Sunday, October 12, 2008

ചേര്‍പ്പിലെ നൂറരങ്ങ്

കലാമണ്ഡലവും കുണ്ടൂര്‍ സ്മാരക സദസ്സും ചേര്‍ന്ന് ഒക്റ്റോബര്‍ 1നു വെച്ച് തൃശ്ശൂരിലെ ചേര്‍പ്പില്‍ അവതരിപ്പിച്ച “കല്യാണസൌഗന്ധികം” കഥകളിയുടെ ആസ്വാദനം

ആട്ടക്കഥയും അതിന്റെ അവതരണരീതികളും ഇവിടെ വായിക്കാം.

ഭീമന്‍ :- കലാമണ്ഡലം ഷണ്മുഖദാസ്
പാഞ്ചാലി :- കലാമണ്ഡലം നാരായണന്‍ കുട്ടി
ഹനുമാന്‍ :- കലാമണ്ഡലം പ്രദീപ്കുമാര്‍

സംഗീതം :- നെടുമ്പിള്ളി രാംമോഹന്‍, പനയൂര്‍ കുട്ടന്‍
ചെണ്ട :- കലാമണ്ഡലം വിജയകൃഷ്ണന്‍
മദ്ദളം :- കലാമണ്ഡലം ശ്രീകുമാര്‍
ഭീമനായി രംഗത്തു വന്ന ഷണ്മുഖദാസ് ഇന്നു കഥകളി ലോകത്ത് പരിചയപ്പെടുത്തലുകള്‍ ആവിശ്യമില്ലാത്ത കലാകാരനാണ്. മികച്ച വേഷഭംഗി തന്നെയാണ് ആദ്യമായി പ്രകടമാകുന്ന ഗുണം. വേഷം പച്ചയായാലും കത്തിയായാലും സ്ത്രീയായാലും ഒന്നാംതരം തന്നെ. കൂടാതെ നല്ല മുഖാഭിനയവും ഈ നടന്റെ മാറ്റ് ഏറെ കൂട്ടുന്നു.






ആദ്യരംഗത്തിലെ “പാഞ്ചാലരാജ തനയേ ...” എന്ന പദം ഒരുവിധം ഭംഗിയായി തന്നെ ഷണ്മുഖദാസ് അവതരിപ്പിച്ചു. എങ്കിലും ആട്ടങ്ങളില്‍ കൂടുതല്‍ കൃത്യത കാണിക്കാന്‍ ശ്രമിക്കണം.



പാഞ്ചാലിയായി രംഗത്ത് വന്നത് ശ്രീ: കലാമണ്ഡലം നാരയണന്‍ കുട്ടിയായിരുന്നു. തരക്കേടില്ലാത്ത പ്രകടനമായിരുന്നു നാരയണന്‍‌കുട്ടിയുടേത്.






ചടുലത കൂടുതല്‍ വേണ്ട ഭാഗമാണ് ഭീമന്റെ പദമായ “മാഞ്ചേന്‍ മിഴിയാളെ ..” എന്നത്. ഈ ലോകത്ത് എവിടെയാണെങ്കിലും പാഞ്ചാലിയുടെ ആഗ്രഹം സാദ്ധിപ്പിക്കാന്‍ തനിക്കു ഒരു വിഷമവും ഇല്ല എന്നതാണ് സാരം.



ശൈലത്തിന്റെ ഉന്നതി, ശക്രലോകത്തിന്റെ വിസ്താരം എന്നിവ പ്രേക്ഷകര്‍ക്കു ബോദ്ധ്യപെടുത്തി, അവയെല്ലാം തന്റെ പരാക്രമത്താല്‍ നിസ്സാരം എന്ന് ഭീമന്‍ നടിക്കണം. ഇതെല്ലാം ഷണ്മുഖന്‍ നന്നായി കാണിച്ചു.





പിന്നീടുള്ള ആട്ടം “ചിട്ട” പോലെ ആയിരുന്നു. എന്നാല്‍, “വഴിയില്‍ ശത്രുക്കള്‍ വന്നാല്‍ എന്താണ് സഹായം” എന്ന പാഞ്ചാലിയുടെ ചോദ്യം ഒഴിവാക്കേണ്ടതാണെന്നു തോന്നുന്നു. ഭീമനെ ഇത്ര നന്നായി അറിയാവുന്ന പാഞ്ചാലി ഇങ്ങനെ ഒരു ചോദ്യം ചോദിക്കണോ? തന്റെ ഗദ പ്രകടിപ്പിക്കാന്‍ വേണ്ടി തുടങ്ങിയതാവും ഈ ആട്ടം.



വന വര്‍ണ്ണന ഒരു ഒഴുക്കന്‍ മട്ടില്‍ തുടങ്ങി. “അജഗരകബളിതം” മാത്രം നന്നായി ആടി.







ധാരളം ഗുണങ്ങള്‍ ഉണ്ടെങ്കിലും ഒരുപാട് ദോഷവും ഷണ്മുഘന്റെ വേഷത്തിനുണ്ട്. ഇപ്പോല്‍ ആകെ കൂടി തടിച്ച് ചീര്‍ത്ത ശരീരം. പെട്ടന്നു ക്ഷീണിക്കുന്ന ദേഹപ്രകൃതം. ഇതൊക്കെ കൂടി ഈ 30 നോട് അടുത്ത പ്രായത്തിലും ഒരു 70 വയസ്സിനു മുകളില്‍ ഉള്ള ആശാന്മാര്‍ എടുക്കുന്ന പ്രയത്നം പോലും ഇവിടെ ഷണ്മുഖനു എടുക്കാന്‍ കഴിയുന്നില്ല. ഈ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ഷണ്മുഖന്‍ കൊടുത്തില്ലെങ്കില്‍ കഥകളിയില്‍ മാത്രമല്ല ജീവിതത്തിലും പ്രശ്നമാകും.



മികച്ച വേഷഭംഗിയും അഭിനയ മികവും കിട്ടിയിട്ടും പുരുഷവേഷങ്ങളില്‍ ഇപ്പോള്‍ ഒട്ടും ശോഭിക്കാന്‍ ഷണ്മുഖനു കഴിയുനില്ല. അല്ലെങ്കിലും ഇവിടെ ധാരാളം “ഷണ്മുഖപ്രിയന്മാര്‍“ ഉണ്ടു. ആരാധന മൂത്ത് കലാകാരന്മാരെ തന്നെ നശിപ്പിക്കുന്നവര്‍. ധാരാളം മികച്ച കലാകരന്മാരെ നമക്കു നഷ്ടപെട്ടിട്ടുണ്ട് ഈ “ആരാധകര്‍” മൂലം. അപ്രകാരം ഒന്നു ഇവിടെ സംഭവിക്കാതിരിക്കിട്ടെ.





കലാമണ്ഡലം പ്രദീപ് ആണ് ഹനുമാനായി രംഗത്ത് വന്നത്. യുവകലാകാരന്മാരില്‍ വളരെ ശ്രദ്ധേയനാണ് ശ്രീ പ്രദീപ്. തേച്ച വേഷങ്ങല്‍ എല്ലാം നന്ന്. മികച്ച അഭ്യാസബലം തന്നെയാണ് ഏറ്റവും മികച്ച ഗുണം. ഒതുങ്ങിയതും വൃത്തിയുള്ളതുമായ ചൊല്ലിയാട്ടം. തെറ്റില്ലാത്ത മുഖാഭിനയം.



അവതരിപ്പിച്ച് ഫലിപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടാണ് ഹുനുമാന്റെ വേഷം. പൊതുവെ നന്നായെങ്കിലും ആട്ടങ്ങളില്‍ ഒന്നുകൂടി ശ്രദ്ധിക്കണം. ആട്ടങ്ങള്‍ കഥ പറയുന്നതു പോലെ അനുഭവപെടണം. കലാ: രാമന്‍‌കുട്ടിനായര്‍ എന്ന മഹാനടന്റെ ആട്ടങ്ങള്‍ തന്നെ ഉദാഹരണം. ഒട്ടും മുറിയാതെ, മനോഹരമായി അദ്ദേഹം ആടുന്നതു ഒരു അനുഭവം തന്നെയാണ്.



സ്വതവേ പതിവില്ലാത്ത “നൃപതേ ..” എന്ന ഹനുമാന്‍ - ഭീമ സംവാദവും ഇവിടെ ഉണ്ടായി. ഇതൊക്കെ ഒഴിവാക്കുന്നതു കഷ്ടം തന്നെ.



ഏറ്റവും മികച്ച് നിന്നത് രാമന്റെ പാട്ട് തന്നെ. കലാ: സോമന്റെ കീഴില്‍ കഥകളി വേഷവും കലാ: ശ്രീകുമാറിന്റെ കീഴില്‍ കഥകളി സംഗീതവും അഭ്യസിച്ചു. കര്‍ണാടിക സംഗീതത്തില്‍ ബിരുദാനന്തര ബിരുദവും ഉണ്ട്. എന്നിട്ടും കലാമണ്ഡലത്തില്‍ “കണക്ക്” മാഷാണ്. കലികാലം തന്നെ. !!!



ഏതു കഥയും നല്ല ചിട്ടയില്‍ ഒരു സംശയവും ഇല്ലാതെ പാടനുള്ള കഴിവും, അതിനുള്ള ധൈര്യവും ഇന്നത്തെ യുവ കലാകരന്മാരില്‍ ഇത്രത്തോളം ആര്‍ക്കും ഉണ്ടെന്നു തോന്നുന്നില്ല. സംഗീതവും ശാരീരവും നന്ന്.



ചെണ്ട കൊട്ടിയത് ശ്രീ കലാ: വിജയകൃഷണന്‍ ആയിരുന്നു. കഥകളി ലോകം കണ്ട ഏറ്റവും മികച്ച പ്രതിഭകളില്‍ ഒരാളും, കഥകളി മേളത്തിലെ അതികായകനും ആയിരുന്ന ശ്രീ: കലാ: കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ മകനാണ് ഇദ്ദേഹം. എന്നാല്‍ മേളത്തില്‍ അച്ഛന്റെ ഒരു ഗുണവും ഇദ്ദേഹത്തിനു കിട്ടിയിട്ടില്ല. ആകെ ഒരു “കടപടകടപട” കൊട്ട്. മുദ്രക്കിണക്കം നന്നേ കുറവ്. അല്ലെങ്കിലും അച്ഛന്‍ ആന പുറത്തിരിന്നതു കൊണ്ട് മകനു തഴമ്പ് വരുമോ? ഇല്ല.


മികച്ച നിലവാരം പുലര്‍ത്താന്‍ ഈ കളിക്കായില്ല. അവിടെയും ഇവിടെയും ചില നല്ല പ്രകടനങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍.