Thursday, August 21, 2008

തിരനോട്ടം (ദുബാ‍യ്) 2008 - 2

തിരനോട്ടം (ദുബായ്) 2008 ആഗസ്റ്റ് 9നു ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയിത്തില്‍ വെചു അവതരിപ്പിച്ച സമ്പൂര്‍ണ്ണ കിര്‍മ്മീരവധം (നിണത്തോടുകൂടി) കഥകളിയുടെ വിവരണം.


കിര്‍മ്മീരവധം ഭാഗം - 2 (ദുര്‍വാസാവ് മുതല്‍ വധം വരെ)

കഥാസാരം
സുദര്‍ശനം കഴിയുന്നതു വരെ ഉള്ള ആദ്യ ഭാഗം ഇവിടെ വായിക്കാം.
പാണ്ഡവര്‍ക്ക് അക്ഷയപാത്രം ലഭിച്ച വൃത്താന്തമറിഞ്ഞ് അസ്വസ്ഥനായ ദുര്യോധനന്‍, പാഞ്ചാലിയുടെ ഭക്ഷണം കഴിഞ്ഞ തക്കം നോക്കി ദുര്‍വാസാവിനെ അവരുടെ അടുത്തേക്കയച്ചു. ധര്‍മ്മപുത്രര്‍ ദുര്‍വാസാവിനെ വണങ്ങി സ്നാനത്തിനായി ഗംഗയിലേക്കയച്ചു. ദുര്‍വാരകോപശാലിയായ മഹര്‍ഷിയെ ഭയന്ന് വിലപിച്ച പാഞ്ചാലിയുടെ അടുത്തേക്ക് ശ്രീകൃഷ്ണന്‍ എത്തി ചേരുന്നു. എന്നാല്‍ ഭഗവാനും തനിക്കു വിശക്കുന്നു എന്നു പറഞ്ഞ് പാഞ്ചാലിയോട് ഭക്ഷണം തരാന്‍ അപേക്ഷിക്കുന്നു. തന്റെ ഇന്നത്തെ ഭക്ഷണം കഴിഞ്ഞു എന്നും ഇനി അതില്‍ ഭക്ഷണം ഉണ്ടാകില്ല എന്നു പാ‍ഞ്ചാലി പറയുന്നു. എങ്കിലും ഭഗവാന്‍, പാകം ചെയ്ത ശാകശകലം (ചീര‌ഇല) ആയാലും തരാന്‍ പറയുന്നു. പാത്രത്തിലേക്കു നോക്കിയ പാഞ്ചാലിക്ക് ഒരു ചീര‌ഇല ലഭിക്കുകയും അതു ഭക്ഷിച്ച് ഭഗവാന്‍ യാത്രയാവുകയും ചെയ്യുന്നു. അതേസമയം സ്നാനം ചെയ്തുകോണ്ടിരുന്ന ദുര്‍വാസവു മഹര്‍ഷിക്കും ശിഷ്യര്‍ക്കും വയറു നിറയുന്നു. ദിവ്യ ദൃഷ്ടിയാല്‍ എല്ലാം മനസ്സിലാക്കിയ മഹര്‍ഷി മടങ്ങി വന്നു ധര്‍മ്മപുത്രരെ അനുഗ്രഹിച്ച് യാത്രയാകുന്നു.
അങ്ങിനെ കാലം കുറെ കഴിഞ്ഞപ്പോള്‍, ഒരിക്കല്‍ ശാര്‍ദൂലന്‍‍ എന്ന രാക്ഷസന്‍‍ അര്‍ജുനനുമായി ഏറ്റുമുട്ടുകയും വധിക്കപ്പെടുകയും ചെയ്യുന്നു. ശാര്‍ദൂലന്റെ ഭാര്യയും കിര്‍മ്മീരന്റെ സഹോദരിയുമായ സിംഹിക ഇതു അറിയുകയും പാണ്ഡവരോട് പ്രതികാരം ചെയ്യാന്‍ തിരുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ അവരോട് നേരിട്ട് പൊരുതാന്‍ അശക്തയെന്ന് തിരിച്ചറിഞ്ഞ്, അവരുടെ പ്രാണപ്രേയസിയായ പാഞ്ചാലിയെ ചതിയാല്‍ അപഹരിച്ചു തന്റെ സഹോദരനായ കിര്‍മ്മീരനു കാഴ്ച്ച വെക്കാനും തിരുമാനിക്കുന്നു.
പാണ്ഡവര്‍ അടുത്തില്ലാത്ത തക്കം നോക്കി സിംഹിക, ഒരു സുന്ദരിയുടെ വേഷം ധരിച്ച്, പാഞ്ചാലിയുടെ അടുത്ത് എത്തുന്നു. ഗഗനചാരിയായ തന്റെ നാമം ഗണിക എന്നാണെന്നും പാഞ്ചാലി ഒറ്റെക്കു കാട്ടില്‍ ഇരിക്കുന്നതു കണ്ടു വന്നെതാണെന്നും പറയുന്നു. അതിനുള്ള കാരണവും അന്വേഷിക്കുന്നു. താന്‍ ദ്രുപതരാജാവിന്റെ പുത്രി ആണെന്നും അഞ്ചു വീരന്മാരായ ഭര്‍ത്താക്കന്മാര്‍ ഉണ്ടെന്നും പാഞ്ചാലി പറയുന്നു. അവര്‍ സന്ധ്യാവന്ദനം ചെയ്യാന്‍ പോയിരിക്കുക ആണെന്നും ഉടനെ വരുമെന്നും കൂട്ടിചേര്‍ക്കുന്നു. ഇതു കേട്ട ലളിത (വേഷം മാറിയ സിംഹിക) ഇവിടെ അടുത്തോരു ദുര്‍ഗ്ഗഭവനം ഉണ്ടെന്നും അവിടെ പോയി പ്രാര്‍ത്ഥിച്ചാല്‍ ദുരിതങ്ങള്‍ തീരുമെന്നും പറയുന്നു. ഇങ്ങിനെ പ്രലോഭിപ്പിച്ച് ലളിത, പാഞ്ചാലിയെ ദൂരേക്കു മാറ്റുന്നു. അവിടുത്തെ ഭംഗി വിസ്തരിച്ചു പാഞ്ചാലിക്കു കാണിച്ച് കൊടുക്കുന്നു. എന്നാല്‍ നിരന്തരം ദു:ശകുനങ്ങള്‍ കാണുന്ന പാഞ്ചാലി മടങ്ങാന്‍ പുറപ്പെടുന്നു. അപ്പോള്‍ സിംഹിക സ്വന്തം രൂപത്തില്‍ പ്രത്യക്ഷപ്പെടുകയും പാഞ്ചാലിയെ പൊക്കിയെടുത്തു യാത്രയാകുകയും ചെയ്യുന്നു. പാഞ്ചാലി ഭയന്ന് തന്റെ പ്രിയ നാഥന്മാരെ എല്ലാം വിളിച്ചു കേഴുന്നു. ഇതു കേട്ട് ഓടിയെത്തിയ സഹദേവന്‍ അവളെ രക്ഷിക്കുന്നു, എന്നാല്‍ സഹദേവനേയും എടുത്തു ഓടാന്‍ തുന്നിഞ്ഞ സിംഹികയുടെ കുചസാസികകള്‍ സഹദേവന്‍ അരിയുന്നു.

പ്രാണവേദനയോടെ ഓടിയ സിംഹിക, സഹോദരനായ കിര്‍മ്മീരന്റെ സമീപത്ത് ചെന്നു സങ്കടം ഉണര്‍ത്തിക്കുന്നു. ഇതു കേട്ട് കോപിഷ്ടനായ കിര്‍മ്മീരന്‍, പാണ്ഡവരോട് യുദ്ധത്തിനു പുറപ്പെടുന്നു. യുദ്ധത്തില്‍ ഭീമന്‍ കിര്‍മ്മീരനെ വധിക്കുന്നു. അവിടെ കൂടിയ ബ്രാഹ്മണര്‍ ഭീമ പരാക്രമത്തെ പുകഴ്ത്തുന്നു.

[ഇതില്‍ ശാര്‍ദൂലന്‍, സിംഹിക എന്ന കഥാപാത്രങ്ങള്‍ മൂല കഥയില്‍ ഇല്ല. അതു തമ്പുരാന്‍ കൂട്ടിചേര്‍ത്തതാണു. കിര്‍മ്മീരനെ ഒരു പ്രാകൃത രാക്ഷനായിട്ടാണു ഭാരതത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ആട്ടകഥയില്‍ പരാക്രമി‌യായ ഒരു രാക്ഷസനായിട്ടും. മഹാഭാരതത്തില്‍ കിര്‍മ്മീരനെ വധിച്ചതിനു ശേഷമാണു പാത്രചരിതം. അങ്ങിനെ മൂലകഥക്കോ നടന്ന സംഭവങ്ങളുടെ ക്രമത്തിനോ പ്രാധാന്യം തമ്പുരാന്‍ നല്‍കിയില്ല, പകരം കൂടുതല്‍ കഥാപാത്രങ്ങളെ സൃഷ്ടിച്ച്, മനോഹരമായ ഒരു ആട്ട കഥയ്ക്ക് രൂപം നല്‍കി. ആ ദര്‍ശനം അപാരം തന്നെ.]

അവതരണ രീതിയും പ്രകടനവും

വളരെ അപൂര്‍വമായെ കിര്‍മ്മീരവധം കളിയുടെ ഉത്തരഭാഗം അവതരിപ്പിക്കാറുള്ളു [ലളിത ഒഴിച്ച്]. ഒരു പക്ഷെ ഇതില്‍ ഏറ്റവും അരങ്ങേറിയ ഭാഗവും ലളിതയുടേതാകാം. അത്രമേല്‍ സുന്ദരമാണു ആ ഭാഗം. മുഴുവന്‍ ആടുകയാണെങ്കില്‍ തന്നെ ശാര്‍ദൂലന്റെ ഭാഗം തീരെ പതിവില്ല. നിണവും ആടുക കുറവാണ്. സിംഹിക ചോരയില്‍ കുളിച്ച് സഹായികളുമായി ഓടി വരുന്നത് പ്രത്യേക വേഷത്തോടു കൂടിയാണ് (താഴെയുള്ള ചിത്രങ്ങള്‍ ശ്രദ്ധിക്കുക). ഇതാണ് നിണം. നിണമില്ലെങ്കില്‍ കിര്‍മ്മീ‍രന്‍ (അല്ലെങ്കില്‍ ആടുന്ന കഥാപാത്രം) കാണുന്നതായും പറയുന്നതു കേള്‍ക്കുന്നതായും നടിക്കുകയേ ഉള്ളു. (പകര്‍ന്നാടുക എന്ന ഒരു പതിവു ഉണ്ട്. എന്നാല്‍ ഇവിടെ വടക്കന്‍ ചിട്ടയില്‍ അതു പതിവില്ല.)


കിര്‍മ്മീരനും വളരെ പ്രധാനപെട്ട വേഷം തന്നെയാണ്, ഒന്നാംതരം എന്നു പറയാന്‍ കഴിയില്ല എങ്കിലും. സ്ത്രീ വേഷക്കര്‍ക്ക് വലിയൊരു പരീക്ഷണമാണ് ഇതിലെ ലളിത. അഭിനയിക്കാന്‍ ഏറെ വകയുള്ള രണ്ടു പദങ്ങള്‍. അങ്ങിനെ ആകെ നോക്കിയാല്‍ പാട്ടുകാര്‍ക്കും വേഷക്കാര്‍ക്കും മേളക്കാര്‍ക്കും ആസ്വാദകര്‍ക്കും ഏറെ വകയുണ്ടു ഈ കഥ.

രംഗം 3 (ധര്‍മ്മപുതന്‍, ദുര്‍വാസവ്)

ധര്‍മ്മപുത്രര്‍ വലത് ഭാഗത്ത് ഇരിക്കുന്നു. ഒരു സ്തുതിയോടു കൂടി ദുര്‍വസാവ് ഇടതു ഭാഗത്തുകൂടി പ്രവേശിക്കുന്നു.


ധര്‍മ്മപുത്രര്‍ കണ്ടു വന്ദിച്ച്, മാന്യസ്ഥാനം നല്‍കി “ജയ ജയ തപോധന “ എന്ന പദം. “അങ്ങയുടെ ആഗമനം മംഗളകര്‍മായ ഭാവിയെ സൂചിപ്പിക്കുന്നു. എന്റെ സങ്കടം തീര്‍ത്തുതരുവാനായി ഞാന്‍ അവിടുത്തെ പാദാരവിന്ദങ്ങളെ നമിക്കുന്നു.” എന്നാതാണു ആശയം.
തുടര്‍ന്നു ദുര്‍വാസാവ് കുളിക്കുവാനായി ഗംഗാതീരത്തേക്കു ശിഷ്യരോടൊപ്പം പുറപ്പെടുന്നു. ഇവിടെ മുതല്‍ സാധാരണ ധര്‍മ്മപുത്രരായി വേറെ വേഷക്കരനാണ് വരിക. ഇവിടെ രണ്ടാം ധര്‍മ്മപുത്രരായി കലാമണ്ഡലം കൃഷ്ണകുമാര്‍ വേഷമിട്ടു. ഇന്നു വളര്‍ന്നു വരുന്ന വേഷക്കാരില്‍ പ്രമുഖനാണ് കൃഷ്ണകുമാര്‍. പല വേഷങ്ങിളിലും “ഗോപി” അനുകരണം തോന്നറുണ്ട്. നല്ല വേഷഭംഗിയുണ്ട്. ചൊല്ലിയാട്ടത്തിലും പലയിടത്തും കുറവുകള്‍ കാണുന്നു. അതോഴിച്ചാല്‍ വേറെ അപാകതയോന്നും കൃഷണകുമാറിന്റെ വേഷത്തിനില്ല. ഇവിടെ വളരെ വൃത്തിയായി തന്നെ ധര്‍മ്മപുത്രരെ അവതരിപ്പിച്ചു.

പരിയാനമ്പറ്റ ദിവാകരനാണ് ദുര്‍വാസാവയി രംഗത്ത് വന്നത്. നല്ല ഒന്നാംതരം താടി വേഷക്കാരനാണ് ശ്രീ ദിവാകരന്‍. ഇപ്പോളത്തെ ശാരീരിക അവശതകള്‍ കാരണം മിനിക്കു വേഷങ്ങളെ രംഗത്ത് അവതരിപ്പിക്കറുള്ളു. ദിവാകരന്റെ ദുര്‍വാസാവും നന്നായി. കൂട്ടത്തില്‍ ഈ കലാകാരന്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നും പ്രര്‍ത്ഥിക്കുന്നു.
കലാമണ്ഡലം വിനോദും നെടുമ്പിള്ളി രാമനും ചേര്‍ന്ന് ഇവിടെ സംഗീതം ഉരുക്കി; മേളം ഉണ്ണികൃഷ്ണന്‍ തന്നെ തുടര്‍ന്നു.

രംഗം 4 (പാഞ്ചാലി)

പാഞ്ചാലി രംഗമധ്യത്തില്‍ ഇരിക്കുന്നു. “അയ്യോ!! ഇനി ഞാന്‍ എന്തു ചെയ്യും? ഭക്ഷണം ഇല്ലാത്ത സമയത്തു തന്നെ ഇങ്ങിനെ വന്നല്ലോ? മഹര്‍ഷി ശപിക്കുമല്ലോ? കൃഷ്ണാ രക്ഷിക്കേണമേ” എന്നു വിലപിക്കുന്നു.



രംഗം 5 (ശ്രീകൃഷ്ണന്‍, പാഞ്ചാലി)

ദുഃഖിതയായി ഇരിക്കുന്ന പാഞ്ചാലിയുടെ സമീപത്തേക്കു ശ്രീകൃഷ്ണന്‍ പ്രവേശിക്കുന്നു. “വിശക്കുന്നു. നല്ല കറികളോട് കൂടിയ ചോറ് തന്നാലും.” എന്നു പറയുന്നു. പാഞ്ചാലിയാകട്ടെ “ഇന്നത്തെ എന്റെ ഭക്ഷണം കഴിഞ്ഞിരിക്കുന്നു. ആദിത്യന്‍ തന്ന പാത്രം ഇതാ കമത്തി വെച്ചിരിക്കുന്നു.” എന്നു പറഞ്ഞു. എന്നാ‍ല്‍ പാകം ചെയ്ത ഒരു ചീര ഇലയായാലും മതി എന്നായി കൃഷ്ണന്‍. പാഞ്ചാലി പാത്രം എടുത്ത് നോക്കുന്ന സമയം അതില്‍ ഒരു ചീര ഇല കാണുന്നു. ഉടനെ ശ്രീകൃഷ്ണന്‍ അതു വാങ്ങി ഭക്ഷിച്ച് രംഗം വിടുന്നു.

ഇവിടെ ചീര ഇല ഭക്ഷിച്ച ശേഷം, സദനം കൃഷ്ണന്‍ കുട്ടി ചാടി തുള്ളി സന്തോഷം നടിച്ച് അതുപോലെ തന്നെ രംഗത്ത് നിന്ന് പോയത് വളരെ രസകരമായി തോന്നി. കാണികള്‍ക്കും ഇതു ഏറെ രസിച്ചു.


രംഗം 6 (ധര്‍മ്മപുതന്‍, ദുര്‍വാസവ്)

ധര്‍മ്മപുത്രന്‍ ഇടത് ഭാഗം നില്‍ക്കുന്നു. ദുര്‍വാസാവ് വലതുവശത്തിലൂടെ പദമാടിക്കോണ്ടും ഇടയ്ക്കിടെ ഏമ്പക്കം വിട്ടുകോണ്ടും വയറു തലോടികോണ്ടും പ്രവേശിക്കുന്നു.



ധര്‍മ്മപുത്രര്‍ക്ക് മംഗളം ആശംസിക്കുന്നു. ക്ഷുഭിതനായി ദുര്യോധനനെ ശപിക്കാ‍ന്‍ ഒരുങ്ങുന്നുവെങ്കിലും ധര്‍മ്മപുത്രന്‍ തടയുന്നു. വീണ്ടും മംഗളം ആശംസിച്ചുകൊണ്ട് ദുര്‍വസാവ് യാത്രയാകുന്നു.

[നടപ്പില്ലത്തതിനാല്‍ ശാര്‍ദൂലന്റെ രംഗം ചേര്‍ക്കുന്നില്ല]

രംഗം 7 (സിംഹിക)

രൌദ്രഭാവത്തിലുള്ള തിരനോക്ക്.

പിന്നെ സാധരണ പെണ്‍കരികള്‍ക്കുള്ള കരിവട്ടം. ആഹ്ലാദ സൂചകമായി ഉലഞ്ഞു കാല്‍ കുടഞ്ഞ് കലാശിച്ച ശേഷം, സ്വന്തം ദേഹം അലങ്കരിക്കുന്നു. തലമുടി എണ്ണപുരട്ടി വേര്‍പ്പെടുത്തി പിന്നില്‍ തുമ്പ് കെട്ടുക, തോടകള്‍ അഴിച്ച് കാതുകള്‍ തുടച്ച് വീണ്ടും മുറുക്കി അണിയുക, കണ്ണില്‍ മഴിയെഴുതുക, ചന്ദനം ചാലിച്ച് പൊട്ട് തൊടുക മുതലായവ ആടും.


പിന്നെ സന്തോഷത്തോടെ നൃത്തം ചെയ്യുക, തെരുപ്പറക്കുക മുതലായവ ആടി ക്ഷീണം നടിച്ച് ഇരിക്കുമ്പോള്‍, ഭര്‍ത്താവിനെ കാണാതെ അന്വേഷിച്ച് ഇറങ്ങുന്നു. തുടര്‍ന്ന് ഭര്‍ത്താവ് പാണ്ഡവരാല്‍ കൊല്ലപെട്ടതറിഞ്ഞു ആകെ വിഷാദിക്കുന്നു. തുടര്‍ന്നു കുറച്ചു ദീര്‍ഘമായുള്ള ഒരു പദം. സാരം ഇതാണ്.

“അയ്യോ! ഭര്‍ത്താവേ... അങ്ങ് എന്നെ വിട്ട് പൊയല്ലോ? രാക്ഷസാധിപനായ ഹിഡിംബനെ ദുര്‍ബലനായ ഭീ‍മന്‍ വധിച്ചതോര്‍ക്കുമ്പോള്‍, ദുര്‍ബലന്മാര്‍ക്കും ചില കാലത്ത് അതിയായ ബലമുണ്ടായി വരുന്നുണ്ട്. ഏകചക്രയില്‍ ഉള്ള കാലത്ത് ഈ ഭീമന്‍ ഏകനായി ചെന്ന് ബകനേയും കൊന്നു. സഹോദരനെ കൊന്ന നീചനുമായി നിത്യവും സുഖിക്കുന്നു ഹിഡിംബി! ഹൊ! ഇത്ര നാണമില്ലാത്ത ഒരുത്തിയെ ഞാന്‍ മൂന്നുലോകത്തിലും കണ്ടിട്ടില്ല. ഭര്‍ത്താവിന്റെ മരണത്തിനു കാരണക്കാരായ അഞ്ചു മനുഷ്യരും ഈ കാട്ടിലുണ്ട്. അതിന് പകരം ചെയ്യാനുള്ള കരുത്ത് എനിക്കില്ല. എന്നിരുന്നാലും അവര്‍ക്ക് എല്ലാം കൂടി പ്രാണനാഥയായി ഒരേ ഒരു പെണ്ണാണെന്നു കേള്‍ക്കുന്നു. അവളെ ചതുച്ചു ഉടന്‍ തന്നെ വീരനായ എന്റെ സഹോദരന്‍ കിര്‍മ്മീരനു കാഴ്ച വെയ്ക്കാം. അവര്‍ യമപുരിയിലെത്തുവാന്‍ അവള്‍ തന്നെ കാരണമായിക്കൊള്ളും.”


മനോഹരമായ പദമാണിതു. ഇവിടെ ഇതു വളരെ വിസ്തരിച്ച് തന്നെ ആടുകയും ചെയ്തു. ശ്രീ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയാണ് ഇവിടെ സിംഹികയായി വന്നതു. കഥകളി ആസ്വാദകര്‍ക്കിടയില്‍ ഒരു ആമുഖം ആവിശ്യമില്ലാത്ത കലാകാരനാണ് നെല്ലിയോട്. ഇത്ര പുരാണ ജ്ഞാനം ഉള്ള കലാകാരന്‍മാര്‍ കുറയും.


എത്ര മനോഹരമായാണ് ഇവിടെ സിംഹികയെ അദ്ദേഹം അവതരിപ്പിച്ചതെന്നു പറഞ്ഞ് വിവരിക്കാന്‍ സാദ്ധ്യമല്ല. കരിവട്ടവും പദവും ഒട്ടും മുഷിപ്പിക്കാതെ വിധിയാവണ്ണം തന്നെ ആടി. കലാനിലയം വിനോദിന്റെ സംഗീതവും ഏറെ മികച്ചു നിന്നു. ഇവിടെ മേളം കൈകാര്യം ചെയ്തത് കലാമണ്ഡലം കൃഷ്ണദാസ് ആണ്. ഇന്നു കഥകളി ചെണ്ടക്കാരില്‍ ഇത്ര കനവും തഴക്കവും ഉള്ളവര്‍ വെറെ ഇല്ലെന്നു പറയാം. രംഗത്തിനു ഏറെ ഊര്‍ജ്ജം പകര്‍ന്നു കൃഷ്ണദാസിന്റെ മേളം.

പദത്തിനു ശേഷം സിംഹിക ഒരു സുന്ദരി വേഷം ധരിക്കുന്നതായി നടിച്ച്, ലാസ്യഭാവത്തില്‍ ഏതാനും ചുവടുകള്‍ വെച്ച് രംഗം വിടുന്നു. മനോഹരമായ ഒരു ആവിഷ്ക്കാരമാണ് ഇതു. ഒരു രൂപത്തില്‍ നിന്നു വേറെ രൂപത്തിലേക്കു മാറിയതായി പ്രേക്ഷകര്‍ക്കുണ്ടാകുന്ന അനുഭവം അപാരമാണ്. തിരിച്ച് സിഹികയാകുമ്പോഴും ഇതുപോലെ വേറേ ഒരു രീതി കാണാം.


രംഗം 8(ലളിത,പാഞ്ചാലി, സിംഹിക)
കഥകളി ആസ്വാദകര്‍ക്കിടയില്‍ ഏറെ പരിചയപ്പെടുത്തല്‍ വേണ്ടാത്ത ഒരു രംഗമാണു ലളിതയുടെ. പാഞ്ചാലി വലതു വശത്തു ഇരിക്കുന്നു. ലളിത ഇടതു വശത്തിലൂടെ പ്രവേശിക്കുന്നു. ഇടയ്ക്ക് ആരെങ്കിലും കാണുന്നുണ്ടൊ എന്നു ചുറ്റും നോക്കുന്നു. പിന്നെ പാഞ്ചാലിയെ കണ്ട് പദം. “നല്ലാര്‍ കുലമണിയും ...” എന്ന പ്രസിദ്ധമായ പദം. ആശയം ഇതാണ്.
“അല്ലയോ സുന്ദരീമണീ, ഭവതിയെ കണ്ടപ്പോള്‍ തന്നെ ക്ലേശം ഒഴിഞ്ഞു. സിംഹങ്ങളുള്ള താമസ യോഗ്യമല്ലാത്ത ഈ കാട്ടില്‍ ആരും തുണയില്ലാതെ നടക്കരുതേ. മത്സരമിതേതെന്നും തോന്നരുത്. ഭവതിയുടെ വംശവും പേരും വിശദമായി പറയുക. ഞാന്‍ ആകാശസഞ്ചാരിണികളില്‍ ഒരുവളാണ്. വനത്തില്‍ ഭവതിയെ കണ്ടു ഇങ്ങു പോന്നു.”
വളരെ മനോഹരമായ ഒരു പദമാണ് ഇത്. ചോല്ലിയാട്ടത്തിനും അഭിനയത്തിനും ഏറെ പ്രാധാന്യം ഉണ്ട്. തുടര്‍ന്നു പാഞ്ചാലിയുടെ മറുപടി പദം.

“ദ്രുപത രാജാവിന്റെ പുത്രിയായ ഞാന്‍ ദുരിതശക്തിയാല്‍ ദുര്‍ഗ്ഗമമായ ഈ വനത്തില്‍ വസിക്കുന്നു. അഞ്ചു രാജാക്കന്മാരുണ്ടു എനിക്കു പതികളായി. ഗുരുനാഥനോടു കൂടി സന്ധ്യ വന്ദിച്ച് അവര്‍ ഉടനെ വരും”

ഇവിടെ നിന്നാല്‍ താന്‍ ഉദ്ദേശിച്ച കാര്യം നടക്കില്ലെന്നു മനസ്സിലാക്കിയ ലളിത, പാഞ്ചാലിയെ പലതു പറഞ്ഞു പ്രലോഭിപ്പിക്കുന്നു.
“ഇവിടെ ദുര്‍ഗ്ഗവനവും ക്ഷേത്രവും ഉണ്ട്. നമക്ക് ദര്‍ശിക്കുവാനായി അവിടേക്കു പോകാം. പണ്ടുമുതല്‍ക്കേ ധാരാളം സ്ത്രീകള്‍ പലരും അവിടെ ഭജിച്ച് ഇഷ്ടവരങ്ങള്‍ നേടിയിട്ടുണ്ട്.”
ഇപ്രകാരം പലതും പറഞ്ഞ് പാഞ്ചാലിയെ മോഹിപ്പിച്ച് അവളോട് കൂടി കൊടും കാട്ടില്‍ എത്തിയിട്ട് ആ രാക്ഷസി പറഞ്ഞു. [ഇവിടെ ശ്ലോകം ചോല്ലി തിരിയുമ്പോള്‍ ലളിത വലതു ഭാഗത്തേക്ക് മാറും. ഇവിടെ ആണു വളരെ പ്രസിദ്ധമായ “കണ്ടാല്‍ അതി മോദം ..” എന്ന പദം. സാരം താഴെ ചേര്‍ക്കുന്നു.]
“കണ്ടാല്‍ അതിയായ സന്തോഷം ഉണ്ടാക്കുന്ന കാടു കണ്ടുവോ? പായല്‍ പൊലെ നീണ്ട് ഇടതൂര്‍ന്ന മുടിയോട് കൂടിയവളേ! ഭവതിയുടെ നീണ്ടു ചുരുണ്ട തലമുടി കണ്ടു ഒരുപാടു വണ്ടുകള്‍ ഇതാ സങ്കടത്തോടെ പെട്ടന്ന് പാഞ്ഞു പോകുന്നു. ഇതാ വണ്ടിന്‍ തുളയുള്ള മുള കോകില ഗാനത്തോടിണങ്ങികോണ്ട് കുഴലൂതുന്നു. ചില വള്ളികള്‍ കാറ്റിനാല്‍ ഇളക്കപെട്ട തളിരുകളാകുന്ന വിരലുകള്‍ കോണ്ട് സന്തോഷത്തെ അഭിനയിക്കുന്നു. ഇതാ കുറുഞ്ഞിമരങ്ങളില്‍ നിന്ന് പൂക്കളുതിരുന്നു. അത് ഭവതിയുടെ അളകങ്ങളിലും ഇതാ വീഴുന്നു. അത് ഭവതിയെ സഹര്‍ഷം എതിരേല്‍ക്കുകയാണെന്നു തോന്നുന്നു.”
[ഇതിലും മനോഹരമായ ഒരു പദം എഴുതുക അസാദ്ധ്യം തന്നെ എന്നു പറയാം. ആടാനും പാടാനും ഒരു പോലെ വകയുള്ള പദം. ]
എന്നാല്‍ പാഞ്ചാലി അടിക്കടി ദു:ശകുനങ്ങള്‍ കാണുന്നു.
“ചീവീടുകള്‍ വല്ലാതെ ശബ്ദിക്കുന്നു. എന്റെ ശരീരം വിറയ്ക്കുന്നു. നമക്ക് തിരിച്ച് പൊകുകയല്ലേ?”
[ഇവിടെ ലളിത വന്ന് പാഞ്ചാലിയുടെ കയ്യില്‍ കയറി പിടിക്കുന്നു.]

പാഞ്ചലി തുടരുന്നു. “എന്നെ വിടുക, വിടുക. സുന്ദരി ഇങ്ങിനെ കളവ് പറഞ്ഞു ഭവതി എന്നെ ചതിക്കുകയാണോ?”

ഇവിടെ ലളിതയുടെ ഭാവം മാറുന്നു. “പെട്ടങ്ങ് പോകാനും പിന്നെ ഇഷ്ടരോടൊത്ത് രമിപ്പാനും ഇനി നിന്നെ ഞാന്‍ വിടുമോ? മാംസം തിന്നുവാന്‍ ഭാഗ്യശക്തികോണ്ട് നിന്നെ കിട്ടി. കണ്ടാല്‍ അതിഭയങ്കരമായ എന്റെ ശരീരം കണ്ടുവോ?”

“കണ്ടാലതി ഘോരമാകും” എന്നു ചോല്ലി വട്ടം തട്ടിയ ഉടനെ, ലളിത പിന്നുലേക്ക് തിരിഞ്ഞ് മുഖത്ത് ഇരുകവിളിലും കരിതേച്ച് മുടി മുന്നിലേക്കിട്ട് ദംഷ്ട്രം കാണിച്ച് ശിഖിര മുദ്ര കാണിച്ച് ഭീകരത പൂര്‍ത്തിയാക്കിയ ശേഷം രംഗം വിടുക.
ഉടനെ സിംഹിക തൂപ്പുകളുമായി ഓട്ടി അടുത്ത് പാഞ്ചാലിയെ പോക്കിയെടുത്തുകോണ്ട് രംഗം വിടുക.

ഇവിടെ ലളിതയായി വന്നത് ശ്രീ മാര്‍ഗ്ഗി വിജയകുമാറാണ്. ഇന്നത്തെ സ്ത്രീ വേഷക്കാരില്‍ പ്രാധാനിയാണു വിജയകുമാര്‍. വേഷം മനോഹരമാണ്. പ്രവര്‍ത്തി അതിലേറെ മനോഹരവും. കുറവു തോന്നിയിട്ടുള്ളത് കോട്ടക്കല്‍ ശിവരാമനെ പോലെ സൂക്ഷ്മ ഭാവങ്ങള്‍ പ്രകടിപ്പിക്കുന്നില്ല എന്നാണ്.

ഏറ്റവും മനോഹരമായി ആണ് വിജയകുമാര്‍ ഇവിടെ ലളിതയെ അവതരിപ്പിച്ചത്. ലളിതയുടെ മനോഹര നൃത്തങ്ങള്‍ വിജയകുമാര്‍ എടുക്കുന്നതു കാണാന്‍ ഒരു അപൂര്‍വ്വ ഭംഗി ആണ്. ഷണ്മുഖദാസിന്റെ പാഞ്ചാലിയും കൂടി ആയപ്പോള്‍ ഇരട്ടിമധുരമായി.

മറ്റോരു പ്രധാന ആകര്‍ഷണീയതെ സംഗീതമായിരുന്നു. കോട്ടക്കല്‍ മധു ഇന്ന് വളര്‍ന്നു വരുന്ന ഒരു കഥകളി ഗായകനാണു. കേള്‍ക്കാന്‍ ഇമ്പമുള്ള ശബ്ദം, നല്ല സംഗീതം, അരങ്ങു പരിചയം, ഉറച്ച ശിക്ഷണം എന്നിവ മധുവിന്റെ പ്രത്യ്യേകതകള്‍ ആണ്. ഉച്ചാരണ ശുദ്ധി ചിലയിടങ്ങിളില്‍ കുറവായി തോന്നിയിട്ടുണ്ടു.

ഇവിടെ മധുവിന്റെ സംഗീതവും കൂടിയായപ്പോള്‍ ഈ അരങ്ങ് അവിസ്മരണീയമായി. തൃപ്പലമുണ്ട നടരാജ്യവാര്യര്‍ മദ്ദളത്താല്‍ കൊഴുപ്പു കൂട്ടുകയും ചെയ്തു.

രംഗം 9 (സിംഹിക, പാഞ്ചാലി, സഹദേവന്‍)

സിംഹിക എടുത്തു കോണ്ടു പോകുകയാണെന്ന സങ്കല്‍പ്പത്തില്‍ പാഞ്ചാലി നില്‍ക്കുന്നു. താഴെ സിംഹികയും. പാഞ്ചാലി പ്രാണനാഥന്മാരെ ഓരോരുത്തരേയും പെരെടുത്ത് വിളിച്ച് കേഴുന്നു.

വിലാപം കേട്ട സഹദേവന്‍ ഓടി വരുന്നു. പാഞ്ചാലിയെ മോചിപ്പിക്കുന്നു.
തുടര്‍ന്ന് യുദ്ധം. അവസാനം സിംഹിക തന്നെ എടുത്ത് പോകാന്‍ ശ്രമിക്കുമ്പൊള്‍ അവളുടെ കുചനാസികള്‍ സഹദേവന്‍ അരിയുന്നു. കലാനിലയം വിനോദ് കുമാര്‍ സഹദേവനായി അരങ്ങത്ത് വന്നു.

രംഗം 10(കിര്‍മ്മീരന്‍, നിണമണിഞ്ഞ സിംഹിക)

കിര്‍മ്മീരന്റെ വീരഭാവത്തിലുള്ള തിരനോക്ക്. ഇവിടെ തിരനോക്കിനു മേലാപ്പ് പിടിക്കറില്ല.

തുടര്‍ന്ന് കിര്‍മ്മീരന്‍ ശിവപൂജ ആരംഭിക്കുന്നു. പതിഞ്ഞ പദം ഇല്ല. തന്റേടാട്ടവും കാര്യമായി ആടാറില്ല. പിന്നെ നരകാസുരന്റേതു പോലെ വിസ്തരിച്ച ശബ്ദവര്‍ണ്ണനയും ഇല്ല. അതിനാല്‍ തന്നെ “നിണം ഒരുങ്ങാന്‍” സമയം നന്നെ കഷ്ടി ആണു സിംഹിക കെട്ടിയ വേഷക്കാരനു. അതിനാല്‍ തന്നെ പൂജ വിസ്തരിക്കറുണ്ട്.


പൂജക്കിടയില്‍ ഒരു ശബ്ദം കേള്‍ക്കുന്നു. ആദ്യം കണ്ണുകൊണ്ട് തന്നെ എന്തങ്കിലും ആകട്ടെ എന്നു നടിക്കുന്നു. പിന്നത്തെ തവണ വീണ്ടു ശ്രദ്ധിച്ച്, എന്തായാലും എനിക്കെന്താ? എന്നു മുദ്ര കാണിക്കുന്നു. മൂന്നമത്തെ പ്രാവിശ്യം ഇതോട്ടു നിസാരമല്ല എന്ന് കാണിച്ച് അന്വേഷിച്ച് ഇറങ്ങുന്നു. നിണമണിഞ്ഞു വരുന്ന സിംഹികയെ വിളിച്ചിരുത്തി കാര്യങ്ങള്‍ മനസ്സിലാക്കുന്നു.



പിന്നെ അവളെ ആശ്വസിപ്പിച്ച് തിരിച്ചയക്കുന്നു. [ആട്ടക്കഥയില്‍ പദങ്ങള്‍ ഉണ്ടങ്കിലും അതോന്നും പതിവില്ല]

പിന്നെ വിസ്തരിച്ച് പടപുറപ്പാട്. അനന്തരം യുദ്ധത്തിനായി പുറപ്പെടുന്നു.

കിര്‍മ്മീരനായി ശ്രീ കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ അരങ്ങത്തു വന്നു. അദ്ദേഹവും വളരെ നന്നായി തന്നെ കളിച്ചു. ഇതിലെ മേളം കലാനിലയം കുഞ്ചുണ്ണിയും കലാമണ്ഡലം കൃഷ്ണദാസും കലാമണ്ഡലം ശശിയും ചേര്‍ന്നോരുക്കി

രംഗം 11(കിര്‍മ്മീരന്‍, ഭീമന്‍)

കിര്‍മ്മീരന്‍ പാണ്ഡവര്‍ വസിക്കുന്ന സ്ഥലത്തെത്തി പോരിനു വിളിക്കുന്നു. പദാനന്തരം ഭീമന്‍ എടുത്തുകലാശിച്ച് പ്രവേശിക്കുന്നു. പിന്നെ യുദ്ധപദവും യുദ്ധവും. യുദ്ധാവസാനം ഭീമന്‍ കിര്‍മ്മീരനെ വധിക്കുന്നു. ഭീമനായി കോട്ടക്കല്‍ ഉണ്ണികൃഷണന്‍ അരങ്ങത്ത് വന്നു.

വളരെയധികം കാലം ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ഒരു കളിയായിരുന്നു ഇത്. എല്ലാവരും ആത്മാര്‍ത്ഥമായി തന്നെ പ്രവര്‍ത്തിച്ചു. കളി തുടങ്ങിയ ശേഷം ഒന്നു കണ്ണടക്കാനോ പുറത്തേക്കു പൊകാനോ പരിചയക്കരോട് ഒന്നു സംസാരിക്കനോ സമയം കിട്ടിയില്ല. ഒരു രംഗവും ഒഴിവാക്കനില്ലായിരുന്നു. ഇത്ര നല്ല കളി സംഘടിപ്പിച്ച “തിരനോട്ടത്തിനു” ഒരായിരം നന്ദി. ഇനിയും ഈ സംഘടന പുരോഗമിക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചു കോണ്ട് ഉപസംഹരിക്കുന്നു.

ഈ ആസ്വാദനത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ആറിയിക്കുക.

(തിരശ്ശീല)

Sunday, August 17, 2008

തിരനോട്ടം (ദുബാ‍യ്) 2008 - 1

തിരനോട്ടം (ദുബായ്) 2008 ആഗസ്റ്റ് 9നു ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയിത്തില്‍ വെചു അവതരിപ്പിച്ച സമ്പൂര്‍ണ്ണ കിര്‍മ്മീരവധം (നിണത്തോടുകൂടി) കഥകളിയുടെ വിവരണം.

തോടയം, പുറപ്പാട്, മേളപ്പദം
കളി വളരെ നേരത്തെ തന്നെ തുടങ്ങി. തോടയം ആയിരുന്നു ആദ്യം. പിന്നെ പഞ്ച പാണ്ഡവരും പാഞ്ചാലിയും ധൌമ്യനും ചേര്‍ന്ന പുറപ്പാട്, മേളപദം എന്നിവ നടന്നു. മേളപദത്തില്‍ കോട്ടക്കല്‍ മധുവും നെടുമ്പള്ളി രാമനും സംഗീതവും കലാനിലയം കുഞ്ചുണ്ണി, കലാമണ്ഡലം കൃഷ്ണദാസ് എന്നിവര്‍ ചെണ്ടയും
തൃപ്പലമുണ്ട നടരാജവാര്യര്‍, കലാമണ്ഡലം ശശി എന്നിവര്‍ മദ്ദളവും കൈകാര്യം ചെയ്തു.


കിര്‍മ്മീരവധം ഭാഗം - 1 (സുദര്‍ശനം കഴിയുന്നതു വരെ)






കഥാസാരം



ചൂതില്‍ തോറ്റ് വനത്തിലേക്കു പുറപ്പെട്ട പാണ്ഡവന്മാരെ അനവധി ബ്രാഹ്മണര്‍ അനുഗമിക്കുകയുണ്ടായി. കാമ്യകവനത്തിലെത്തിയപ്പോള്‍ ചുട്ടുപോള്ളുന്ന വെയിലില്‍ നടന്നുതളര്‍ന്ന പാഞ്ചാലിയെ കണ്ടു ധര്‍മ്മപുത്രര്‍ അത്യന്തം വിഷാദിച്ചു. ചൂടും വിശപ്പും കൊണ്ടു വലയുന്ന ബ്രാഹ്മണര്‍ക്ക് എങ്ങിനെ ഭക്ഷണം കൊടുക്കും എന്ന ചിന്തയാണ് പാഞ്ചാലിയെ വിഷാദിപ്പിച്ചത്.



ധര്‍മ്മപുത്രര്‍ തന്റെ കുലഗുരുവായ ധൌമ്യന്റെ ഉപദേശപ്രകാരം സൂര്യഭഗവാനെ തപസ്സുചെയ്തു പ്രത്യക്ഷമാക്കി, അക്ഷയപാത്രം നേടി. എല്ലവര്‍ക്കും വേണ്ടുന്ന ഭക്ഷണം ഇതില്‍ നിന്നു ലഭിക്കും; എന്നാല്‍ പാഞ്ചാലി അന്നന്നു ഭക്ഷണം കഴിക്കൂന്നതുവരേക്കുമാത്രം.


അങ്ങിനെ അവര്‍ കാമ്യകവനത്തില്‍ താമസിക്കുന്ന കാലത്ത് ഒരിക്കല്‍ ശ്രീകൃഷ്ണഭഗവാന്‍, പാണ്ഡവര്‍ വനവാസത്തുനു പോയി എന്നറിഞ്ഞ്, അവരെ കാണാന്‍ വനത്തിലെത്തി. ഭഗവദ്ദര്‍ശനത്താല്‍ അവര്‍ മുദിതരായി എങ്കിലും, ധാര്‍ത്തരാഷ്ട്രരുടെ നികൃതിയാല്‍ നാടുപേക്ഷിച്ച് വനവാസം ചെയ്യേണ്ടിവന്ന തങ്ങളുടെ ദുര്യോഗത്തെപ്പറ്റി ധര്‍മ്മപുത്രര്‍ ശ്രീകൃഷ്ണനോട് സങ്കടം പറഞ്ഞു.


ഇതുകേട്ട് ഭഗവാന്‍ അത്യന്തം കുപിതനായി, ദുര്യോധനാദികളെ ഉടന്‍ ഹനിക്കുന്നുണ്ടെന്നു പറഞ്ഞ്, ശത്രുനിഗ്രഹത്തിനായി സുദര്‍ശനത്തെ നിയോഗിച്ചു. സംഹാരമൂര്‍ത്തിയെ പോലെ പ്രത്യക്ഷപെട്ട സുദര്‍ശനത്തെ കണ്ടിട്ടു ധര്‍മ്മപുത്രര്‍ കൃഷ്ണനോട് ശത്രുനിഗ്രഹം ഇപ്പോള്‍ ചെയ്യേണ്ടിതില്ല എന്നുപറഞ്ഞ് സമാധനിപ്പിച്ച് ചക്രത്തെ പ്രതിസംഹരിപ്പിച്ചു. കൃഷ്ണന്‍ പാണ്ഡവരെ അനുഗ്രഹിച്ച് മടങ്ങിപ്പോയി.

(ആട്ടകഥയില്‍ മൂലത്തില്‍ നിന്നു ധാരളം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടു.)


അവതരണ രീതിയും പ്രകടനവും



കഥകളിയില്‍ അവതരിപ്പിച്ചു ഫലിപ്പിക്കാന്‍ ഏറ്റവും വിഷമം പിടിച്ച ഒരു കഥപാത്രമാണു കിര്‍മ്മീരവധത്തിലെ ധര്‍മ്മപുത്രര്‍. “ബാലേ കേള്‍ നീ ...” എന്ന പതിഞ്ഞ പദത്തോടെയാണു തുടക്കം. അതിലെ പതിഞ്ഞ വട്ടംവച്ചു കലാശം സ്ഥായി ഒട്ടും നഷ്ടപ്പെടാതെ എടുക്കേണ്ടതാണു. ധീരോദാത്ത നായകനു ചേര്‍ന്ന രീതിയിലാവണം ശോക സ്ഥായി നിലനിര്‍ത്തേണ്ടതു.



ആദ്യ രംഗത്തില്‍ ധര്‍മ്മപുത്രരും പഞ്ചാലിയും ഏറെ ദുഃഖിതരായി പ്രവേശിക്കുന്നു. അതിനു ശേഷം ധര്‍മ്മപുത്രര്‍ , ‍വേനക്കാലത്തെ നട്ടുച്ചയിലെ നഖം പൊള്ളുന്ന ചൂടേറ്റ് തളര്‍ന്നവളും പൊടികാറ്റിനാല്‍ മലിനാവ്രതമായ ദേഹത്തോടു കൂടിയവളുമായ പാഞ്ചാലിയെ കണ്ടു ഏറെ ദുഃഖിതാനായി. നല്ല മണിമയ സദനത്തില്‍, പുതിയ പുതിയ പുഷ്പങ്ങളാല്‍ അലംകൃതമായ നല്ല മനോഹരമായ ശയനത്തില്‍ വസിച്ചിരുന്ന പാഞ്ചാലി എങ്ങിനെ ഈ ഘോരവനത്തില്‍ വാഴുന്നു എന്നോര്‍ത്തു ആകുലപ്പെടുന്നു.






എന്നാല്‍ പാഞ്ചാലിയകട്ടെ തന്റെ കൂടെയുള്ള ആബാലവൃദ്ധം ജനങ്ങള്‍ക്കു എങ്ങിനെ ഭക്ഷണം കൊടുക്കും എന്നോര്‍ത്ത് വ്യാകുലപ്പെടുന്നു. ഈ ദു:ഖം കുലഗുരുവായ ധൌമ്യനോടു പറയാന്‍ ധര്‍മ്മപുത്രര്‍ തിരുമാനിക്കുന്നു. ഈ രംഗം ഇവിടെ വളരെ ഭംഗിയായി അവതരിപ്പിക്കാന്‍ ധര്‍മ്മപുത്രരായി രംഗത്തു വന്ന ശ്രീ കലാമണ്ഡലം ഗോപിക്കു കഴിഞ്ഞു.

70 നു മുകളിലുള്ള പ്രായത്തിനു പോലും തോല്‍പ്പിക്കാന്‍ കഴിയാത്ത രൂപ ഭംഗിയും, മികച്ച ശിക്ഷണത്താലും കടുത്ത തപസ്സിനാലും സ്വായത്തമാക്കിയ അവതരണ മികവും ഇദ്ദേഹത്തെ ഇന്നും സദസിനു ഏറെ പ്രിയങ്കരനാക്കുന്നു. ഇവിടെയും ധര്‍മ്മപുത്രരുടെ സ്ഥായി നിലനിര്‍ത്തുന്നതില്‍ അദ്ദേഹം ഏറെ വിജയിച്ചു. പാഞ്ചാലിയായി വന്ന കലാമണ്ഡലും ഷണ്മുഖദാസും വളരെ നന്നയി പ്രവര്‍ത്തിച്ചു. രംഗത്തിലുട നീളം ശോകസ്ഥായി നിലനിര്‍ത്താനും ഷണ്മുഖദാസിനു കഴിഞ്ഞു.

ഇവിടെ സംഗീതം കൈകാര്യം ചെയ്തതു കലാനിലയം ഉണ്ണികൃഷ്ണനും കോട്ടക്കല്‍ മധുവും ചേര്‍ന്നാണു. വളരെ നന്നയി തന്നെ ഇവര്‍ പാടി. എന്നാലും ഉണ്ണികൃഷ്ണനു കാലം താഴ്ത്തിപാടുന്നതിനേക്കാല്‍ തഴക്കം കുറച്ച് ദ്രുതഗതിയിലുള്ള പദങ്ങളക്കാണെന്നു തോന്നുന്നു. മധു നന്നായി കൂടെ പാടി. ചെണ്ടയില്‍ കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ തന്റെ സ്ഥിരം നൈപുണ്യം തന്നെ പുറത്തിടുത്തു. കിര്‍മ്മിരവധം ധര്‍മ്മപുത്രര്‍ക്കു കൊട്ടുക ഒട്ടും എളുപ്പമല്ല. വളരെ നേര്‍പ്പിച്ചു എന്നാല്‍ മുദ്രക്കും കലാശങ്ങള്‍ക്കും കൊട്ടുക എന്നതാണു ഇവിടെ പ്രധാന പ്രശ്നം. ഇതില്‍ ഇന്നു കലാമണ്ഡലം ഉണ്ണികൃഷ്ണനുള്ളത്ര കഴിവു ആര്‍ക്കും ഉണ്ടെന്നു തോന്നുന്നില്ല. മദ്ദളത്തില്‍ കോട്ടക്കല്‍ രവിയും നന്നായി.





അടുത്ത രംഗത്തില്‍ ധര്‍മ്മപുത്രര്‍ ധൌമ്യനെ വന്ദിച്ച് സങ്കടം ഉണര്‍ത്തിക്കുന്നു. ആദിത്യഭഗവാനെ പൂജ ചെയ്യാന്‍ ധൌമ്യന്‍ ഉപദേശിക്കുന്നു. ആദിത്യ മന്ത്രം സ്വീകരിച്ചു ധര്‍മ്മപുത്രര്‍ ആദിത്യ സേവ ആരംഭിക്കുന്നു. ധൌമ്യനായി കലാമണ്ഡലം അരുണ്‍ വാര്യര്‍ വേഷമിട്ടു.


തപസ്സില്‍ സന്തുഷ്ടനായി ആദിത്യഭഗവാന്‍ പ്രത്യക്ഷപ്പെടുന്നു. ധര്‍മ്മപുത്രരോടു ഇഷ്ടം എന്തെന്നു ചോദിക്കുന്നു. തുടര്‍ന്നു ധര്‍മ്മപുത്രരുടെ ഏറെ കുറെ ദീര്‍ഘമായ ഒരു സ്തുതി. അധികവും സംസ്കൃതത്തിലാണു ഈ രംഗത്തിലെ പദങ്ങള്‍.





പദത്തിനോടുവില്‍ ധര്‍മ്മപുത്രര്‍ തന്റെ സങ്കടം അറിയിക്കുന്നു. ആദിത്യ ഭഗവാന്‍ “അക്ഷയ പാത്രം” സമ്മാനിക്കുന്നു. ആദിത്യനായി കലാമണ്ഡലം ശുചീന്ദ്രനാഥ് വേഷമിട്ടു.





പിന്നെ ധര്‍മ്മപുത്രര്‍ ആദിത്യഭഗവാന്‍ മറയുന്നതു വിസ്തരിച്ചു നോക്കി കാണുന്നു. മറഞ്ഞു കഴിഞ്ഞ് തിരിയുന്നതോടു കൂടി ധൌമ്യന്‍ വലത്ത് ഭാഗത്ത് വന്നിരിക്കുന്നു. ധൌമ്യനെ വന്ദിച്ച് പാത്ര വൃത്താന്തം അറിയിക്കുന്നു. അനന്തരം ധൌമ്യനെ യാത്രയാക്കി തിരിയുന്നതോടെ പാഞ്ചാലി ഇടത്തു ഭാഗത്തു വന്ന് നില്‍ക്കുന്നു. പാത്രം നല്‍കി യാത്രയാക്കി ധര്‍മ്മപുത്രര്‍ ശ്രീ‍കൃഷണനെ ധ്യാനിക്കുന്നു.



ഇവിടെ മനോഹരമാണ് ശ്രീകൃഷ്ണന്റെ വര്‍വ്. ധര്‍മ്മപുത്രക്കു പിന്നിലായി വലത്ത് ഭാഗത്ത് തിരശ്ശീല്‍ പിടിക്കുന്നു. ശ്ലോകം ചോല്ലി അതു താഴ്ത്തുന്ന സമയം, സ്റ്റൂളില്‍ പാഞ്ചജന്യം ധരിച്ച് ശ്രീകൃഷ്ണന്‍ പ്രവേശിക്കുന്നു. താഴെക്കു ചാടി ഇറങ്ങി കാല്‍ നിരക്കി കോണ്ടു മുന്‍പോട്ടു വന്ന് ഇരിക്കുന്നു.


തുടര്‍ന്നു ധര്‍മ്മപുത്രരുടെ “പുണ്ഡരീകനയന .. “ എന്ന പദം. പദാവസാനത്തില്‍ ഇപ്രകാരം നാടു ഉപേക്ഷിചു കഴിയുന്ന ഞങ്ങളെ കണ്ടു അങ്ങേക്കൊരു നാണം ഇല്ലേ എന്നു ചൊദിക്കുന്നു. ഈ ഭാഗം ഗോപി വളരെ വിസ്തരിച്ചു അഭിനയിച്ചു.




ഇതു കേട്ട ശ്രീകൃഷ്നന്‍ അത്യന്തം കോപാകുലനാകുന്നു. ഇവിടെയാണു ഒരു പക്ഷെ കിര്‍മ്മീരവധത്തില്‍ ഏറ്റവു പ്രസിദ്ധവും മനോഹരവുമായ “കഷ്ടമഹോ ..: എന്ന പദം. സദനം കൃഷണന്‍കുട്ടി ആണു ഇവിടെ കൃഷ്ണന്‍ ആയി രംഗത്ത് വന്നത്. അപാരമായ താളബൊധം, കെട്ടികാഴ്ച്ച എന്നിവ ഈ കലാകാരന്നെ വ്യത്യസ്തനാക്കുന്നു. ഇവിടെ അദ്ദേഹം വളരെ നന്നയി തന്നെ അവതരിപ്പിച്ചു. എന്നാലും ദേഹം ആകെ ഇളക്കിയുള്ള കളി ഒരു അഭംഗി തന്നെ ആണു.




അനന്തരം സുദര്‍ശനം (തിരനോക്കില്ല) പ്രവേശിക്കുന്നു. ഭഗവാനെ സ്തുതി ചെയ്യുന്ന “മാധവ ജയ ശൌരെ ...” എന്ന പദം മുദ്രകള്‍ ഇല്ലാതെ എടുത്തു ചവിട്ടി ആടുന്നു.



എന്നാല്‍ ധര്‍മ്മപുത്രര്‍ തന്നെ ഭഗവാനെ ആശ്വസിപ്പിക്കുന്നു. അനന്തരം ശ്രീകൃഷ്ണന്‍ യാത്രയാകുന്നു.


പൊതുവെ വളരെ നല്ല നിലവാരം പുലര്‍ത്താന്‍ ഈ കളിക്കായി. എല്ലാവരും ആത്മാര്‍ത്ഥമായി തന്നെ പരിശ്രമിച്ചു. അത്യപൂര്‍വ്വവും അചിന്തനീയവുമായ നല്ല ഒരു “തിക്കി തിരക്കുന്ന” ഒരു സഹൃദയ സദസ്സ് ഈ കളിയുടെ ഒരു വിജയമായിരുന്നു. ഇതിന്റെ സംഘാടകരെ ഇതിനു എത്ര അഭിനന്ദിച്ചാലും മതി വരില്ല.

ഈ കഥയുടെ അടുത്ത ഭാഗത്തെ കുറിച്ചുള്ള വിവരണം ഇവിടെ വായിക്കാം.