രീതിയിലാവണം ശോക സ്ഥായി നിലനിര്‍ത്തേണ്ടതു.



ആദ്യ രംഗത്തില്‍ ധര്‍മ്മപുത്രരും പഞ്ചാലിയും ഏറെ ദുഃഖിതരായി പ്രവേശിക്കുന്നു. അതിനു ശേഷം ധര്‍മ്മപുത്രര്‍ , ‍വേനക്കാലത്തെ നട്ടുച്ചയിലെ നഖം പൊള്ളുന്ന ചൂടേറ്റ് തളര്‍ന്നവളും പൊടികാറ്റിനാല്‍ മലിനാവ്രതമായ ദേഹത്തോടു കൂടിയവളുമായ പാഞ്ചാലിയെ കണ്ടു ഏറെ ദുഃഖിതാനായി. നല്ല മണിമയ സദനത്തില്‍, പുതിയ പുതിയ പുഷ്പങ്ങളാല്‍ അലംകൃതമായ നല്ല മനോഹരമായ ശയനത്തില്‍ വസിച്ചിരുന്ന പാഞ്ചാലി എങ്ങിനെ ഈ ഘോരവനത്തില്‍ വാഴുന്നു എന്നോര്‍ത്തു ആകുലപ്പെടുന്നു.






എന്നാല്‍ പാഞ്ചാലിയകട്ടെ തന്റെ കൂടെയുള്ള ആബാലവൃദ്ധം ജനങ്ങള്‍ക്കു എങ്ങിനെ ഭക്ഷണം കൊടുക്കും എന്നോര്‍ത്ത് വ്യാകുലപ്പെടുന്നു. ഈ ദു:ഖം കുലഗുരുവായ ധൌമ്യനോടു പറയാന്‍ ധര്‍മ്മപുത്രര്‍ തിരുമാനിക്കുന്നു. ഈ രംഗം ഇവിടെ വളരെ ഭംഗിയായി അവതരിപ്പിക്കാന്‍ ധര്‍മ്മപുത്രരായി രംഗത്തു വന്ന ശ്രീ കലാമണ്ഡലം ഗോപിക്കു കഴിഞ്ഞു.

70 നു മുകളിലുള്ള പ്രായത്തിനു പോലും തോല്‍പ്പിക്കാന്‍ കഴിയാത്ത രൂപ ഭംഗിയും, മികച്ച ശിക്ഷണത്താലും കടുത്ത തപസ്സിനാലും സ്വായത്തമാക്കിയ അവതരണ മികവും ഇദ്ദേഹത്തെ ഇന്നും സദസിനു ഏറെ പ്രിയങ്കരനാക്കുന്നു. ഇവിടെയും ധര്‍മ്മപുത്രരുടെ സ്ഥായി നിലനിര്‍ത്തുന്നതില്‍ അദ്ദേഹം ഏറെ വിജയിച്ചു. പാഞ്ചാലിയായി വന്ന കലാമണ്ഡലും ഷണ്മുഖദാസും വളരെ നന്നയി പ്രവര്‍ത്തിച്ചു. രംഗത്തിലുട നീളം ശോകസ്ഥായി നിലനിര്‍ത്താനും ഷണ്മുഖദാസിനു കഴിഞ്ഞു.

ഇവിടെ സംഗീതം കൈകാര്യം ചെയ്തതു കലാനിലയം ഉണ്ണികൃഷ്ണനും കോട്ടക്കല്‍ മധുവും ചേര്‍ന്നാണു. വളരെ നന്നയി തന്നെ ഇവര്‍ പാടി. എന്നാലും ഉണ്ണികൃഷ്ണനു കാലം താഴ്ത്തിപാടുന്നതിനേക്കാല്‍ തഴക്കം കുറച്ച് ദ്രുതഗതിയിലുള്ള പദങ്ങളക്കാണെന്നു തോന്നുന്നു. മധു നന്നായി കൂടെ പാടി. ചെണ്ടയില്‍ കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ തന്റെ സ്ഥിരം നൈപുണ്യം തന്നെ പുറത്തിടുത്തു. കിര്‍മ്മിരവധം ധര്‍മ്മപുത്രര്‍ക്കു കൊട്ടുക ഒട്ടും എളുപ്പമല്ല. വളരെ നേര്‍പ്പിച്ചു എന്നാല്‍ മുദ്രക്കും കലാശങ്ങള്‍ക്കും കൊട്ടുക എന്നതാണു ഇവിടെ പ്രധാന പ്രശ്നം. ഇതില്‍ ഇന്നു കലാമണ്ഡലം ഉണ്ണികൃഷ്ണനുള്ളത്ര കഴിവു ആര്‍ക്കും ഉണ്ടെന്നു തോന്നുന്നില്ല. മദ്ദളത്തില്‍ കോട്ടക്കല്‍ രവിയും നന്നായി.





അടുത്ത രംഗത്തില്‍ ധര്‍മ്മപുത്രര്‍ ധൌമ്യനെ വന്ദിച്ച് സങ്കടം ഉണര്‍ത്തിക്കുന്നു. ആദിത്യഭഗവാനെ പൂജ ചെയ്യാന്‍ ധൌമ്യന്‍ ഉപദേശിക്കുന്നു. ആദിത്യ മന്ത്രം സ്വീകരിച്ചു ധര്‍മ്മപുത്രര്‍ ആദിത്യ സേവ ആരംഭിക്കുന്നു. ധൌമ്യനായി കലാമണ്ഡലം അരുണ്‍ വാര്യര്‍ വേഷമിട്ടു.


തപസ്സില്‍ സന്തുഷ്ടനായി ആദിത്യഭഗവാന്‍ പ്രത്യക്ഷപ്പെടുന്നു. ധര്‍മ്മപുത്രരോടു ഇഷ്ടം എന്തെന്നു ചോദിക്കുന്നു. തുടര്‍ന്നു ധര്‍മ്മപുത്രരുടെ ഏറെ കുറെ ദീര്‍ഘമായ ഒരു സ്തുതി. അധികവും സംസ്കൃതത്തിലാണു ഈ രംഗത്തിലെ പദങ്ങള്‍.





പദത്തിനോടുവില്‍ ധര്‍മ്മപുത്രര്‍ തന്റെ സങ്കടം അറിയിക്കുന്നു. ആദിത്യ ഭഗവാന്‍ “അക്ഷയ പാത്രം” സമ്മാനിക്കുന്നു. ആദിത്യനായി കലാമണ്ഡലം ശുചീന്ദ്രനാഥ് വേഷമിട്ടു.





പിന്നെ ധര്‍മ്മപുത്രര്‍ ആദിത്യഭഗവാന്‍ മറയുന്നതു വിസ്തരിച്ചു നോക്കി കാണുന്നു. മറഞ്ഞു കഴിഞ്ഞ് തിരിയുന്നതോടു കൂടി ധൌമ്യന്‍ വലത്ത് ഭാഗത്ത് വന്നിരിക്കുന്നു. ധൌമ്യനെ വന്ദിച്ച് പാത്ര വൃത്താന്തം അറിയിക്കുന്നു. അനന്തരം ധൌമ്യനെ യാത്രയാക്കി തിരിയുന്നതോടെ പാഞ്ചാലി ഇടത്തു ഭാഗത്തു വന്ന് നില്‍ക്കുന്നു. പാത്രം നല്‍കി യാത്രയാക്കി ധര്‍മ്മപുത്രര്‍ ശ്രീ‍കൃഷണനെ ധ്യാനിക്കുന്നു.



ഇവിടെ മനോഹരമാണ് ശ്രീകൃഷ്ണന്റെ വര്‍വ്. ധര്‍മ്മപുത്രക്കു പിന്നിലായി വലത്ത് ഭാഗത്ത് തിരശ്ശീല്‍ പിടിക്കുന്നു. ശ്ലോകം ചോല്ലി അതു താഴ്ത്തുന്ന സമയം, സ്റ്റൂളില്‍ പാഞ്ചജന്യം ധരിച്ച് ശ്രീകൃഷ്ണന്‍ പ്രവേശിക്കുന്നു. താഴെക്കു ചാടി ഇറങ്ങി കാല്‍ നിരക്കി കോണ്ടു മുന്‍പോട്ടു വന്ന് ഇരിക്കുന്നു.


തുടര്‍ന്നു ധര്‍മ്മപുത്രരുടെ “പുണ്ഡരീകനയന .. “ എന്ന പദം. പദാവസാനത്തില്‍ ഇപ്രകാരം നാടു ഉപേക്ഷിചു കഴിയുന്ന ഞങ്ങളെ കണ്ടു അങ്ങേക്കൊരു നാണം ഇല്ലേ എന്നു ചൊദിക്കുന്നു. ഈ ഭാഗം ഗോപി വളരെ വിസ്തരിച്ചു അഭിനയിച്ചു.




ഇതു കേട്ട ശ്രീകൃഷ്നന്‍ അത്യന്തം കോപാകുലനാകുന്നു. ഇവിടെയാണു ഒരു പക്ഷെ കിര്‍മ്മീരവധത്തില്‍ ഏറ്റവു പ്രസിദ്ധവും മനോഹരവുമായ “കഷ്ടമഹോ ..: എന്ന പദം. സദനം കൃഷണന്‍കുട്ടി ആണു ഇവിടെ കൃഷ്ണന്‍ ആയി രംഗത്ത് വന്നത്. അപാരമായ താളബൊധം, കെട്ടികാഴ്ച്ച എന്നിവ ഈ കലാകാരന്നെ വ്യത്യസ്തനാക്കുന്നു. ഇവിടെ അദ്ദേഹം വളരെ നന്നയി തന്നെ അവതരിപ്പിച്ചു. എന്നാലും ദേഹം ആകെ ഇളക്കിയുള്ള കളി ഒരു അഭംഗി തന്നെ ആണു.




അനന്തരം സുദര്‍ശനം (തിരനോക്കില്ല) പ്രവേശിക്കുന്നു. ഭഗവാനെ സ്തുതി ചെയ്യുന്ന “മാധവ ജയ ശൌരെ ...” എന്ന പദം മുദ്രകള്‍ ഇല്ലാതെ എടുത്തു ചവിട്ടി ആടുന്നു.



എന്നാല്‍ ധര്‍മ്മപുത്രര്‍ തന്നെ ഭഗവാനെ ആശ്വസിപ്പിക്കുന്നു. അനന്തരം ശ്രീകൃഷ്ണന്‍ യാത്രയാകുന്നു.


പൊതുവെ വളരെ നല്ല നിലവാരം പുലര്‍ത്താന്‍ ഈ കളിക്കായി. എല്ലാവരും ആത്മാര്‍ത്ഥമായി തന്നെ പരിശ്രമിച്ചു. അത്യപൂര്‍വ്വവും അചിന്തനീയവുമായ നല്ല ഒരു “തിക്കി തിരക്കുന്ന” ഒരു സഹൃദയ സദസ്സ് ഈ കളിയുടെ ഒരു വിജയമായിരുന്നു. ഇതിന്റെ സംഘാടകരെ ഇതിനു എത്ര അഭിനന്ദിച്ചാലും മതി വരില്ല.

ഈ കഥയുടെ അടുത്ത ഭാഗത്തെ കുറിച്ചുള്ള വിവരണം ഇവിടെ വായിക്കാം.












10 comments:

Sreekanth | ശ്രീകാന്ത് said...

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക

Haree said...

വേഷങ്ങളെല്ലാം വളരെ നന്നായിരിക്കുന്നു. നല്ല കോപ്പുകളാണല്ലോ അവിടുത്തേത്. ധൌമ്യന് വെള്ളത്താടിയാണോ? കറുപ്പ് താടിയല്ലേ വേണ്ടത്?

ചിത്രങ്ങളെക്കുറിച്ച്: ഫ്രയിമുകൾ അല്പം കൂടി ശ്രദ്ധിച്ചാൽ നന്നായിരിക്കും. ബാക്ക്‌ഗ്രൌണ്ട് നല്ല കറുപ്പായി കിട്ടുന്നത് വളരെ അപൂർവ്വമായാണ്. സംഘാടകരെ അതിന് അഭിനന്ദിക്കേണ്ടതുണ്ട്. അതുപോലെ നല്ല രീതിയിലുള്ള പ്രകാശസം‍വിധാനമായിരുന്നു എന്നും ചിത്രങ്ങൾ കണ്ടിട്ട് തോന്നുന്നുണ്ട്.

നെല്ല്ലിയോട് വാസുദേവൻ നമ്പൂതിരിയുടെ സിംഹികയും, നിണവും; മാർഗി വിജയകുമാറിന്റെ ലളിതയുമൊക്കെ ഉൾപ്പെടുന്ന തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
--

Unknown said...

Dear Shrikant,

Appreciate your for the narration and pictures of Irinjalakuda Kali organized by Thiranottam.

Although I am not actively involved in Thironottam, I do have close association with couple of their founder members and was witnessing the formation of Thiranottam from the concept to what it is now. The sucess of Thiranottom is definetly the genuinity and relentlessness of its founder members whose sole intention is to promote and demonstrate our rich classical dance forms.

Being an young pravasi organisation, its amazing and unbelievable the way Thiranottam has organised Kathakali and other related arts in Dubai and Kerala in manner thats is undiluted, flawless and with perfection. Every time we can witness the improved version.

The idea of black screen behind the stage is excellent for its radidates the brillance of the characters and audience can concentrate more on the performance than getting distracted with other stage furnitures.

Wishing Thiranottam many successful events.

Malini
Dubai

Unknown said...

Hi Srikanth,
Your description and photos are erally good. Even though I was at home, I could not manage to be present for this special kali. My sisters and niece were lucky to be there and they told me what I missed. When I see your phots, I really felt what I missed.
eagerly waiting for the second part of your description
Gokul Varma
Edappally
Kochi

AMBUJAKSHAN NAIR said...

Sreekanth,
Your write up is very good. Keep it up. Very Good photos also.
C.Ambujakshan Nair

Vinod Warrier said...

Sudarsanam was not Vinod Warrier (ME). As I was not able to perform that day Kottakkal Sunil was on the stage as Sudarsanam. Please edit the same on the photo.

Dr. Evoor Mohandas said...

Good write up and excellent photos. The photos speak for itself! write up can be more descriptive. Pl select some prominent areas of the 'attom' for detailed description, for it will give the feel of the stage and also will be educative to many.

Best wishes

K.S. Mohnadas

Rajeeve Chelanat said...

ശ്രീകാന്ത്

എന്‍.പി.വിജയകൃഷ്ണനും കലാധരനുമൊക്കെ ശേഷം,കഥകളി/കല എഴുത്തില്‍ ഇനിയാര് എന്നൊരു ആശങ്ക മനസ്സിലുണ്ടായിരുന്നത് മാറിക്കിട്ടി. നന്ദി. ചിത്രങ്ങളും ഗംഭീരം. ഗോപിയാശാ‍ന്റെ സൌന്ദര്യം ഇത്ര ഭംഗിയായി ഒപ്പിയെടുത്തത് അടുത്തൊന്നും എവിടെയും കാണാന്‍ (എനിക്ക്)സാധിച്ചിട്ടില്ല എന്നുകൂടി അറിയിക്കട്ടെ.

ഈ ബ്ല്ലോഗ്ഗിലേക്ക് വിരല്‍‌‌ചൂണ്ടിത്തന്ന നാരായണനും (കെ.ബി.ശ്രീദേവിയുടെ മകനും, തിരനോട്ടത്തിന്റെ മാസ്റ്റര്‍ മൈന്‍ഡും)എത്രയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല.

എഴുത്ത് തുടരുക..

അഭിവാദ്യങ്ങളോടെ

കുറുമാന്‍ said...

വളരെ നന്നാ‍യിരിക്കുന്നു ശ്രീകാ‍ന്ത്. ഇരിങ്ങാ‍ാലക്കുടയില്‍ ഈ സമയം ഇല്ലാണ്ട് പോയല്ലോ എന്ന വിഷമം മാ‍ത്രം ബാക്കി.

നന്ദി ഈ ബ്ലോഗിന്. ഇവിടേക്ക് വഴികാട്ടിയ തിരനോട്ടത്തിനും നന്ദി.

Sreekanth | ശ്രീകാന്ത് said...

അഭിപ്രായം രേഖപെടുത്തിയ എല്ലാവര്‍ക്കും നന്ദി.

@ഹരി,

ഫോട്ടോ എടുക്കുക നല്ല ബുദ്ധിമുട്ടായിരുന്നു. തിരക്കും വീഡിയോ ക്യാമറയും കാരണം ഇരുന്ന ഇരുപ്പില്‍ തന്നെ ആണു എല്ലാം എടുത്തത്.

@വിനോദ്,

തെറ്റ് പറ്റിയതില്‍ ക്ഷമിക്കുക. തിരുത്തിയിട്ടുണ്ട്.

@ഹരി, മാലിനി, ഗോകുല്‍, നായര്‍, വിനോദ്, മോഹന്‍, രാജീവ്, കുറുമാന്‍

എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി. ആവുന്നതു പോലെ ഒക്കെ ചെയ്യാം

അടുത്ത ഭാഗവും എഴുതിയിട്ടുണ്ട്. ദയവായി വായിച്ച് അഭിപ്രായം പറഞ്ഞാലും.