കോട്ടക്കല്‍ ആര്യവൈദ്യശാല ട്രൂപ്പാണ് കഥകളി അവതരിപ്പിച്ചത്. ആദ്യമായി അരങ്ങേറിയതു ബാണയുദ്ധമായിരുന്നു. ചന്ദ്രശേഖര വാര്യരുടെ ബാണനായിരുന്നു ഇതിലെ സവിശേഷത.
നല്ലൊരു ആട്ടകഥയാട്ടും, വേണ്ടത്ര പ്രചാരം ബാണയുദ്ധതിനില്ലാതെ പോയി. “ഉഷ-ചിത്രലേഖ” രംഗം മാത്രമാണ് ഇതിനു ഒരു അപവാദം. “വടക്കന്‍” മേഖലയില്‍ പ്രത്യേകിച്ചും. ഇവിടെ ഇതിനു മുന്‍പു കാണന്‍ കഴിഞ്ഞിട്ടുള്ളതു മടവൂരാശാന്റെ ബാണന്‍ ആണ്.
കോട്ടക്കല്‍ ട്രൂപ്പ് ചിട്ടപ്പെടുത്തിയ രീതിയില്‍ ആണ് ഇവിടെ അവതരിപ്പിച്ചത്. ആദ്യം ശൃംഗാര രസത്തിലുള്ള പതിഞ്ഞ തിരനോക്ക്. പിന്നെ ബാണനും പത്നിയും ചേര്‍ന്നുള്ള പതിഞ്ഞ പദവും മറുപടി പദവും. അതിനു ശേഷം തന്ടെ ആയിരം കൈകള്‍ നോക്കി, ഈ കൈകള്‍ എല്ലാം കൂടി ഇവളെ ആലിംഗനം ചെയ്താല്‍ ഇവള്‍ പൊടിഞ്ഞു പോകും. അതിനാല്‍ കൈകളോട് “നിങ്ങള്‍ മാറി മാറിയെ ഇവളെ ആലിംഗനം ചെയ്യാവു. നിങ്ങള്‍ ചിലര്‍ ഇവളുടെ മുടി തലോടിക്കോളു. വേറെ ചിലര്‍ ഇവളെ ചന്ദനം ചാര്‍ത്തിക്കോളു”. ഇപ്രകാരം ഒരോരുത്തര്‍ക്കും ഒരോരൊ ജോലികള്‍ നല്‍കുന്നു. തലമുടിയും മയില്പീലിയും തമ്മില്‍ നടന്ന മത്സരവും ഇവിടെ വിസ്തരിച്ച് ആടുകയുണ്ടായി. പിന്നെ പത്നിയുമായി കുറച്ചു നേരം സല്ലപിക്കുന്നു. പഞ്ചബാണ കേളികള്‍ക്കു ശേഷം ക്ഷീണിതനായ ബാണന്‍, വിശ്രമിക്കാനായി പത്നിയെ യാത്രയാക്കുന്നു.
പിന്നെ തന്റേടാട്ടം. “എനിക്കു ഏറ്റവും സുഖം ഭവിച്ചു ...” അതിനു കാരണം അന്വേഷിക്കുന്നു. “തന്റെ അച്‌ഛനായ മഹാബലി, വിഷ്ണുവിനെ കാവല്‍ക്കാരനാക്കി പാതാളത്തില്‍ വാഴുന്നു. താന്‍ ആകട്ടെ ശിവനെ തപസ്സ് ചെയ്ത് പ്രീതിപെടുത്തി ഏറ്റവും കരുത്തനായി. ശിവന്റെ താണ്ഡവ നൃത്തത്തിനു, ആയിരം കൈകള്‍ ഉപയോഗിച്ച് വാദ്യങ്ങള്‍ ഉപയോഗിച്ച് ശിവനെ സംതൃപ്തനാക്കി. സന്തോഷവാനായ ശിവന്‍ തനിക്കു വീണ്ടും വരങ്ങള്‍ തന്നു. ശിവന്‍ തന്നെ സപരിവാരം ഗോപുരത്തില്‍ വന്നു താമസിച്ച് എന്നെ കാക്കണം എന്നു ആവിശ്യപെട്ടു. ഇപ്രകാരം ശിവനാല്‍ കാക്കപ്പെടുന്ന എനിക്കു ശത്രുക്കള്‍ ഇല്ലാതെയായി. സ്വന്തം കൈതരിപ്പ് തീര്‍ക്കാന്‍ വഴിയില്ലാതെയായി. ഇനി അതിനുള്ള വഴി ശിവനെ കണ്ടു തന്നെ അന്വേഷിക്കുക തന്നെ”
ഇവിടെ ആയിരം കൈകള്‍ കൊണ്ടുള്ള വാദനം വളരെ വിസ്തരിച്ച് ഒരു തനിയാവര്‍ത്തനം ശൈലിയില്‍ ആടുകയുണ്ടായി. നല്ല മേളത്തോടു കൂടി അത് ആസ്വാദ്യമായെങ്കിലും അവിടെ ആവിശ്യമില്ലെന്നു തോന്നി.
വാര്യരുടെ ബാണനും വലിയ നാരായണന്റെ പാട്ടും ഒക്കെ വളരെ നന്നായി. എന്നാലും ബാണന്റെ അവതരണ രീതി ശരിയെന്നു തോന്നുന്നില്ല. ഒന്നാമതു “പതിഞ്ഞ പദവും”, “തന്റേടാട്ടവും” കൂടി വരുന്നതു ഉചിതമല്ല. തിരനോക്കു മുതല്‍ പദവും ആട്ടവും കഴിയുന്നതു വരെ രസം ശൃംഗാരം തന്നെ. പിന്നെ രസം വീരത്തിലേക്കു മാറണം. അതിനു ഇവിടെ യാതോരു അവലംബവും ഇല്ല. സാധാരണ ഒരു ശബ്ദം കേള്‍ക്കുന്നതോ ആനുചുതമായി എന്തെങ്കിലും കാണുന്നതോ അതിനു കാരണമാകാം. ഇവിടെ അങ്ങിനെ യാതൊന്നും ഇല്ല. പിന്നെ പ്രസിദ്ധമായ ഗോപുരം ആട്ടം ആകുമ്പോഷേക്കും നടന്‍ തളരാനും സാദ്ധ്യതയുണ്ട്. ഇതെല്ലാം നോക്കുമ്പോള്‍ ആദ്യന്തം വീര രസത്തോടെ, “പതിഞ്ഞ പദം” ഇല്ലാതെ, ഉള്ള മടവൂരാശന്റെ ശൈലി ആണു നല്ലതെന്നു തോന്നുന്നു.
വാസുദേവന്റെ ചിത്രലേഖയും നന്നായി. ഉഷയായി ഹരികുമാറും രംഗത്തെത്തി. എന്നാല്‍ ഈ ഭാഗത്ത് മധുവിന്റെ സംഗീതം വേണ്ടപോലെ ആയില്ല.
“ദക്ഷയാഗം” വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍. :)