Thursday, April 17, 2008

നിവാതകവച കാലകേയ വധം

2008 ഏപ്രില്‍ 12,13 തിയതികളില്‍ തൃശ്ശിവപേരൂര്‍ വളാര്‍ക്കാവു ക്ഷേത്ര കല്യാണമണ്ടപത്തില്‍ വെച്ചു വേദിക നടത്തിയ കഥകളി ശില്‍പ്പശാലയുടെ സമാപനമായി അതില്‍ പങ്കു കൊണ്ട യുവ കലാകാരന്‍മാര്‍ അവതരിപിച്ച സമ്പൂര്‍ണ്ണ കാലകേയം കഥകളി പലതു കൊണ്ടും ശ്രദ്ധേയമായി.
മഹാഭാരതം വനപര്‍വ്വത്തിലെ ‘ഇന്ദ്രലോകാഭിഗമനപര്‍വം’ എന്ന അധ്യായത്തെ ആധാരമാക്കി കോട്ടയത്തു തമ്പുരാന്‍ രചിച്ചതാണ് കാലകേയവധം കഥ.

പരമശിവനില്‍ നിന്നു പാശുപതാസ്ത്രം നേടിയ അര്‍ജുനന്‍ തന്റെ പുത്രന്‍ ആണെന്നും, വലിയൊരു സുര കാര്യം സാധിപ്പിക്കാനായി അര്‍ജുനനെ വേഗം സ്വര്‍ഗ്ഗതിലേക്കു കൂട്ടി കൊണ്ടു വരാന്‍ മാതലിയെ ഇന്ദ്രന്‍ നിയോഗിക്കുന്നു. മാതലിയാകട്ടെ ഇന്ദ്രനിയോഗം കൈകൊണ്ടു അര്‍ജുനന്റെ സ്വര്‍ഗ്ഗത്തിലേക്കു കൂട്ടി വരുന്നു.

സ്വര്‍ഗ്ഗത്തില്‍ എത്തിയ അര്‍ജുനന്‍ പിതാവായ ഇന്ദ്രനേയും ഇന്ദ്ര പത്നി ആയ ഇന്ദ്രാണിയേയും കണ്ടു വണങ്ങി സ്വര്‍ഗ്ഗം ഉല്ലാസത്തൊടെ കാണുന്നു. ഈ സമയം തന്നില്‍ അനുരാഗ വിവശയായി എത്തിയ ഉര്‍വ്വശിയെ അര്‍ജുനന്‍ സ്വീകരിക്കാന്‍ മടിക്കുന്നു. കാമം മൂലം അതീവ ദുഖത്താലും കോപത്തലും ഉര്‍വ്വശി അര്‍ജുനനെ ശപിക്കുന്നു. നപുംസകാമായി തീരട്ടെ എന്ന ഉര്‍വശി ശാപം പോലും പിന്നീടു ഉപകാരമായി വരും എന്നു പറഞ്ഞ് ഇന്ദ്രന്‍ അര്‍ജുനനെ സമാശ്വസിപ്പിക്കുന്നു. ഇപ്പൊള്‍ കുറച്ചു കാലം ഇവിടെ താമസിച്ചു എന്നില്‍ നിന്നും അസ്ത്രവിദ്യയും ഗന്ധര്‍വരില്‍ നിന്നും സംഗീതവും അഭ്യസിക്കാന്‍ ഉപദേശിക്കുന്നു.

അപ്രകാരം പിതാവു പറഞ്ഞതനുസരിച്ച് അവിടെ വസിച്ചു വിദ്യകള്‍ അഭ്യസിച്ച അര്‍ജുനനോടു ഇന്ദ്രന്‍ ഗുരുദക്ഷിണയായി അന്യരാല്‍ അവധ്യനായ നിവാതകവചന്‍ എന്ന അസുരനെ വധിക്കണം എന്നു പറയുന്നു. അര്‍ജുനന്‍ നിവാതകവചനെ, നിവാസ സ്തലമായ സമുദ്രത്തില്‍ ചെന്നു പോരിനു വിളിച്ചു വധിക്കുന്നു.

നിവാതകവചന്റെ മരണവാര്‍ത്ത കാലകേയനെ ഒരു ദൂതന്‍ വന്നു അറിയിക്കുന്നു. നിവാതകവചന്‍ മായാബലം കൊണ്ടു അര്‍ജുനനെ ജയിക്കുന്നു. മോഹാത്സ്യപ്പെട്ട അര്‍ജുനനെ, പരമശിവന്റെ നിയോഗത്താല്‍ എത്തി ചേര്‍ന്ന നന്ദികേശ്വരന്‍ സഹായിക്കുകയും, ഇരുവരും ചേര്‍ന്നു കാലകേയനെ വധിക്കുകയും ചെയ്യുന്നു.

പ്രധാനമായും മൂന്നു ആദ്യാവസാന വേഷങ്ങള്‍ ആണു ഇതിലുള്ളത്. സ്വര്‍ഗ്ഗ വര്‍ണ്ണന വരെയുള്ള ആദ്യത്തെ അര്‍ജുനന്‍, കഥകളിയില്‍ ഏക ആദ്യവസാന സ്ത്രീ വേഷം എന്നു വരെ വിശേഷിപ്പിക്കവുന്ന ഉര്‍വശി, രണ്ടാമത്തെ അര്‍ജുനന്‍. പിന്നെ മികച്ച ഒരു ഇടത്തരം വേഷമായ മാതലി, നല്ലോരു താടി വേഷം ആയ കാലകേയന്‍. നല്ല ചിട്ടയും സംഗീതവും ഉള്ളവര്‍ക്കു മാത്രം കൈകാര്യം ചെയ്യാന്‍ പറ്റുന്നതാണു ഇതിലെ പദങ്ങള്‍ എല്ലാം. കഥകളില്‍ അപൂര്‍വ്വമായി കാണുന്ന പഞ്ചാരി താളത്തിലുള്ള തോങ്കാരം ഇതിലെ ഒരു പ്രത്യേകതകളില്‍ ഒന്നാണു.


കലാ: പ്രദീപാണു ആദ്യത്തെ അര്‍ജുനനെ അവതരിപ്പിച്ചതു. എടുത്തു പറയണ്ട ഒരു പ്രകടനം ആയിരുന്നു പ്രദീപിന്റെ അര്‍ജുനന്‍. വളരെ അവശനിലയിലായിട്ടും അതൊന്നും ഒട്ടും അറിയിക്കതെ തന്നെ പ്രദീപ് ആടി. തേച്ചാല്‍ നല്ല ഭംഗിയുള്ള മുഖം, തെറ്റില്ലത്ത ചൊല്ലിയാട്ടം, കറ കളഞ്ഞ ആത്മാര്‍തഥ എന്നീ ഗുണങ്ങള്‍ പ്രദീപിനുണ്ടു. വലിപ്പം ഇല്ലായ്മ ഒരു കുറവായി തോന്നറുണ്ടു.

ഇന്ദ്രനായി കലാനിലയം അരവിന്ദും മാതലിയായി വടക്കുംഭാഗം നാരായണനും വേഷം ഇട്ടു. യാതൊരു അപാകതകളും ഇല്ലാത്ത ഒരു മാതലിയെ ആണു നാരായണന്‍ അവതരിപ്പിച്ചതു.ഈ രംഗങ്ങളില്‍ സംഗീതം കൈകാര്യം ചെയ്തതു കലാ: സുബ്രമണ്യനും വിനോദും ചേര്‍ന്നാണു. കാലപഴക്കം മൂലമാണൊ എന്നറിയില്ല, സുബ്രഹ്മണ്യന്റെ സംഗീതം ശരാശരി നിലവാരം പുലര്‍ത്തിയില്ല. കൃഷ്ണദാസിന്റെ ചെണ്ട വാദനം ഏറെ മികച്ചു നിന്നു.

എടുത്തു പറയണ്ട മറ്റൊരു പ്രകടനം കണ്ടതു ഉര്‍വശി കെട്ടിയ ഷണ്മുഖനില്‍ നിന്നായിരുന്നു. വളരെ ചിട്ടയോടു കൂടി, യാതൊരു ഗോഷ്ട്ടികളും ഇല്ലാതെ, ഉര്‍വശിയെ അവതരിപ്പിക്കാന്‍ ഷണ്മുഖനു കഴിഞ്ഞു.അടുത്ത കാലത്തു തടി അല്‍പ്പം കൂടിയതു ഷണ്മുഖന്റെ സ്ത്രീ വേഷത്തിനു ഭംഗി കുറച്ചിട്ടുണ്ടു. എങ്ങിലും ഈ അടുത്ത കാലത്തൊന്നും ഇത്ര നല്ല ഒരു ഉര്‍വശിയെ കാണാന്‍ സാധിച്ചിട്ടില്ല. വളരെ പതിഞ്ഞ താളത്തിലുള്ളതും ചിട്ട പ്രധാനവുമായ പദങ്ങള്‍ ആണു ഉര്‍വശിയുടെ. അര്‍ജ്ജുനനോടു തോന്നിയ കലശലായ പ്രേമം, അതു പ്രകടിപ്പിക്കുവനുള്ള നാണം, അതു നിരസ്സിച്ചപ്പോളുള്ള ദുഃഖം, അതില്‍ നിന്നു ഉത്ഭവിച്ച കോപം ഇങ്ങനെ ഭാവങ്ങള്‍ മാറി മാറി പ്രകടിപ്പിക്കണം. മുഖം കൊണ്ടു ഗോഷ്ടി കാണിക്കാതെ, സ്ഥായി വിടാതെ, ചിട്ട തെറ്റാതെ അതു അരങ്ങത്തു കാണിച്ചു ഫലിപ്പിക്കുക ഒട്ടും എളുപ്പമല്ല. അതു കൊണ്ടു തന്നെയാവണം വളരെ അധികം “ഉര്‍വശി” മാര്‍ നമുക്കില്ലാത്തതും.

ഇവിടെ ഷണ്മുഖന്‍ ഈ വേഷം വളരെ വൃത്തിയായി ചെയ്തു. ചിട്ട പ്രധാന സ്ത്രീ വേഷങ്ങള്‍ ചെയ്യുന്നതില്‍ ഷണ്മുഖനു വലിയൊരു ചാരുത മുന്‍പും തോന്നിയിട്ടുണ്ടു. രണ്ടു കൊല്ലാം മുന്‍പു കൃമ്മീരവധത്തില്‍ “ലളിത” കണ്ടപ്പോളും ഇതാണു തൊന്നിയതു.

ഇവിടെ സംഗീതം കൈകാര്യം ചെയ്തതു കലാമണ്ഡലം ബാബു നംബൂതിരിയും കലാനിലയം രാജീവനും ചേര്‍ന്നായിരുന്നു. ഇരുവരും ചേര്‍ന്നു നന്നായി തന്നെ പാടി. “ഹരിദാസേട്ടനെ” ഓര്‍മ്മിപ്പിക്കുന്ന നല്ല ശാരീരം ആണു ബാബുവിനു ലഭിച്ചിട്ടുണ്ടു. സംഗീതവും നല്ലതാണു. പലപ്പോഴും പാട്ടിനു വ്യക്തത തോന്നറില്ല എന്നതാണു ഒരു പ്രശ്നം.

അതുപോലെ തന്നെ ഒന്നാംതരമായിരുന്നു രണ്ടാം അര്‍ജ്ജുനനായി അരങ്ങത്തു വന്ന കലാമണ്ഡലം ഹരിനാരായണന്റെ പ്രകടനവും. ഇന്നത്തെ യുവ കലാകാരന്മാരില്‍ ഏറ്റവും ഊര്‍ജ്ജം ഉള്ള കഥകളി വേഷക്കാരനാണു ഹരിനാരായണന്‍. എല്ലാ പുരുഷ വേഷങ്ങളും കെട്ടുമെങ്കുലും കത്തി വേഷങ്ങളിലാണു കൂടുതല്‍ ശോഭിക്കാറു.

നല്ല അദ്ധ്വാനം ആവിശ്യമായ ഒന്നാണു ഇതിലെ രണ്ടാം അര്‍ജ്ജുനന്‍. ഉര്‍വശിയുടെ വളരെ പതിഞ്ഞ കാലത്തിലുള്ള “സ്മര സായക ..” എന്ന പദത്തിനു ഒന്നും ചെയ്യാതെ സ്റ്റൂളില്‍ ഇരിക്കുക മുതല്‍ അങ്ങോട്ടുള്ള ചടുലമായുള്ള പദങ്ങളും യുദ്ധവും വരെ, അര്‍ജ്ജുനനു പണി വളരെ കൂടുതലാണു. “മനുജ കുല തിലക ..” എന്നുള്ള അര്‍ജ്ജുനന്റെ പഞ്ജാരിയിലുള്ള തോങ്കാരത്തോടു കൂടിയ പദം ഇതിലെ മനോഹാരിതയാണു. തുടര്‍ന്നുള്ള ലഖുവായ സമുദ്ര വര്‍ണ്ണനയ്ക്കു ശേഷം നിവാതകവചനെ കണ്ടെത്തി പോരിനു വിളിക്കുന്നു. ഏറ്റവും മനോഹരമായ ഒരു പോരിനു വിളിയാണു ഇവിടെ. അതു കണ്ടു തന്നെ അറിയണം. ഈ രംഗങ്ങളെല്ലാം മനോഹരമായി അവതരിപ്പിക്കാന്‍ ഹരിനാരായണനു കഴുഞ്ഞു. ഒതുങ്ങിയ ദേഹ പ്രകൃതി, അരങ്ങത്തു കള്ളത്തരം ലവലേശം ഇല്ലാതെ പണിയെടുക്കുന്നതിലുള്ള മിടുക്കു, മികച്ച ചൊല്ലിയാട്ടം, കഥാപാത്ര തിരിച്ചറിവു മുതലായ ഗുണങ്ങള്‍ ഹരിനാരായണന്റെ മുതല്‍ കൂട്ടാണു.


കാലകേയനായി വേഷമിട്ട കലാനിലയം വിനോദു നന്നായി. പലപ്പോഴും സ്ത്രീ വേഷങ്ങള്‍ ആണു വിനോദിനു കിട്ടാറുള്ളതു എന്നു തോന്നുന്നു. പക്ഷെ വിനോദിന്റെ ഉയരം അതിനു വലിയ തടസ്സം ആണു. താടി വേഷം കെട്ടിയപ്പൊള്‍ അതു നല്ല ഗുണവും ചെയ്തു.

എന്തായാലും “വിഷുവിന്റെ” തലേ ദിവസത്തെ ഉറക്ക ഒഴിപ്പു വെറുതെ ആയില്ല. അതിനു ഈ യുവ കലാകാരന്മാര്‍ എല്ലാ പ്രശംസയും അര്‍ഹിക്കുന്നു. അതു പോലെ സംഘാടകരും. ഇത്തരം കളികള്‍ ഇനിയും ഉണ്ടാവേണ്ടതു കഥകളിയുടെ നിലനില്‍പ്പിനു ആവശ്യമാണു.

2 comments:

മണി said...

ശ്രീ,
കഥകളികാര്യങ്ങള്‍ക്കാ‍യി ഇങ്ങിനെ ഒരു ബ്ലോഗ് തുടങ്ങിയതിന് അഭിന്ദനങ്ങള്‍.
ഈ ഉദ്യമത്തിന് എല്ലാവിധ ആശംസകളും!

Srikumar K said...

Very good enterprise. Please keep it up. It is heartening to know that all malayalam bloggers are maintaining a good uniform format for assessing kathakali.