Friday, August 14, 2009

ഇരിഞ്ഞാലക്കുട “തിരനോട്ടം” അരങ്ങ് 09

തിരനോട്ടം എന്ന പേരിലുള്ള ദുബായ് ആസ്ഥാനമായുള്ള സംഘടന, കഴിഞ്ഞ ഓഗസ്റ്റ് 9നു ഇരിഞ്ഞാലക്കുട കലാനിലയം ഹാളില്‍അരങ്ങ് 09” എന്ന പരിപാടിയോട് അനുബന്ധിച്ച് അന്നു രാത്രി കളി നടത്തുകയുണ്ടായി.

ഇന്നു ഒരു കഥയുടെ സമ്പൂര്‍ണ്ണ അവതരണം വളരെ അപൂര്‍വ്വമായെ കാണാറുള്ളു. തിരനോട്ടം കാണിക്കുന്ന മാതൃക അനുകരണീയം ആണ്. കഴിഞ്ഞ തവണ ഇവിടെ അവതരിപ്പിച്ചത് കിര്‍മ്മീരവധം ആയിരുന്നു. അതിന്റെ ആസ്വാദനം ഇവിടെ എഴുതിയതും ആണ്. ഇത്തവണ അവതരിപ്പിച്ചത് കാലകേയവധം ആണ്‍. അതും സമ്പൂര്‍ണ്ണമായി.

വളരെ ലളിതമായ ഉള്ളടക്കം. എന്നാല്‍ സങ്കീര്‍ണ്ണമായതും വളരെ ശാസ്ത്രീയമായി ചിട്ടപെടുത്തിയതുമായ അവതരണ ശൈലി. ഇതാണ് കാലകേയവധത്തിന്റെ പ്രത്യേകത. അര്‍ജ്ജുനന്‍‌‌ ആണ് ആദ്യാവസാനം. പരമശിവനില്‍ നിന്ന് പാശുപതാസ്ത്രം നേടിയിരിക്കുന്ന അര്‍ജ്ജുനന്‍ സ്വപുത്രനാണെന്നും വലുതായ സുരകാര്യം സാധിപ്പിക്കാനായി പാര്‍ത്ഥനെ ഭൂമിയില്‍ ചെന്ന് കൂട്ടി കൊണ്ട് വരാനും ദേവേന്ദ്രന്‍ മാതലിയോട് കല്‍പ്പിക്കുന്നു. ഇന്ദ്രരഥത്തില്‍ തന്നെ പാര്‍ത്ഥസമീപം എത്തിയ മാതലി അര്‍ജ്ജുനനെ കാര്യം ധരിപ്പിച്ച് സ്വര്‍ഗത്തില്‍ എത്തിക്കുന്നു. സ്വര്‍ഗത്തില്‍ എത്തിയ അര്‍ജ്ജുനന്‍ പിതാവായ ഇന്ദ്രനെ ചെന്നു കണ്ടു വണങ്ങുന്നു. ഇന്ദ്രന്‍ , അടുത്തു നില്‍ക്കുന്ന ജയന്തനു പോലും അസൂയുണ്ടാക്കുന്ന വിധത്തില്‍ അര്‍ജ്ജുനനെ അര്‍ദ്ധസിംഹാസനം നല്‍കി ആദരിക്കുന്നു. പിന്നീട് അര്‍ജ്ജുനന്‍ മാതൃസ്ഥാനീയയായ ഇന്ദ്രാണിയേയും കണ്ട് വണങ്ങി വിശിഷ്ടമായ സ്വര്‍ഗ്ഗം നടന്നു കാണുന്നു. അതിനോടുവില്‍ ദേവശത്രുക്കളായ വജ്രകേതു വജ്രബാഹു എന്ന രാക്ഷസന്മാരെ നശിപ്പിക്കുകയും ചെയ്യുന്നു.

സമയം അര്‍ജ്ജുനനില്‍ അനുരക്തയായ് ഉര്‍വശി അര്‍ജ്ജുന സമീപം വന്ന് തന്റെ ഇംഗിതം അറിയിക്കുന്നു. ഒഴിഞ്ഞു മാറാന്‍ ശ്രമിച്ച അര്‍ജ്ജുനനെ നപുംസകമായി തീരട്ടെ എന്നു ശപിക്കുന്നു. എന്നാല്‍ വിവരം ധരിച്ച ഇന്ദ്രന്‍ അര്‍ജ്ജുനനെ സമാശിപ്പിക്കുന്നു. ഇതു ഉപകാരമായി തീരും എന്നു അനുഗ്രഹിക്കുന്നു. പിന്നീട് ഇന്ദ്രനില്‍ നിന്നു ദിവ്യാസ്ത്രങ്ങള്‍ നേടിയ അര്‍ജ്ജുനന്‍ ഇന്ദ്രവൈരികളായ നിവാതകവച കാലകേയന്മാരെ വധിക്കുന്നു. ഇത്രയുമാണു ഇതിവൃത്തം.

കഥയെ കുറിച്ച് വിശദമായി മണി എഴുതിയിട്ടുണ്ട്. അതു വായിക്കാന്‍ ഇവിടെ അമര്‍ത്തുക.

ഇതിലെ ആദ്യ അര്‍ജ്ജുനന്‍ , കഥകളി നടന്മാര്‍ക്ക് വലിയ ഒരു വെല്ലുവിളിയാണ്. ഇവിടെ അര്‍ജ്ജുനെ അവതരിപ്പിച്ചത് പദ്മശ്രീ കലാമണ്ഡലം ഗോപിയാശാനാണ്. എഴുപത്തുകളിലും അനായാസമായി തന്നെ ആശാന്‍ വേഷം ചെയ്യുന്നത് അത്ഭുതം തന്നെ!!! ആശാനെ കുറിച്ചും ആശാന്റെ വേഷത്തിന്റെ പ്രത്യേകതകളെ കുറിച്ചും വികടശിരോമണി ഒരു പ്രത്യേക പോസ്റ്റ് തന്നെ എഴുതിയിട്ടുണ്ട്. അതു വായിക്കാന്‍ ഇവിടെ അമര്‍ത്താം.ഇന്ദ്രനായി എത്തിയ ഷണ്മുഖദാസ് വളരെ ഗംഭീരമായി. അന്നത്തെ മുഖ തേപ്പും വളരെ നന്നായിരുന്നു. “മാതലേ നിശമയ ..” എന്ന ആദ്യ പദം ഇത്ര നന്നായി ആരും ചെയ്തു കണ്ടിട്ടില്ല.

പ്രസിദ്ധമായ “സലജ്ജോഹം” എന്ന പദത്തില്‍ നിന്നു ചില ചിത്രങ്ങള്‍ താഴെ ചേര്‍ക്കുന്നു.


എന്നാല്‍ മാതലിയായി എത്തിയ സദനം നരിപറ്റ നാരായണന്‍ നമ്പൂതിരി തീര്‍ത്തും നിരാശാജനകമായി.
വളരെ മനോഹരമായ വേഷം ആണ് മാതാലി. നിയതമായ ഒരു ചിട്ട ഉണ്ട്. അതിലാണ് ഭംഗിയും. ഇതില്‍ എന്തെങ്കിലും മാറ്റം ഒരു കലാകാരന്‍ വരുത്തുന്നുണ്ടെങ്കില്‍ അതു വളരെ ആലോചിച്ചിട്ടു വേണം. ഇന്ദ്രന്‍ സ്വരഥം തന്നെ തയ്യാറാക്കി പോയി വരാന്‍ പറഞ്ഞ സമയം, അര്‍ജ്ജുനചരിതം ആടി പ്രേക്ഷകരെ മടുപ്പിച്ചു. തേര്‍ കൂട്ടി കെട്ടുന്ന പ്രക്രിയ വേറെ എവിടെയും കാണാന്‍ കിട്ടാത്ത ഒന്നാണ്. ഒരു തേര്‍ എന്താണെന്നു പ്രേക്ഷകനു ഒരു ദൃശ്യാനുഭവം നല്‍കുന്ന പ്രക്രിയ അപാരം തന്നെ. ഇതു ലോകത്തിലെ വേറെ ഒരു നാടക വേദിയിലും കാണാന്‍ കഴിയും എന്നു തൊന്നുന്നില്ല. അതു വിധിയാം വണ്ണം ചെയ്യാതെ സദനം മോശമാക്കി. പിന്നീട് അര്‍ജ്ജുനനുമായുള്ള ആട്ട ഭാഗത്തും വിധമുള്ള അലസ ആട്ടങ്ങള്‍ മടുപ്പുളവാക്കി. ഉദാഹരണത്തിന്, “തന്റെ പിതാവായ ഇന്ദ്രനു സുഖമല്ലേ?” എന്ന അര്‍ജ്ജുന ചോദ്യത്തിനുഅതെ. സുഖമാണ്‍” എന്നു കാണിക്കുകയാണ് കളരി ചിട്ട. അതിനു പകരം എന്തു കൊണ്ടാണ് ഇന്ദ്രന്‍ സുഖമായിരിക്കുന്നത് എന്നാണ് മാതലി ആടിയത്. അവിടെ കൃത്യമായ താളവിന്യാസത്തില്‍ അര്‍ജ്ജുന-മാതാലി മുദ്രകള്‍ കാണിക്കുന്നതിലുള്ള ഭംഗി ആവിഷ്ക്കരിക്കുകയാണ് ആചാര്യന്മാര്‍ ചെയ്തിരിക്കുന്നത്. ഇത്രയും കാലം കഥകളി അരങ്ങില്‍ പ്രവര്‍ത്തിച്ച നരിപറ്റയ്ക്കു ഇതൊന്നും അറിയാഞ്ഞിട്ടാണോ? അതോ താന്‍ പ്രമാണിത്തം കാണിച്ചതാണോ? അറിയില്ല. എന്തായാലും മാതലി വേഷത്തിനു താന്‍ സര്‍വഥാ ആയോഗ്യനാണെന്നു നരിപറ്റ തെളിയിച്ചു.

രംഗങ്ങള്‍ അനുഭവ വേദ്യമാക്കിയതു മാടമ്പി സുബ്രമണ്യന്‍ നമ്പൂതിരിയുടെ സംഗീതവും കലാ: ഉണ്ണികൃഷ്ണന്റെ ചെണ്ടയും ഗോപിയാശന്റെ വേഷവും ആണ്. ചിട്ട പ്രധാനമായ കഥകളില്‍ ഇവരുടെ ഒരുമിച്ചുള്ള പ്രവര്‍ത്തി മനോഹരം തന്നെ ആണ്. എല്ലാം ഒന്നിനോട് ഒന്നു ചേര്‍ന്നു പോകുന്ന അവസ്ഥ. കഥകളിയുടെ തൌരിത്രിക ഭംഗി ഏറ്റവും കൂടുതല്‍ ആവിഷ്ക്കരിക്കുന്നത് അവസരങ്ങളിലാണ്.

സാധാരണ സ്വര്‍ഗ്ഗവര്‍ണ്ണന കഴിയുന്നതോടെയാണ്, ആദ്യ അര്‍ജ്ജുനന്‍ പിന്മാറുക. എന്നാല്‍ ഇവിടെ പ്രായാധിക്യവും ശാരീരിക അവശതകളാലും ഗോപിയാശാന്‍ ഇന്ദ്രനായുള്ള രംഗ ശേഷം മാറി. പിന്നീട് സദനം കൃഷ്ണന്‍‌കുട്ടിയാണ് അര്‍ജ്ജുനനായി വന്നത്. ഇന്ദ്രാണിയോടുള്ള പദവും അഷ്ടകലാശവും തരക്കേടില്ലാതെ ചെയ്തുവെങ്കിലുംസ്വര്‍ഗ്ഗവര്‍ണ്ണനമഹാമോശമായി. യാതോരു അടുക്കും ചിട്ടയുമില്ലാതെ വാരി വലിച്ച് ആടി. സ്വര്‍ഗ്ഗം കാണുന്നതിനു പകരം അവിടെയുള്ള ദേവസ്ത്രീകളുടെ പാട്ടും പന്തുകളിയിലും ആയിരുന്നു അര്‍ജ്ജുനനു കൂടുതല്‍ താല്പര്യം. വളരെ കാലമായി കഥകളി കണ്ടു ശീലിച്ച ഒരു ആസ്വാദകന്‍ അതു കഴിഞ്ഞ് ചോദിച്ചത് ഇങ്ങനെ. “അര്‍ജ്ജുനന്‍ കണ്ടത് സ്വര്‍ഗ്ഗമോ അതു പൂരപറമ്പോ?” ധാരാളം കാലം അരങ്ങു പരിചയമുള്ള ഇത്തരം നടന്മാര്‍ യാതൊരു അര്‍പ്പണബോധവും ഇല്ലാതെ അവര്‍ക്കു തോന്നിയതു പോലെ ഇങ്ങനെ ആടുന്നതു കാണുമ്പോള്‍ വിഷമം തോന്നുന്നു. പാശുപതാസ്ത്ര ലബ്ധിയാലും ഇന്ദ്ര സമീപമെത്തി ആദരവു നേടിയതിനാലും ഉടലോടെ സ്വര്‍ഗ്ഗം കാണാന്‍ കഴിഞ്ഞ അര്‍ജ്ജുനന്‍ ഏറ്റവും വീര്യത്തോടും ആദരവോടും സന്തോഷത്തോടും അത്ഭുതത്തോടും സ്വര്‍ഗ്ഗവും അവിടുത്തെ വിശിഷ്ടവസ്തുക്കളും കാണണം. എന്നാല്‍ അവസ്സാനമുള്ള പഞ്ചാരി പന്തുകളിആടുന്നതോടെ അര്‍ജ്ജുനന്റെ എല്ലാ വീര്യവും നഷ്ടമാകുന്നു എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.

സാധാരണ ആടാറില്ലാത്ത വജ്രകേതു വജ്രബാഹു രംഗവും ഇവിടെ അവതരിപ്പിക്കുകയുണ്ടായി. മഹാഭരതത്തില്‍ ഇങ്ങനെ ഒരു സംഭവം ഇല്ല. ഇതു കോട്ടയത്തു തമ്പുരാന്റെ ഒരു കൂട്ടിചേര്‍ക്കള്‍ ആണ്. കഥ മുഴുവനായി ആടുമ്പോള്‍ ആദ്യ അര്‍ജ്ജുനന് പരമാവധി വീര്യത്തോടെ വിടവാങ്ങാനുള്ള ഒരു അവസരം, തുടര്‍ന്നു വരുന്ന ഉര്‍വശി രംഗത്തിനു മുന്‍പു ഒരു ഉണര്‍വ്വ്, കളിക്കിടെകാര്യങ്ങള്‍സാധിക്കാന്‍ പ്രേക്ഷകര്‍ക്ക് ഒരു അവസരം ഇതോക്കെയാവണം കൂട്ടിചേര്‍ക്കലിന്റെ ഉദ്ദേശം.
ശ്രീ പരിയാനമ്പറ്റ ദിവാകരനും കലാ: പ്രദീപും ആണ് ഇവിടെ വേഷത്തെ അവതരിപ്പിച്ചത്. ഒരു താടിയും ഒരു കത്തിയും ആയിട്ടായിരുന്നു അവതരണം.

പിന്നീടുള്ള ഉര്‍വശി കഥകളിയിലെ മികച്ച സ്ത്രീവേഷങ്ങളില്‍ ഒന്നാണ്. “പാണ്ഡവന്റെ രൂപംഎന്നു തുടങ്ങുന്ന പദം അതിലെ ഇരട്ടി എന്നിവ അതി മനോഹരമാണ്. ഭാവത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യം വേഷത്തിനുണ്ട്. ശ്രീ മാര്‍ഗ്ഗി വിജയകുമാര്‍ ആണ് ഇവിടെ ഉര്‍വശിയെ അവതരിപ്പിച്ചത്. ഇന്നു കഥകളി സ്ത്രീവേഷാവതരണക്കാരില്‍ അഗ്രഗണ്യനായ വിജയകുമാറിന്റെ ഉര്‍വശി അവതരണം മനോഹരമായിരുന്നു. ഇന്നു വേഷം ഇത്ര ഉള്ളില്‍ തട്ടുന്ന വിധം അവതരിപ്പിക്കുന്നവര്‍ ചുരുങ്ങും.

കോട്ടക്കല്‍ നാരായണന്റെ സംഗീതവും ഭാഗങ്ങളില്‍ മനോഹരമായ ഒരു അനുഭവം നല്‍കി.
സഖിയായി ശ്രീ ചെമ്പക്കര വിജയനും നന്നായി. പിന്നീടുള്ള അര്‍ജ്ജുന-ഉര്‍വശി രംഗത്തില്‍ , ഉര്‍വശിയുടെസ്‌മരസായകദൂനാംഎന്ന കാംബോജി രാഗത്തിലുള്ള പദം, “വല്ലതെന്നാലും ഇതു തവഎന്ന ദ്വിജാവന്തി രാഗത്തിലുള്ള പദം എന്നിവ അവതരണശൈലികോണ്ടും ആലാപനസുഖം കൊണ്ടും ഏറെ ഹൃദ്യമായി.

പിന്നീടുള്ള അര്‍ജ്ജുന-ഇന്ദ്ര രംഗങ്ങള്‍ കുറച്ച് ദീര്‍ഘമേറിയതാണെങ്കിലും മനോഹരങ്ങളായ പദങ്ങളാലും തോങ്കാരം അടക്കമുള്ള കലാശങ്ങളാലും സമ്പുഷ്ടമാണ്. ഏറെ ഹൃദ്യമായ ഭാഗങ്ങള്‍ കൃഷ്ണന്‍‌കുട്ടിയും ഷണ്മുഖനും ചേര്‍ന്ന് നന്നായി അവതരിപ്പിച്ചു. നാരായണന്റെ സംഗീതവും ഏറെ നന്നായി. കൃഷ്ണദാസിന്റെ ചെണ്ടയും ഇതിലെ വിജയത്തില്‍ എടുത്തി പറയേണ്ട ഒന്നാണ്.

നിവാതകവചനായി (കത്തി) കലാനിലയം ഗോപി രംഗത്തെത്തി. തിരനോട്ടത്തിനു ശേഷം ചെറിയ രീതിയില്‍ ഒരു തന്റേടാട്ടം. പിന്നെ പോരിനുവിളി കേട്ട് പടപുറപ്പാട്. ഇത്രയും ഭാഗം വളരെ മനോഹരമായി ഗോപി അവതരിപ്പിച്ചു.

പിന്നീടുള്ള യുദ്ധരംഗങ്ങള്‍ കൃഷ്ണന്‍‌കുട്ടിയാശാന്‍ ക്ഷീണിതനായതിനാലാവാം വേഗത്തില്‍കഴിച്ചുകൂട്ടി.

പിന്നീട് കാലകേയന്റെ (ചുവന്നതാടി) തിരനോക്ക്. പിന്നലെ ഭീരുവിന്റെയും. പിന്നെ കാലകേയന്റെ തന്റേടാട്ടം. നിവാതകവചന്മാരെ ഒരു മനുഷ്യന്‍ വന്നു വധിച്ച വൃത്താന്തം ഒരു ഭീരു വന്നു പറഞ്ഞ് അറിയുന്നു. കുപിതനായ കാലകേയന്‍ അര്‍ജ്ജുനനെ തേടിപിടിച്ച് യുദ്ധം ചെയ്ത് മായാബലത്താല്‍ കീഴടക്കുന്നു. ഇവിടെ കാലകേയനായി ശ്രീ നെല്ലിയോടും ഭീരുവായി ശ്രീ ശുചീന്ദ്രനും വേഷമിട്ടു.

പിന്നീട് പ്രത്യക്ഷപെട്ടെ നന്ദികേശരന്റെ സഹായത്തോടെ അര്‍ജ്ജുനന്‍ കാലകേയന്മാരെ വധിക്കുന്നു. ഭാരതത്തില്‍ നന്ദികേശരന്‍ ഒന്നും വരുന്നില്ല. നിവാതകവചന്മാരെ വധിച്ച് ശേഷം മടങ്ങുന്ന അര്‍ജ്ജുനന്‍ കാലകേയന്മാരുടെ കോട്ട കാണുകയും അവര്‍ ആരെന്നു തിരക്കുകയും ചെയ്യുന്നു. അതിനു ശേഷം അവരെയും വധിച്ച് സ്വര്‍ഗത്തിലേക്ക് മടങ്ങുന്നു. ഇവിടെ ആവര്‍ത്തന വിരസത ഒഴിവാക്കാനും വെള്ളത്താടി ഉള്‍പെടുത്താനും ആവണം ഇങ്ങനെ കഥ മാറ്റിയത്.

പൊതുവെ വളരെ നല്ലോരു അരങ്ങു തന്നെ ആയിരുന്നു ഇത്. രണ്ട്സദനംആശാന്മാരുടെ വേഷം ഒഴിച്ച് നിര്‍ത്തിയാല്‍ .

12 comments:

ശ്രീകാന്ത് അവണാവ് said...

അരങ്ങ് 09 - നിവാതകവചകാലകേയവധം കഥകളിയുടെ വിവരണം.

ചില സാങ്കേതിക കാരണങ്ങളാല്‍ മുഴുവനായും ചിത്രങ്ങള്‍ പകര്‍ത്താനായില്ല.

nair said...

ശ്രീകാന്ത്,
വളരെ നല്ല ആസ്വാദനം. നരിപ്പറ്റക്കും, കൃഷ്ണൻ കുട്ടിക്കും എന്താണിങ്ങിനെ സംഭവിക്കുന്നന്നത് എന്ന് മനസിലാകുന്നില്ല. (വജ്രകേതു വജ്രബാഹുക്കളോടുള്ള യുദ്ധമല്ലേ സന്താനഗോപാലത്തിലെ അർജജുനന്റെ സ്വർഗ്ഗ വാസികൾക്കു നൽകിയ സുഖവിതരണമായി കണക്കിലെടുക്കേണ്ടത്.)

ചാണക്യന്‍ said...

ആസ്വാദനം നന്നായി.....

haridas said...

aswadanam valare mikachathanu. kali neril kanda pratheethy.thanks 4 the comments. karatharidas.

Rajeeve Chelanat said...

നേരിട്ടു വരാന്‍ കഴിയാതിരുന്നതിലൂള്ള വിഷമം താങ്കaഉം വീശിയുമൊക്കെ തീര്‍ത്തു തന്നതിനു നന്ദി.
അഭിവാദ്യങ്ങളോടെ

Sureshkumar Punjhayil said...

Kali ariyathathukondu, Ashamsakal mathram...!

വികടശിരോമണി said...

നന്നായി,ശ്രീകാന്ത്.
ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്,ശ്രീകാന്തിന്റെ എഴുത്തിന് ഒരു ലളിതമനസ്കനായ കഥകളിപ്രേമിയുടെ സംസാരത്തിന്റെ ഒരു സുഖം ഉണ്ട്.ആ നൈർമ്മല്യം എഴുത്തിൽ ലഭിക്കുന്നത് നല്ല കാര്യമാണ്.മുൻപേതോ പോസ്റ്റിൽ വായിച്ച “പണിയെടുക്കൽ” പോലുള്ള കഥകളിക്കാരുടെ തനാതായ പദസമുച്ചയം ശ്രീകാന്തിന് എളുപ്പം വരുന്നു.ഈ ശൈലി ശ്രീകാന്തിന്റെ ഭാഷക്ക് നല്ല ഒരു ഒതുക്കം നൽകുന്നുണ്ട്.കളയാതെ കാത്തുസൂക്ഷിക്കുക.
കളിയരങ്ങ് നാൾക്കുനാൾ സ്പർദ്ധയുടെ അരങ്ങായി മാറുകയാണോ എന്ന പേടി ശരിക്കും തോന്നുന്നുണ്ട്.ചില ആട്ടങ്ങൾ നിർമ്മിച്ച് വേണ്ടിടത്തും വേണ്ടാത്തിടത്തും കുത്തിത്തിരുകിയാൽ താനെന്തോ വലിയ കാര്യമാണു ചെയ്തത് എന്ന് മുതിർന്ന കലാകാരന്മാർ പോലും കരുതുന്നത് കഷ്ടം തന്നെ.
സത്യം,ഷണ്മുഖൻ മനോഹരമായി ചെയ്തു.ആയാളിൽ നിന്ന് ഞാനിത്രയും അന്നു പ്രതീക്ഷിരുന്നില്ല.മാതലേ നിശമയ ശരിക്കും ഓർമ്മയിൽ സൂക്ഷിക്കാവുന്നത്.“പാർത്ഥൻ വാണീടുന്നു”പോലുള്ള ചില ഭാഗങ്ങളിൽ ഉള്ള അശ്രദ്ധ ഒഴിച്ചാൽ.
മറ്റു പലരേയും കുറിച്ച് ഒന്നും പറയുന്നില്ല,പറയാനില്ലാഞ്ഞല്ല.സമയം പാഴാക്കാനില്ല.
ആശംസകളും അഭിനന്ദനങ്ങളും,ശ്രീകാന്ത്.

ശ്രീകാന്ത് അവണാവ് said...

വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ അറിയിച്ചവര്‍ക്കും നന്ദി.

@ നായര്‍,
ശരിയാണ്. അതും ആലംബമായി എടുക്കാം. പേരുകള്‍ വേറെ എവിടേയും കണ്ടട്ടില്ല.

@ ചാണക്യന്‍ , ഹരിദാസ് , രാജീവ്, സുരേഷ് കുമാര്‍

നന്ദി.

@ വികടശിരോമണി,

അങ്ങിനെ ഒരു പദസമുച്ചയം ഒന്നും എനിക്കില്ല. കുറച്ചുകാലം കളിക്കാര്‍ക്കിടയില്‍ പെരുമാറിയതുകൊണ്ട് അവരുടെ ഒരു ഭാഷ എന്നെ സ്വാധീനിച്ചിട്ടുണ്ടാവാം. :)

VAIDYANATHAN, Chennai said...

ശ്രീ, എനിക്ക് തന്റെ ‘പദങ്ങൾ’ നേരത്തെ തന്നെ ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ അവ കുറച്ച്കൂടി നന്നായി ഇഷ്ടപ്പെട്ടു.വിശദമായി കമെന്റ് എഴുതാം.

Anonymous said...

Good review! You can split it into parts and thus make it more descriptive.

Do find time and do more such reviews in future. We NRK Malayalis find it very useful.

vivek said...

Sreekanth, Good work!!! You have once and again proved to be a good ‘aswadakan’ plus ‘writer’, a good kathakali critic. Though there is always room for improvement, well, am here not to discuss that.
I was also one of the audience who came all the way from Shornur taking time from a busy and short vacation just to meet my friends, who were performing that day. Well, one thing I thought will be worthwhile discussing in this blog who have just been discussing only about performance of artists. Friends, at the end of the day, every kathakali artist returns his home not as indran or arjunan or ravanan, or any other divine character. He is either a poor husband, a poor father or a poor son of a struggling family. Have you all thought about it any time ? Everyone one talks so great about having such a great arangu, but does any one know that kathakali artist is being squeezed to the maximum during this exercise ?. Asans are exception. Lets not talk about Asans (I need not name them) who get what they want. Organisers never dare to compromise with them. They just can’t. I am talking about recent kali that was held here, i came across couple of my friends, second line artists, who never received their promised remuneration. It was a big event (as everyone told BALE BALE !!! Kali nannayi, athinekkalum kemaayi ‘baskhanavum’ !!! ) but for what ? If at the end of the day an artist is still suffering, what are we talking about reinventing our culture and tradition ? When asked what I was told was that though this so called PRAVASI ORGANISATION organized, remuneration was paid by the local club, co-operating with whom they held this kali. Some didn’t receive remuneration at all till now ! Heard this pravasai organisation had HUGE FUNDS which they had collected from NRIs, big businessmen and organizations but why do they hesitate to pay poor artists ? Feel pity to hear this. Not just this,..Last year this NRI organization organized KALI in gulf and these artists had to perform whole of 4 day and nights, non-stop, but remuneration was not in line with what was paid in 2007. Almost 40% less than last year. This year this same organization have been approaching artists for booking, with an advance bail that because of recession, they are organizing 2009 kali with minimum funds, hence they should not expect better remuneration. If then, why are they collecting huge funds in the name of Kerala traditional arts but then hesitate to pay artists ? Don’t we all feel that such exploitation should be stopped ? Or should we just not care about what is happening behind ‘thirasheela’.? Wake up friends….let us not allow such pravasis to FATTEN THEIR WALLET at the cost of our poor artists. They are collecting funds in lakhs in the name of culture and arts and what is paid to artists ? Some mere thousands???? Think about it……Talk about it….. wake up….

ani said...

very gud sreekanth,
ur comments perfectly match with that of an ordinary aswadakan like me.expect more from u
dr.jayasankar